1 ശമൂവേൽ 30:21-26
1 ശമൂവേൽ 30:21-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദിനോടുകൂടെ പോകുവാൻ കഴിയാതവണ്ണം ക്ഷീണിച്ചിട്ട് ബെസോർതോട്ടിങ്കൽ താമസിപ്പിച്ചിരുന്ന ഇരുനൂറു പേരുടെ അടുക്കൽ ദാവീദ് എത്തിയപ്പോൾ അവർ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റു ചെന്നു; ദാവീദ് ജനത്തിന്റെ സമീപത്തു വന്ന് അവരോടു കുശലം ചോദിച്ചു. എന്നാൽ ദാവീദിനോടു കൂടെ പോയിരുന്നവരിൽ ദുഷ്ടരും നീചരുമായ ഏവരും: ഇവർ നമ്മോടുകൂടെ പോരാഞ്ഞതിനാൽ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയിൽ ഓരോരുത്തന്റെ ഭാര്യയെയും മക്കളെയും ഒഴികെ അവർക്ക് ഒന്നും കൊടുക്കരുത്, അവരെ അവർ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ എന്നു പറഞ്ഞു. അപ്പോൾ ദാവീദ്: എന്റെ സഹോദരന്മാരേ, നമ്മെ രക്ഷിക്കയും നമ്മുടെ നേരേ വന്നിരുന്ന പരിഷയെ നമ്മുടെ കൈയിൽ ഏല്പിക്കയും ചെയ്ത യഹോവ നമുക്കു തന്നിട്ടുള്ളതിനെക്കൊണ്ട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്. ഈ കാര്യത്തിൽ നിങ്ങളുടെ വാക്ക് ആർ സമ്മതിക്കും? യുദ്ധത്തിനു പോകുന്നവന്റെ ഓഹരിയും സാമാനങ്ങൾക്കരികെ താമസിക്കുന്നവന്റെ ഓഹരിയും ഒരുപോലെ ആയിരിക്കേണം; അവർ സമാംശമായി ഭാഗിച്ചെടുക്കേണം എന്നു പറഞ്ഞു. അന്നുമുതൽ കാര്യം അങ്ങനെതന്നെ നടപ്പായി; അവൻ അതു യിസ്രായേലിന് ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി. ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാർക്കു കൊള്ളയിൽ ഒരംശം കൊടുത്തയച്ചു: ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്ന് നിങ്ങൾക്ക് ഒരു സമ്മാനം എന്നു പറഞ്ഞു.
1 ശമൂവേൽ 30:21-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്റെ കൂടെ പോരാൻ സാധിക്കാതെ ക്ഷീണിച്ചവശരായി ബെസോർഅരുവിയുടെ തീരത്ത് താമസിച്ചിരുന്ന ഇരുനൂറു പേരുടെ അടുക്കൽ ദാവീദു മടങ്ങിച്ചെന്നു. അവർ അദ്ദേഹത്തെയും കൂടെയുള്ളവരെയും എതിരേല്‌ക്കാൻ അടുത്തുചെന്നു. ദാവീദ് മുമ്പോട്ടു ചെന്ന് അവരെ അഭിവാദനം ചെയ്തു. ദാവീദിന്റെ കൂടെ പോയിരുന്നവരിൽ നീചരും ദുഷ്ടരുമായവർ പറഞ്ഞു; “അവർ നമ്മുടെ കൂടെ പോരാതിരുന്നതിനാൽ കൊള്ളവസ്തുക്കളിൽ ഒന്നും അവർക്കു കൊടുക്കരുത്; അവർ തങ്ങളുടെ ഭാര്യമാരെയും മക്കളെയും മാത്രം കൂട്ടിക്കൊണ്ടു പൊയ്‍ക്കൊള്ളട്ടെ.” എന്നാൽ ദാവീദു പറഞ്ഞു: “എന്റെ സഹോദരന്മാരേ അങ്ങനെ ചെയ്യരുത്. കൊള്ളക്കാരായ നമ്മുടെ ശത്രുക്കളിൽനിന്നു നമ്മെ രക്ഷിച്ച് അവരെ നമ്മുടെ കൈയിലേല്പിച്ച സർവേശ്വരനാണ് അവയെല്ലാം നമുക്കു നല്‌കിയിരിക്കുന്നത്; നിങ്ങൾ പറയുന്നതിനോടു യോജിക്കാൻ ആർക്കു സാധിക്കും; യുദ്ധത്തിനു പോയവർക്കും സാധനസാമഗ്രികൾ സൂക്ഷിച്ചവർക്കും ഓഹരി ഒരുപോലെ ആയിരിക്കണം. “ദാവീദിന്റെ ഈ വാക്കുകൾ അന്നുമുതൽ ഇന്നുവരെ ഇസ്രായേലിൽ ഒരു ചട്ടവും നിയമവും ആയിത്തീർന്നു. ദാവീദ് സിക്ലാഗിൽ തിരിച്ചെത്തിയപ്പോൾ യെഹൂദ്യയിലെ തന്റെ സ്നേഹിതരായ ജനപ്രമാണികൾക്കു കൊള്ളവസ്തുക്കളിൽ ഒരു ഭാഗം കൊടുത്തയച്ചു. ‘സർവേശ്വരന്റെ ശത്രുക്കളെ കൊള്ളയടിച്ചതിൽനിന്ന് ഇതാ ഒരു സമ്മാനം’ എന്നു പറഞ്ഞയച്ചു.
1 ശമൂവേൽ 30:21-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാവീദിനോടുകൂടെ പോകുവാൻ കഴിയാതെ ക്ഷീണിച്ച് ബെസോർതോട്ടിൽ താമസിപ്പിച്ചിരുന്ന ഇരുനൂറുപേരുടെ അടുക്കൽ ദാവീദ് എത്തിയപ്പോൾ അവർ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റ് ചെന്നു; ദാവീദ് ജനത്തിന്‍റെ സമീപത്ത് വന്ന് അവരോട് കുശലം ചോദിച്ചു. എന്നാൽ ദാവീദിനോടുകൂടെ പോയിരുന്നവരിൽ ദുഷ്ടരും നീചരുമായ ഏവരും: “ഇവർ നമ്മോടുകൂടെ പോരാഞ്ഞതിനാൽ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയിൽ ഓരോരുത്തന്റെ ഭാര്യയെയും മക്കളെയും ഒഴികെ അവർക്ക് ഒന്നും കൊടുക്കരുത്, അവരെ അവർ കൂട്ടിക്കൊണ്ട് പൊയ്ക്കൊള്ളട്ടെ” എന്നു പറഞ്ഞു. അപ്പോൾ ദാവീദ്: “എന്റെ സഹോദരന്മാരേ; നമ്മെ രക്ഷിക്കുകയും നമ്മുടെനേരെ വന്ന കൂട്ടത്തെ നമ്മുടെ കയ്യിൽ ഏല്പിക്കുകയും ചെയ്ത യഹോവ നമുക്ക് തന്നിട്ടുള്ളതിനെക്കൊണ്ട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്. ഈ കാര്യത്തിൽ നിങ്ങളുടെ വാക്ക് ആർ സമ്മതിക്കും? യുദ്ധത്തിന് പോകുന്നവന്‍റെ ഓഹരിയും സാധനങ്ങൾക്കരികെ താമസിക്കുന്നവന്‍റെ ഓഹരിയും ഒരുപോലെ ആയിരിക്കേണം; അവർ സമാംശമായി ഭാഗിച്ചെടുക്കേണം” എന്നു പറഞ്ഞു. അന്നുമുതൽ കാര്യം അങ്ങനെ തന്നെ നടന്നു; അവൻ അത് യിസ്രായേലിനു ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി. ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്‍റെ സ്നേഹിതന്മാർക്ക് കൊള്ളയിൽ ഒരംശം കൊടുത്തയച്ച്: “ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്ന് നിങ്ങൾക്ക് ഒരു സമ്മാനം” എന്നു പറഞ്ഞു.
1 ശമൂവേൽ 30:21-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാവീദിനോടുകൂടെ പോകുവാൻ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ബെസോർതോട്ടിങ്കൽ താമസിപ്പിച്ചിരുന്ന ഇരുനൂറുപേരുടെ അടുക്കൽ ദാവീദ് എത്തിയപ്പോൾ അവർ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റു ചെന്നു; ദാവീദ് ജനത്തിന്റെ സമീപത്തു വന്നു അവരോടു കുശലം ചോദിച്ചു. എന്നാൽ ദാവീദിനോടു കൂടെ പോയിരുന്നവരിൽ ദുഷ്ടരും നീചരുമായ ഏവരും: ഇവർ നമ്മോടുകൂടെ പോരാഞ്ഞതിനാൽ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയിൽ ഓരോരുത്തന്റെ ഭാര്യയെയും മക്കളെയും ഒഴികെ അവർക്കു ഒന്നും കൊടുക്കരുതു, അവരെ അവർ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ എന്നു പറഞ്ഞു. അപ്പോൾ ദാവീദ്: എന്റെ സഹോദരന്മാരേ; നമ്മെ രക്ഷിക്കയും നമ്മുടെ നേരെ വന്നിരുന്ന പരിഷയെ നമ്മുടെ കയ്യിൽ ഏല്പിക്കയും ചെയ്ത യഹോവ നമുക്കു തന്നിട്ടുള്ളതിനെക്കൊണ്ടു നിങ്ങൾ ഇങ്ങനെ ചെയ്യരുതു. ഈ കാര്യത്തിൽ നിങ്ങളുടെ വാക്കു ആർ സമ്മതിക്കും? യുദ്ധത്തിന്നു പോകുന്നവന്റെ ഓഹരിയും സാമാനങ്ങൾക്കരികെ താമസിക്കുന്നവന്റെ ഓഹരിയും ഒരുപോലെ ആയിരിക്കേണം; അവർ സമാംശമായി ഭാഗിച്ചെടുക്കേണം എന്നു പറഞ്ഞു. അന്നുമുതൽ കാര്യം അങ്ങനെ തന്നേ നടപ്പായി; അവൻ അതു യിസ്രായേലിന്നു ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി. ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാർക്കു കൊള്ളയിൽ ഒരംശം കൊടുത്തയച്ചു: ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്നു നിങ്ങൾക്കു ഒരു സമ്മാനം എന്നു പറഞ്ഞു.
1 ശമൂവേൽ 30:21-26 സമകാലിക മലയാളവിവർത്തനം (MCV)
ദാവീദിനെ അനുഗമിക്കാൻ കഴിയാത്തവിധം പരിക്ഷീണരായി പിന്നിൽ ബസോർ മലയിടുക്കിൽ തങ്ങിയിരുന്ന ഇരുനൂറുപേരുടെ അടുത്ത് അദ്ദേഹമെത്തി. ദാവീദിനെയും കൂടെയുള്ളവരെയും സ്വീകരിക്കുന്നതിനായി അവർ ഓടിയിറങ്ങിവന്നു. ദാവീദും കൂട്ടരും അടുത്തുവന്നപ്പോൾ അദ്ദേഹം അവരെ അഭിവാദനംചെയ്തു. എന്നാൽ ദാവീദിന്റെ അനുയായികളിൽ ദുഷ്ടന്മാരും നീചരുമായവർ: “അവർ നമ്മോടുകൂടെ വരാതിരുന്നതിനാൽ നാം കൊണ്ടുവന്ന കൊള്ളയുടെ ഓഹരി അവർക്കു കൊടുത്തുകൂടാ. എന്നാൽ അവർ തങ്ങളുടെ ഭാര്യമാരെയും മക്കളെയും കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ!” എന്നു പറഞ്ഞു. ദാവീദ് അതിനു മറുപടി പറഞ്ഞു: “എന്റെ സഹോദരന്മാരേ, അങ്ങനെ അരുത്. യഹോവ നമുക്കു നൽകിയിരിക്കുന്ന വകകൾകൊണ്ട് നിങ്ങൾ അപ്രകാരം ചെയ്യരുത്. നമുക്കെതിരേ വന്ന സൈന്യങ്ങളിൽനിന്ന് അവൻ നമ്മെ രക്ഷിച്ചു; അവരെ നമ്മുടെ കൈയിൽ ഏൽപ്പിച്ചുതന്നു. നിങ്ങൾ ഈ പറയുന്ന വാക്കുകൾ ആർ ചെവിക്കൊള്ളും? യുദ്ധത്തിനു പോകുന്നവന്റെയും സാധനസാമഗ്രികളുടെ അടുത്തിരിക്കുന്നവന്റെയും ഓഹരി തുല്യമായിരിക്കണം. എല്ലാവരും തുല്യമായി വീതംവെച്ചെടുക്കണം.” അന്നുമുതൽ ഇന്നുവരെയും ദാവീദ് ഇതിനെ ഇസ്രായേലിന് ഒരു ചട്ടവും നിയമവും ആക്കിത്തീർത്തു. ദാവീദ് സിക്ലാഗിൽ എത്തിയപ്പോൾ കൊള്ളയിൽ ഒരംശം തന്റെ സ്നേഹിതന്മാരായ യെഹൂദനേതാക്കന്മാർക്കു കൊടുത്തയച്ചു. “യഹോവയുടെ ശത്രുക്കളെ കൊള്ളചെയ്തതിൽനിന്ന് ഇതാ നിങ്ങൾക്കൊരു സമ്മാനം,” എന്നു പറയിക്കുകയും ചെയ്തു.