1 SAMUELA 30:21-26

1 SAMUELA 30:21-26 MALCLBSI

തന്റെ കൂടെ പോരാൻ സാധിക്കാതെ ക്ഷീണിച്ചവശരായി ബെസോർഅരുവിയുടെ തീരത്ത് താമസിച്ചിരുന്ന ഇരുനൂറു പേരുടെ അടുക്കൽ ദാവീദു മടങ്ങിച്ചെന്നു. അവർ അദ്ദേഹത്തെയും കൂടെയുള്ളവരെയും എതിരേല്‌ക്കാൻ അടുത്തുചെന്നു. ദാവീദ് മുമ്പോട്ടു ചെന്ന് അവരെ അഭിവാദനം ചെയ്തു. ദാവീദിന്റെ കൂടെ പോയിരുന്നവരിൽ നീചരും ദുഷ്ടരുമായവർ പറഞ്ഞു; “അവർ നമ്മുടെ കൂടെ പോരാതിരുന്നതിനാൽ കൊള്ളവസ്തുക്കളിൽ ഒന്നും അവർക്കു കൊടുക്കരുത്; അവർ തങ്ങളുടെ ഭാര്യമാരെയും മക്കളെയും മാത്രം കൂട്ടിക്കൊണ്ടു പൊയ്‍ക്കൊള്ളട്ടെ.” എന്നാൽ ദാവീദു പറഞ്ഞു: “എന്റെ സഹോദരന്മാരേ അങ്ങനെ ചെയ്യരുത്. കൊള്ളക്കാരായ നമ്മുടെ ശത്രുക്കളിൽനിന്നു നമ്മെ രക്ഷിച്ച് അവരെ നമ്മുടെ കൈയിലേല്പിച്ച സർവേശ്വരനാണ് അവയെല്ലാം നമുക്കു നല്‌കിയിരിക്കുന്നത്; നിങ്ങൾ പറയുന്നതിനോടു യോജിക്കാൻ ആർക്കു സാധിക്കും; യുദ്ധത്തിനു പോയവർക്കും സാധനസാമഗ്രികൾ സൂക്ഷിച്ചവർക്കും ഓഹരി ഒരുപോലെ ആയിരിക്കണം. “ദാവീദിന്റെ ഈ വാക്കുകൾ അന്നുമുതൽ ഇന്നുവരെ ഇസ്രായേലിൽ ഒരു ചട്ടവും നിയമവും ആയിത്തീർന്നു. ദാവീദ് സിക്ലാഗിൽ തിരിച്ചെത്തിയപ്പോൾ യെഹൂദ്യയിലെ തന്റെ സ്നേഹിതരായ ജനപ്രമാണികൾക്കു കൊള്ളവസ്തുക്കളിൽ ഒരു ഭാഗം കൊടുത്തയച്ചു. ‘സർവേശ്വരന്റെ ശത്രുക്കളെ കൊള്ളയടിച്ചതിൽനിന്ന് ഇതാ ഒരു സമ്മാനം’ എന്നു പറഞ്ഞയച്ചു.

1 SAMUELA 30 വായിക്കുക