1 ശമൂവേൽ 4:1-11

1 ശമൂവേൽ 4:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ശമൂവേലിന്റെ വചനം എല്ലാ യിസ്രായേലിനും വന്നിട്ട്: യിസ്രായേൽ ഫെലിസ്ത്യരുടെ നേരേ യുദ്ധത്തിനു പുറപ്പെട്ടു, ഏബെൻ-ഏസെരിനരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി. ഫെലിസ്ത്യർ യിസ്രായേലിന്റെ നേരേ അണിനിരന്നു; പട പരന്നപ്പോൾ യിസ്രായേൽ ഫെലിസ്ത്യരോടു തോറ്റുപോയി; സൈന്യത്തിൽ ഏകദേശം നാലായിരം പേരെ അവർ പോർക്കളത്തിൽവച്ചു സംഹരിച്ചു. പടജ്ജനം പാളയത്തിൽ വന്നാറെ യിസ്രായേൽമൂപ്പന്മാർ: ഇന്നു യഹോവ നമ്മെ ഫെലിസ്ത്യരോടു തോല്ക്കുമാറാക്കിയത് എന്ത്? നാം ശീലോവിൽനിന്ന് യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ വരുത്തുക; അതു നമ്മുടെ ഇടയിൽ വന്നാൽ നമ്മെ നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കും എന്നു പറഞ്ഞു. അങ്ങനെ ജനം ശീലോവിലേക്ക് ആളയച്ചു. അവർ കെരൂബുകളുടെ മധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്നു കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു. യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആർപ്പിട്ടു. ഫെലിസ്ത്യർ ആർപ്പിന്റെ ഒച്ച കേട്ടിട്ട്: എബ്രായരുടെ പാളയത്തിൽ ഈ വലിയ ആർപ്പിന്റെ കാരണം എന്ത് എന്ന് അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു. ദൈവം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു ഭയപ്പെട്ടു: നമുക്ക് അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല. നമുക്ക് അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കൈയിൽനിന്നു നമ്മെ ആർ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയിൽ സകലവിധ ബാധകളാലും ബാധിച്ച ദൈവം ഇതു തന്നെ. ഫെലിസ്ത്യരേ, ധൈര്യം പൂണ്ടു പുരുഷത്വം കാണിപ്പിൻ; എബ്രായർ നിങ്ങൾക്കു ദാസന്മാരായിരുന്നതുപോലെ നിങ്ങൾ അവർക്ക് ആകരുത്; പുരുഷത്വം കാണിച്ചു പൊരുതുവിൻ എന്നു പറഞ്ഞു. അങ്ങനെ ഫെലിസ്ത്യർ പട തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്ക് ഓടി; യിസ്രായേലിൽ മുപ്പതിനായിരം കാലാൾ വീണുപോകത്തക്കവണ്ണം ഒരു മഹാസംഹാരം ഉണ്ടായി. ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി.

പങ്ക് വെക്കു
1 ശമൂവേൽ 4 വായിക്കുക

1 ശമൂവേൽ 4:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ശമൂവേലിന്റെ വചനം ഇസ്രായേൽജനം മുഴുവൻ ആദരിച്ചു. ആ കാലത്ത് ഫെലിസ്ത്യർ, ഇസ്രായേല്യർക്കെതിരെ യുദ്ധത്തിനു പുറപ്പെട്ടു. ഇസ്രായേല്യർ അവരെ നേരിടാൻ ഏബെൻ-ഏസെരിലും, ഫെലിസ്ത്യർ അഫേക്കിലും പാളയമടിച്ചു. ഫെലിസ്ത്യർ ഇസ്രായേല്യർക്കെതിരെ അണിനിരന്നു; യുദ്ധത്തിൽ ഇസ്രായേല്യർ ഫെലിസ്ത്യരോടു പരാജയപ്പെട്ടു. പടക്കളത്തിൽ വച്ചുതന്നെ നാലായിരത്തോളം പേരെ ഫെലിസ്ത്യർ സംഹരിച്ചു. ശേഷിച്ചവർ പാളയത്തിൽ തിരിച്ചുവന്നപ്പോൾ ഇസ്രായേലിലെ നേതാക്കന്മാർ പറഞ്ഞു: “ഇന്നു സർവേശ്വരൻ നമ്മെ ഫെലിസ്ത്യരുടെ മുമ്പിൽ പരാജയപ്പെടുത്തിയതെന്ത്? ശീലോവിൽനിന്ന് അവിടുത്തെ ഉടമ്പടിപ്പെട്ടകം നമുക്കു കൊണ്ടുവരാം. അങ്ങനെ അവിടുന്നു നമ്മുടെ മധ്യേ വന്നു ശത്രുക്കളിൽനിന്നു നമ്മെ രക്ഷിക്കും.” അതുകൊണ്ട് അവർ ശീലോവിലേക്ക് ആളയച്ചു; കെരൂബുകളുടെ മധ്യേ സിംഹാസനാരൂഢനായിരിക്കുന്ന സർവശക്തനായ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം അവിടെ കൊണ്ടുവന്നു; പെട്ടകത്തോടൊപ്പം ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഉണ്ടായിരുന്നു. സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഇസ്രായേൽജനം ആർത്തുവിളിച്ചു. അതു ഭൂമിയിലെങ്ങും പ്രതിധ്വനിച്ചു. അവരുടെ ആർപ്പുവിളി ഫെലിസ്ത്യർ കേട്ടു; എബ്രായപാളയത്തിലെ ആർപ്പുവിളിയുടെ കാരണം അവർ അന്വേഷിച്ചു. സർവേശ്വരന്റെ പെട്ടകം പാളയത്തിലെത്തിയെന്നറിഞ്ഞപ്പോൾ അവർ ഭയപ്പെട്ടു. അവർ പറഞ്ഞു: “അവരുടെ ദൈവം പാളയത്തിലെത്തിയിരിക്കുന്നു. നമുക്കു ഹാ കഷ്ടം! ഇതുപോലൊന്ന് ഇതിനു മുമ്പെങ്ങും സംഭവിച്ചിട്ടില്ല.” “നമുക്കു നാശം! അവരുടെ ദേവന്മാരുടെ ശക്തിയിൽനിന്ന് ആർ നമ്മെ രക്ഷിക്കും? മരുഭൂമിയിൽവച്ച് എല്ലാവിധ ബാധകളാലും ഈജിപ്തുകാരെ തകർത്ത ദേവന്മാരാണവർ. അതുകൊണ്ട് ഫെലിസ്ത്യരേ, നിങ്ങൾ ധീരരായിരിക്കുവിൻ; പൗരുഷം കാട്ടുവിൻ; അല്ലെങ്കിൽ എബ്രായർ നമുക്ക് അടിമകളായിരുന്നതുപോലെ നാം അവർക്ക് അടിമകളാകേണ്ടിവരും; അതുകൊണ്ട് പൗരുഷത്തോടെ പൊരുതുവിൻ.” അങ്ങനെ ഫെലിസ്ത്യർ യുദ്ധം ചെയ്തു. ഇസ്രായേല്യർ പരാജയപ്പെട്ട് തങ്ങളുടെ കൂടാരങ്ങളിലേക്കു പലായനം ചെയ്തു. അന്ന് ഒരു വലിയ സംഹാരം നടന്നു; മുപ്പതിനായിരം ഇസ്രായേല്യപടയാളികൾ കൊല്ലപ്പെട്ടു. ദൈവത്തിന്റെ പെട്ടകം ഫെലിസ്ത്യർ പിടിച്ചെടുത്തു; ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു.

പങ്ക് വെക്കു
1 ശമൂവേൽ 4 വായിക്കുക

1 ശമൂവേൽ 4:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ശമൂവേലിന്‍റെ യിസ്രായേൽജനങ്ങളോടുള്ള അരുളപ്പാടുകൾ എല്ലാ യിസ്രായേൽ ജനങ്ങളെയും അറിയിച്ചപ്പോൾ: യിസ്രായേൽ ജനങ്ങൾ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന് പുറപ്പെട്ടു, ഏബെൻ-ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി. ഫെലിസ്ത്യർ യിസ്രായേലിന്‍റെ നേരെ അണിനിരന്നു; യുദ്ധത്തിൽ യിസ്രായേൽ ജനങ്ങൾ ഫെലിസ്ത്യരോട് തോറ്റുപോയി; ഏകദേശം നാലായിരം പേരെ അവർ പോർക്കളത്തിൽവച്ചു സംഹരിച്ചു. പടജ്ജനം പാളയത്തിൽ വന്നപ്പോൾ യിസ്രായേൽമൂപ്പന്മാർ: “ഇന്ന് യഹോവ നമ്മെ ഫെലിസ്ത്യരുടെ മുൻപിൽ പരാജയപ്പെടുത്തിയത് എന്തിന്? നാം ശീലോവിൽനിന്ന് യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ കൊണ്ട് വരിക; നിയമപെട്ടകം നമ്മുടെ ഇടയിൽ വന്നാൽ നമ്മെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിക്കും” എന്നു പറഞ്ഞു. അങ്ങനെ ജനം ശീലോവിലേക്ക് ആളയച്ച്, അവർ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ, സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്ന് കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്‍റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു. യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങത്തക്കവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആർപ്പിട്ടു. ഫെലിസ്ത്യർ ആർപ്പിന്‍റെ ശബ്ദം കേട്ടിട്ടു: “എബ്രായരുടെ പാളയത്തിൽ ഈ വലിയ ആർപ്പിന്‍റെ കാരണം എന്ത്?” എന്നു അന്വേഷിച്ചു. യഹോവയുടെ നിയമപെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്നു തിരിച്ചറിഞ്ഞു. ദൈവം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു. അവർ ഭയപ്പെട്ട് പറഞ്ഞത്: “നമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല. നമുക്കു അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്‍റെ കയ്യിൽനിന്ന് നമ്മെ ആർ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയിൽ പലവിധ ബാധകളാൽ ഞെരുക്കിയ ദൈവം ഇതു തന്നെ. ഫെലിസ്ത്യരേ, ധൈര്യംപൂണ്ട് പൗരുഷം കാണിപ്പിൻ; എബ്രായർ നിങ്ങൾക്ക് ദാസന്മാർ ആയിരുന്നതുപോലെ നിങ്ങൾ അവർക്ക് ആകരുത്; പൗരുഷത്തോടെ യുദ്ധം ചെയ്യുവിൻ” എന്നു പറഞ്ഞു. അങ്ങനെ ഫെലിസ്ത്യർ യുദ്ധം തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു; ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു ഓടി; യിസ്രായേലിൽ മുപ്പതിനായിരം കാലാൾ വീണുപോകത്തക്കവണ്ണം ഒരു മഹാസംഹാരം ഉണ്ടായി. യഹോവയുടെ നിയമപെട്ടകം പിടിക്കപ്പെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു.

പങ്ക് വെക്കു
1 ശമൂവേൽ 4 വായിക്കുക

1 ശമൂവേൽ 4:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ശമൂവേലിന്റെ വചനം എല്ലായിസ്രായേലിന്നും വന്നിട്ടു: യിസ്രായേൽ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന്നു പുറപ്പെട്ടു, ഏബെൻ-ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി, ഫെലിസ്ത്യർ യിസ്രായേലിന്റെ നേരെ അണിനിരന്നു; പട പരന്നപ്പോൾ യിസ്രായേൽ ഫെലിസ്ത്യരോടു തോറ്റുപോയി; സൈന്യത്തിൽ ഏകദേശം നാലായിരംപേരെ അവർ പോർക്കളത്തിൽ വെച്ചു സംഹരിച്ചു. പടജ്ജനം പാളയത്തിൽ വന്നാറെ യിസ്രായേൽമൂപ്പന്മാർ: ഇന്നു യഹോവ നമ്മെ ഫെലിസ്ത്യരോടു തോല്ക്കുമാറാക്കിയതു എന്തു? നാം ശീലോവിൽനിന്നു യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ വരുത്തുക; അതു നമ്മുടെ ഇടയിൽ വന്നാൽ നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കും എന്നു പറഞ്ഞു. അങ്ങനെ ജനം ശീലോവിലേക്കു ആളയച്ചു, അവർ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്നു കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു. യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആർപ്പിട്ടു. ഫെലിസ്ത്യർ ആർപ്പിന്റെ ഒച്ച കേട്ടിട്ടു: എബ്രായരുടെ പാളയത്തിൽ ഈ വലിയ ആർപ്പിന്റെ കാരണം എന്തു എന്നു അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു. ദൈവം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു ഭയപ്പെട്ടു: നമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല. നമുക്കു അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കയ്യിൽനിന്നു നമ്മെ ആർ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയിൽ സകലവിധബാധകളാലും ബാധിച്ച ദൈവം ഇതു തന്നേ. ഫെലിസ്ത്യരേ, ധൈര്യം പൂണ്ടു പുരുഷത്വം കാണിപ്പിൻ; എബ്രായർ നിങ്ങൾക്കു ദാസന്മാരായിരുന്നതുപോലെ നിങ്ങൾ അവർക്കു ആകരുതു; പുരുഷത്വം കാണിച്ചു പൊരുതുവിൻ എന്നു പറഞ്ഞു. അങ്ങനെ ഫെലിസ്ത്യർ പട തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു ഓടി; യിസ്രായേലിൽ മുപ്പതിനായിരം കാലാൾ വീണുപോകത്തക്കവണ്ണം ഒരു മഹാ സംഹാരം ഉണ്ടായി. ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടു പോയി.

പങ്ക് വെക്കു
1 ശമൂവേൽ 4 വായിക്കുക

1 ശമൂവേൽ 4:1-11 സമകാലിക മലയാളവിവർത്തനം (MCV)

ശമുവേലിന്റെ വാക്കുകൾ സകല ഇസ്രായേൽദേശത്തും പ്രചരിച്ചു. അങ്ങനെയിരിക്കെ, ഇസ്രായേല്യർ ഫെലിസ്ത്യരുമായി യുദ്ധത്തിനു പുറപ്പെട്ടു. ഇസ്രായേല്യരുടെ സൈന്യം ഏബെൻ-ഏസെരിലും ഫെലിസ്ത്യസൈന്യം അഫേക്കിലും പാളയമിറങ്ങി. ഇസ്രായേലിനെ നേരിടാൻ ഫെലിസ്ത്യർ തങ്ങളുടെ സൈന്യത്തെ അണിനിരത്തി. യുദ്ധം മുറുകി; ഇസ്രായേൽ ഫെലിസ്ത്യരോടു തോറ്റു. അവർ പടക്കളത്തിൽവെച്ചുതന്നെ ഏകദേശം നാലായിരം ഇസ്രായേല്യയോദ്ധാക്കളെ വധിച്ചു. പടയാളികൾ പാളയത്തിലേക്കു മടങ്ങിവന്നപ്പോൾ ഇസ്രായേല്യ ഗോത്രത്തലവന്മാർ ചോദിച്ചു: “യഹോവ ഇന്ന് ഫെലിസ്ത്യരുടെമുമ്പിൽ നമുക്കു പരാജയം വരുത്തിയത് എന്തുകൊണ്ട്? നമുക്ക് ശീലോവിൽനിന്ന് യഹോവയുടെ ഉടമ്പടിയുടെ പേടകം കൊണ്ടുവരാം; അതു നമ്മുടെ മധ്യേ പാളയത്തിലുള്ളപ്പോൾ അവിടന്ന് നമ്മെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കും.” അങ്ങനെ ജനം ശീലോവിലേക്ക് പടയാളികളെ അയച്ചു; കെരൂബുകളുടെ മധ്യേ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയുടെ ഉടമ്പടിയുടെ പേടകം അവർ കൊണ്ടുവന്നു. ദൈവത്തിന്റെ ഉടമ്പടിയുടെ പേടകത്തോടൊപ്പം ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഉണ്ടായിരുന്നു. യഹോവയുടെ ഉടമ്പടിയുടെ പേടകം പാളയത്തിലെത്തിയപ്പോൾ ഇസ്രായേല്യരെല്ലാം ഭൂമി കുലുങ്ങുമാറ് ഉച്ചത്തിൽ ആർത്തുവിളിച്ചു. ഈ ആർപ്പുവിളിയുടെ ഘോഷം കേട്ടിട്ട്, “എബ്രായരുടെ പാളയത്തിൽ ഈ ആരവമെന്ത്?” എന്നു ഫെലിസ്ത്യർ അന്വേഷിച്ചു. യഹോവയുടെ പേടകം ഇസ്രായേല്യരുടെ പാളയത്തിലെത്തി എന്നറിഞ്ഞപ്പോൾ ഫെലിസ്ത്യർ ഭയന്നുവിറച്ചു. “ഒരു ദേവൻ പാളയത്തിലെത്തിയിരിക്കുന്നു,” അവർ പറഞ്ഞു. “നാം മഹാകഷ്ടത്തിലായിരിക്കുന്നു. മുമ്പൊരിക്കലും ഇതുപോലെ സംഭവിച്ചിട്ടില്ല. നമുക്ക് അയ്യോ കഷ്ടം! ഈ ശക്തിയുള്ള ദൈവത്തിന്റെ കൈയിൽനിന്നു നമ്മെ ആർ വിടുവിക്കും? മരുഭൂമിയിൽവെച്ച് സകലവിധ മഹാമാരികളാലും ഈജിപ്റ്റുകാരെ തകർത്ത ദൈവം ഇതുതന്നെ. ഫെലിസ്ത്യരേ, ധീരരായിരിക്കുക! പൗരുഷം കാണിക്കുക. അല്ലെങ്കിൽ അവർ നിങ്ങൾക്ക് അടിമകളായിരുന്നതുപോലെ, നിങ്ങൾ എബ്രായർക്ക് അടിമകളായിത്തീരും. അതിനാൽ പൗരുഷം കാണിച്ചു പൊരുതുക!” അങ്ങനെ ഫെലിസ്ത്യർ പൊരുതി; ഇസ്രായേല്യർ പരാജിതരായി ഓരോരുത്തനും അവരവരുടെ കൂടാരത്തിലേക്കു പലായനംചെയ്തു. അന്നു നടന്ന കൂട്ടക്കുരുതി ഭയാനകമായിരുന്നു. ഇസ്രായേല്യർക്ക് തങ്ങളുടെ കാലാൾപ്പടയിൽ മുപ്പതിനായിരംപേർ നഷ്ടമായി. ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ഫെലിസ്ത്യർ പിടിച്ചെടുത്തു. ഏലിയുടെ രണ്ടു മക്കൾ, ഹൊഫ്നിയും ഫീനെഹാസും, വധിക്കപ്പെട്ടു.

പങ്ക് വെക്കു
1 ശമൂവേൽ 4 വായിക്കുക