1 ശമു. 4
4
യഹോവയുടെ നിയമപെട്ടകം പിടിച്ചെടുക്കുന്നു
1ശമൂവേലിന്‍റെ യിസ്രായേൽജനങ്ങളോടുള്ള അരുളപ്പാടുകൾ എല്ലാ യിസ്രായേൽ ജനങ്ങളെയും അറിയിച്ചപ്പോൾ: യിസ്രായേൽ ജനങ്ങൾ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന് പുറപ്പെട്ടു, ഏബെൻ-ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി. 2ഫെലിസ്ത്യർ യിസ്രായേലിന്‍റെ നേരെ അണിനിരന്നു; യുദ്ധത്തിൽ യിസ്രായേൽ ജനങ്ങൾ ഫെലിസ്ത്യരോട് തോറ്റുപോയി; ഏകദേശം നാലായിരം പേരെ അവർ പോർക്കളത്തിൽവച്ചു സംഹരിച്ചു. 3പടജ്ജനം പാളയത്തിൽ വന്നപ്പോൾ യിസ്രായേൽമൂപ്പന്മാർ: “ഇന്ന് യഹോവ നമ്മെ ഫെലിസ്ത്യരുടെ മുൻപിൽ പരാജയപ്പെടുത്തിയത് എന്തിന്? നാം ശീലോവിൽനിന്ന് യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ കൊണ്ട് വരിക; നിയമപെട്ടകം#4:3 നിയമപെട്ടകം യഹോവ നമ്മുടെ ഇടയിൽ വന്നാൽ നമ്മെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിക്കും” എന്നു പറഞ്ഞു.
4അങ്ങനെ ജനം ശീലോവിലേക്ക് ആളയച്ച്, അവർ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ, സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്ന് കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്‍റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു. 5യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങത്തക്കവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആർപ്പിട്ടു#4:5 ആർപ്പ് - ഉച്ചത്തിൽ അലറുക.
6ഫെലിസ്ത്യർ ആർപ്പിന്‍റെ ശബ്ദം കേട്ടിട്ടു: “എബ്രായരുടെ പാളയത്തിൽ ഈ വലിയ ആർപ്പിന്‍റെ കാരണം എന്ത്?” എന്നു അന്വേഷിച്ചു. യഹോവയുടെ നിയമപെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്നു തിരിച്ചറിഞ്ഞു. 7ദൈവം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു. അവർ ഭയപ്പെട്ട് പറഞ്ഞത്: “നമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല. 8നമുക്കു അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്‍റെ കയ്യിൽനിന്ന് നമ്മെ ആർ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയിൽ പലവിധ ബാധകളാൽ ഞെരുക്കിയ ദൈവം ഇതു തന്നെ. 9ഫെലിസ്ത്യരേ, ധൈര്യംപൂണ്ട് പൗരുഷം കാണിപ്പിൻ; എബ്രായർ നിങ്ങൾക്ക് ദാസന്മാർ ആയിരുന്നതുപോലെ നിങ്ങൾ അവർക്ക് ആകരുത്; പൗരുഷത്തോടെ യുദ്ധം ചെയ്യുവിൻ” എന്നു പറഞ്ഞു.
10അങ്ങനെ ഫെലിസ്ത്യർ യുദ്ധം തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു; ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു ഓടി; യിസ്രായേലിൽ മുപ്പതിനായിരം കാലാൾ#4:10 കാലാൾ - നിലത്തുനിന്ന് യുദ്ധം ചെയ്യുന്ന സൈന്യം വീണുപോകത്തക്കവണ്ണം ഒരു മഹാസംഹാരം ഉണ്ടായി. 11യഹോവയുടെ നിയമപെട്ടകം പിടിക്കപ്പെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു.
ഏലിയുടെ മരണം
12യുദ്ധക്കളത്തിൽ നിന്ന് ഒരു ബെന്യാമീൻ ഗോത്രക്കാരൻ വസ്ത്രം കീറിയും തലയിൽ മണ്ണ് വാരിയിട്ടുംകൊണ്ട് ഓടി. അയാൾ അന്നുതന്നെ ശീലോവിൽ വന്നു. 13അവൻ വരുമ്പോൾ ഏലി നോക്കിക്കൊണ്ട് വഴിയരികെ തന്‍റെ പീഠത്തിൽ ഇരിക്കയായിരുന്നു; യഹോവയുടെ നിയമപെട്ടകത്തെക്കുറിച്ച് അവന്‍റെ ഹൃദയം വ്യസനിച്ചിരുന്നു; ആ മനുഷ്യൻ പട്ടണത്തിൽ എത്തി ഈ വാർത്ത പറഞ്ഞപ്പോൾ പട്ടണത്തിലെല്ലാവരും ഭയന്നു നിലവിളിച്ചു. 14ഏലി നിലവിളികേട്ടപ്പോൾ “ഈ ആരവം എന്ത്?” എന്നു ചോദിച്ചു.
ആ മനുഷ്യൻ തിടുക്കത്തോടെ വന്ന് ഏലിയോടും അറിയിച്ചു. 15ഏലി തൊണ്ണൂറ്റെട്ട് വയസ്സുള്ളവനും കാണുവാൻ കഴിയാതവണ്ണം കണ്ണ് മങ്ങിയവനും ആയിരുന്നു. 16ആ മനുഷ്യൻ ഏലിയോട്: “ഞാൻ ഇപ്പോൾ യുദ്ധക്കളത്തിൽനിന്ന് ഓടിവന്നവൻ ആകുന്നു” എന്നു പറഞ്ഞു.
“വാർത്ത എന്താകുന്നു, മകനേ?” എന്നു അവൻ ചോദിച്ചു.
17അതിന് ആ സന്ദേശവാഹകൻ: “യിസ്രായേൽ ഫെലിസ്ത്യരുടെ മുമ്പിൽ തോറ്റോടി; ജനത്തിൽ ഒരു മഹാസംഹാരം ഉണ്ടായി; നിന്‍റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു; ദൈവത്തിന്‍റെ പെട്ടകവും പിടിക്കപ്പെട്ടു” എന്നു പറഞ്ഞു.
18ദൈവത്തിന്‍റെ നിയമപെട്ടകത്തിന്‍റെ കാര്യം അറിഞ്ഞപ്പോൾ ഏലി പടിവാതില്ക്കൽ, പീഠത്തിൽനിന്ന് പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവൻ വൃദ്ധനും ഭാരമുള്ളവനും ആയിരുന്നു. അവൻ നാല്പത് വർഷം യിസ്രായേലിനു ന്യായപാലനം ചെയ്തു.
ഫീനെഹാസിന്‍റെ ഭാര്യയുടെ മരണം
19എന്നാൽ അവന്‍റെ മരുമകൾ ഫീനെഹാസിന്‍റെ ഭാര്യ പ്രസവം അടുത്ത ഗർഭിണിയായിരുന്നു; ദൈവത്തിന്‍റെ നിയമപെട്ടകം പിടിക്കപ്പെട്ടതും അമ്മാവിയപ്പനും ഭർത്താവും മരിച്ചതും കേട്ടപ്പോൾ അവൾക്ക് പ്രസവവേദന തുടങ്ങി; അവൾ നിലത്ത് വീണ് പ്രസവിച്ചു. 20അവൾ മരിക്കാറായപ്പോൾ അരികെ നിന്ന സ്ത്രീകൾ അവളോട്: “ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ” എന്നു പറഞ്ഞു. എന്നാൽ അവൾ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.
21ദൈവത്തിന്‍റെ നിയമപെട്ടകം പിടിക്കപ്പെട്ടതുകൊണ്ടും അമ്മാവിയപ്പനെയും ഭർത്താവിനെയും ഓർത്തിട്ടും: “മഹത്വം യിസ്രായേലിൽ നിന്ന് പൊയ്പോയി” എന്നു പറഞ്ഞ് അവൾ കുഞ്ഞിന് ഈഖാബോദ്#4:21 ഈഖാബോദ് മഹത്വം എവിടെ എന്നു പേർ ഇട്ടു. 22ദൈവത്തിന്‍റെ നിയമപെട്ടകം പിടിക്കപ്പെട്ടതുകൊണ്ട് “മഹത്വം യിസ്രായേലിൽ നിന്നു പൊയ്പോയി” എന്നു അവൾ പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 ശമു. 4: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.