1 ശമൂവേൽ 30:1-20

1 ശമൂവേൽ 30:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദാവീദും അവന്റെ ആളുകളും മൂന്നാം ദിവസം സിക്ലാഗിൽ എത്തിയപ്പോൾ അമാലേക്യർ തെക്കേദേശവും സിക്ലാഗും ആക്രമിച്ച് സിക്ലാഗിനെ ജയിച്ച് അതിനെ തീവച്ചു ചുട്ടുകളഞ്ഞിരുന്നു. അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു തങ്ങളുടെ വഴിക്കു പോയതല്ലാതെ ആരെയും കൊന്നില്ല. ദാവീദും അവന്റെ ആളുകളും പട്ടണത്തിലേക്കു വന്നപ്പോൾ അതു തീവച്ചു ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു. അപ്പോൾ ദാവീദും കൂടെയുള്ള ജനവും കരവാൻ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു. യിസ്രെയേൽക്കാരത്തി അഹീനോവം, കർമ്മേൽക്കാരൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ ദാവീദിന്റെ രണ്ടു ഭാര്യമാരെയും അവർ പിടിച്ചു കൊണ്ടുപോയിരുന്നു. ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തിൽ ഓരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ട് അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു. ദാവീദ് അഹീമേലെക്കിന്റെ മകനായ അബ്യാഥാർ പുരോഹിതനോട്: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. അബ്യാഥാർ ഏഫോദ് ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാറെ ദാവീദ് യഹോവയോട്: ഞാൻ ഈ പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്ന് അരുളപ്പാടുണ്ടായി. അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറു പേരും പുറപ്പെട്ട് ബെസോർതോട്ടിങ്കൽ എത്തി; ശേഷമുള്ളവർ അവിടെ താമസിച്ചു. ബെസോർതോടു കടപ്പാൻ കഴിയാതവണ്ണം ക്ഷീണിച്ചിട്ട് ഇരുനൂറു പേർ പുറകിൽ താമസിച്ചതുകൊണ്ട് ദാവീദും നാനൂറു പേരും പിന്തുടർന്നുചെന്നു. അവർ വയലിൽവച്ച് ഒരു മിസ്രയീമ്യനെ കണ്ട് ദാവീദിന്റെ അടുക്കൽ കൊണ്ടുചെന്നു: അവന് അപ്പം കൊടുത്തു അവൻ തിന്നു; അവനു കുടിപ്പാൻ വെള്ളവും കൊടുത്തു. അവർ അവന് ഒരു കഷണം അത്തിയടയും രണ്ട് ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോൾ അവന് ഉയിർ വീണു; മൂന്നു രാവും മൂന്നു പകലും അവൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു. ദാവീദ് അവനോട്: നീ ആരുടെ ആൾ? എവിടത്തുകാരൻ എന്നു ചോദിച്ചതിന് അവൻ: ഞാൻ ഒരു മിസ്രയീമ്യബാല്യക്കാരൻ; ഒരു അമാലേക്യന്റെ ഭൃത്യൻ. മൂന്നു ദിവസം മുമ്പേ എനിക്കു ദീനം പിടിച്ചതുകൊണ്ട് എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു. ഞങ്ങൾ ക്രേത്യരുടെ തെക്കേനാടും യെഹൂദ്യദേശവും കാലേബിന്റെ തെക്കേ ദിക്കും ആക്രമിച്ചു; സിക്ലാഗ് ഞങ്ങൾ തീവച്ചു ചുട്ടുകളഞ്ഞു. ദാവീദ് അവനോട്: ആ പരിഷയുടെ അടുക്കലേക്കു നീ വഴി കാണിച്ചുതരുമോ എന്നു ചോദിച്ചതിന് അവൻ: നീ എന്നെ കൊല്ലുകയോ എന്റെ യജമാനന്റെ കൈയിൽ ഏല്പിക്കയോ ചെയ്കയില്ലെന്നു ദൈവനാമത്തിൽ എന്നോടു സത്യം ചെയ്താൽ ആ പരിഷയുടെ അടുക്കലേക്കു വഴി കാണിച്ചുതരാം എന്നു പറഞ്ഞു. അങ്ങനെ അവൻ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ അവർ ഭൂതലത്തിലെങ്ങും പരന്ന് തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദ്യാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു. ദാവീദ് അവരെ സന്ധ്യമുതൽ പിറ്റന്നാൾ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഓടിച്ചു പോയ നാനൂറു ബാല്യക്കാർ അല്ലാതെ അവരിൽ ഒരുത്തനും ഒഴിഞ്ഞുപോയില്ല. അമാലേക്യർ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു; തന്റെ രണ്ടു ഭാര്യമാരെയും ദാവീദ് ഉദ്ധരിച്ചു. അവർ അപഹരിച്ചു കൊണ്ടുപോയതിൽ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു. ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവർ തങ്ങളുടെ നാല്ക്കാലികൾക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ട്: ഇതു ദാവീദിന്റെ കൊള്ള എന്നു പറഞ്ഞു.

പങ്ക് വെക്കു
1 ശമൂവേൽ 30 വായിക്കുക

1 ശമൂവേൽ 30:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദാവീദും അനുയായികളും മൂന്നാം ദിവസം സിക്ലാഗിലെത്തി; അപ്പോഴേക്കും അമാലേക്യർ നെഗെബും സിക്ലാഗും ആക്രമിച്ചുകഴിഞ്ഞിരുന്നു. അവർ സിക്ലാഗ് പിടിച്ചടക്കി അഗ്നിക്കിരയാക്കി. സ്‍ത്രീകളെയും പ്രായഭേദമെന്യേ എല്ലാവരെയും തടവുകാരാക്കി പിടിച്ചുകൊണ്ടുപോയി. ആരെയും അവർ കൊന്നില്ല. ദാവീദും അനുയായികളും പട്ടണത്തിൽ എത്തിയപ്പോൾ അതു തീവച്ചു നശിപ്പിച്ചിരിക്കുന്നതു കണ്ടു. തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും തടവുകാരാക്കി കൊണ്ടുപോയതായും അറിഞ്ഞു. അപ്പോൾ ദാവീദും അനുയായികളും ശക്തി കെടുന്നതുവരെ കരഞ്ഞു. ദാവീദിന്റെ ഭാര്യമാരായ ജെസ്രീൽക്കാരി അഹീനോവാമും കർമ്മേൽക്കാരൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിലും തടവുകാരായി പിടിക്കപ്പെട്ടിരുന്നു. ദാവീദ് അത്യധികം ദുഃഖിതനായി. തങ്ങളുടെ പുത്രീപുത്രന്മാരെ ഓർത്തു തീവ്രദുഃഖത്തിലായ അനുയായികൾ ദാവീദിനെ കല്ലെറിയണമെന്നു പറഞ്ഞു. എന്നാൽ തന്റെ ദൈവമായ സർവേശ്വരനിൽ ദാവീദ് ധൈര്യം കണ്ടെത്തി. ദാവീദ് അഹീമേലെക്കിന്റെ പുത്രനായ അബ്യാഥാർപുരോഹിതനോട് ഏഫോദു കൊണ്ടുവരാൻ പറഞ്ഞു. അബ്യാഥാർ ഏഫോദ് ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. “ഞാൻ ആ കവർച്ചക്കാരെ പിന്തുടരണമോ? അവരെ പിടികൂടാൻ സാധിക്കുമോ?” ദാവീദു സർവേശ്വരനോടു ചോദിച്ചു. “പിന്തുടരുക, തീർച്ചയായും നീ അവരെ പിടികൂടും; സകലരെയും വീണ്ടെടുക്കും” അവിടുന്ന് ഉത്തരമരുളി. ദാവീദും അറുനൂറ് അനുയായികളും പുറപ്പെട്ട് ബെസോർഅരുവിയുടെ അടുത്തെത്തി; കുറെപ്പേർ അവിടെ തങ്ങി. ക്ഷീണിച്ച് അവശരായിത്തീർന്ന ഇരുനൂറു പേർക്ക് ബെസോർതോടുകടക്കാൻ കഴിഞ്ഞില്ല. ദാവീദും നാനൂറു പേരും അമാലേക്യരെ പിന്തുടർന്നു. വിജനദേശത്തു കണ്ടുമുട്ടിയ ഒരു ഈജിപ്തുകാരനെ അനുയായികൾ ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. അവർ അവനു അപ്പവും വെള്ളവും കൊടുത്തു. അത്തിപ്പഴംകൊണ്ടുള്ള അടയും രണ്ട് ഉണക്കമുന്തിരിക്കുലയും കൂടി അവനു നല്‌കി; അതു തിന്നു കഴിഞ്ഞപ്പോൾ അവന് ഉന്മേഷമുണ്ടായി. മൂന്നു ദിവസമായി അവൻ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്തിരുന്നില്ല. ദാവീദ് അവനോടു ചോദിച്ചു: “ആരാണ് നിന്റെ യജമാനൻ? നീ എവിടെനിന്നു വരുന്നു?” അവൻ പറഞ്ഞു: “ഞാൻ ഈജിപ്തുകാരനാണ്. ഒരു അമാലേക്യന്റെ ഭൃത്യൻ. രോഗബാധിതനായി തീർന്നതിനാൽ മൂന്നു ദിവസം മുമ്പ് എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചു പൊയ്‍ക്കളഞ്ഞു; ഞങ്ങൾ നെഗെബിലുള്ള ക്രേത്യരുടെ ദേശം ആക്രമിക്കുകയും സിക്ലാഗ് അഗ്നിക്കിരയാക്കുകയും ചെയ്തു.” ദാവീദ് അവനോടു ചോദിച്ചു: “ആ കൊള്ളസംഘത്തിന്റെ അടുക്കലേക്കുള്ള വഴി എനിക്കു കാട്ടിത്തരാമോ?” “അങ്ങ് എന്നെ കൊല്ലുകയില്ലെന്നും എന്റെ യജമാനന് ഏല്പിച്ചുകൊടുക്കുകയില്ലെന്നും ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്താൽ ആ സംഘത്തിന്റെ അടുക്കലേക്കു ഞാൻ കൊണ്ടുപോകാം” അവൻ പറഞ്ഞു. അങ്ങനെ ദാവീദ് അവരുടെ അടുക്കലെത്തിയപ്പോൾ അവർ തിന്നും കുടിച്ചും ഉല്ലാസമായി അവിടെയെങ്ങും വിഹരിക്കുന്നതു കണ്ടു. ഫെലിസ്ത്യരുടെ ദേശത്തുനിന്നും യെഹൂദ്യയിൽനിന്നും ധാരാളം കൊള്ളവസ്തുക്കൾ അവർ പിടിച്ചെടുത്തിരുന്നല്ലോ; അന്നു സന്ധ്യമുതൽ പിറ്റേദിവസം വൈകുന്നതുവരെ ദാവീദ് അവരെ സംഹരിച്ചു. ഒട്ടകങ്ങളുടെമേൽ കയറി പാഞ്ഞുപോയ നാനൂറു പേരല്ലാതെ മറ്റാരും രക്ഷപെട്ടില്ല. അമാലേക്യർ അപഹരിച്ചിരുന്നതെല്ലാം ദാവീദ് വീണ്ടെടുത്തു; തന്റെ രണ്ടു ഭാര്യമാരെയും രക്ഷപെടുത്തി. അവർ അപഹരിച്ചവയിലൊന്നും, പുത്രീപുത്രന്മാരാകട്ടെ വലുതും ചെറുതുമായ മറ്റു വസ്തുവകകളാകട്ടെ, ദാവീദിനു നഷ്ടപ്പെട്ടില്ല. അവയെല്ലാം ദാവീദ് തിരിച്ചുകൊണ്ടുവന്നു. അമാലേക്യരുടെ ആടുമാടുകളെയെല്ലാം അദ്ദേഹം മുമ്പിൽ നടത്തി; “ഇവ ദാവീദിന്റെ കൊള്ളവസ്തുക്കൾ” എന്ന് അവയെ തെളിച്ചിരുന്നവർ പറഞ്ഞു.

പങ്ക് വെക്കു
1 ശമൂവേൽ 30 വായിക്കുക

1 ശമൂവേൽ 30:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദാവീദും അവന്‍റെ ആളുകളും മൂന്നാംദിവസം സിക്ലാഗിൽ എത്തിയപ്പോൾ അമാലേക്യർ തെക്കെദേശവും സിക്ലാഗും ആക്രമിച്ച് സിക്ലാഗിനെ ജയിച്ച് അതിനെ തീവെച്ച് ചുട്ടുകളഞ്ഞിരുന്നു. അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ട് പോയതല്ലാതെ ആരെയും കൊന്നില്ല. ദാവീദും അവന്‍റെ ആളുകളും പട്ടണത്തിലേക്ക് വന്നപ്പോൾ അത് തീവെച്ച് ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു. അപ്പോൾ ദാവീദും കൂടെയുള്ള ജനവും കരയുവാൻ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു. യിസ്രയേൽക്കാരി അഹീനോവം, കർമ്മേല്ക്കാരൻ നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ ദാവീദിന്‍റെ രണ്ടു ഭാര്യമാരെയും അവർ പിടിച്ചു കൊണ്ടുപോയിരുന്നു. ദാവീദ് വലിയ ദുഃഖത്തിലായി; ജനത്തിൽ ഓരോരുത്തരുടെയും ഹൃദയം അവരവരുടെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കുന്നു. അതുകൊണ്ട് അവനെ കല്ലെറിയേണമെന്ന് ജനം പറഞ്ഞു; ദാവീദ് തന്‍റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു. ദാവീദ് അഹീമേലെക്കിന്‍റെ മകനായ അബ്യാഥാർപുരോഹിതനോട്: “ഏഫോദ് ഇവിടെ കൊണ്ടുവരിക” എന്നു പറഞ്ഞു. അബ്യാഥാർ ഏഫോദ് ദാവീദിന്‍റെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഈ കൂട്ടത്തെ പിന്തുടരേണമോ? ഞാൻ അവരെ പിടികൂടുമോ” എന്നു ചോദിച്ചു. “പിന്തുടരുക; നീ അവരെ നിശ്ചയമായി പിടികൂടി സകലവും വീണ്ടുകൊള്ളും” എന്നു അരുളപ്പാടുണ്ടായി. അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറ് പേരും ബെസോർതോട്ടിൽ എത്തി; ബാക്കിയുള്ളവർ അവിടെ താമസിച്ചു. ബെസോർതോടു കടക്കുവാൻ കഴിയാതെ ക്ഷീണിച്ചിട്ട് ഇരുനൂറ് പേർ പുറകിൽ താമസിച്ചു. ദാവീദും നാനൂറുപേരും പിന്തുടർന്നുചെന്നു. അവർ വയലിൽവെച്ച് ഒരു മിസ്രയീമ്യനെ കണ്ടു ദാവീദിന്‍റെ അടുക്കൽ കൊണ്ടുചെന്നു; അവന് അപ്പം കൊടുത്തു. അവൻ തിന്നു; അവന് കുടിക്കുവാൻ വെള്ളവും കൊടുത്തു. അവർ അവന് ഒരു കഷണം അത്തിയടയും രണ്ടു ഉണക്കമുന്തിരിക്കുലയും കൊടുത്തു; അത് തിന്നപ്പോൾ അവന്‍റെ ശക്തി അവന് തിരികെ ലഭിച്ചു; മൂന്നു രാവും മൂന്നു പകലും അവൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിട്ടില്ലായിരുന്നു. ദാവീദ് അവനോട്: “നീ ആരുടെ ആൾ? നീ എവിടെനിന്ന് വരുന്നു” എന്നു ചോദിച്ചതിന് അവൻ: “ഞാൻ ഒരു മിസ്രയീമ്യബാല്യക്കാരൻ; ഒരു അമാലേക്യന്‍റെ ഭൃത്യൻ. മൂന്നുദിവസം മുമ്പെ എനിക്ക് രോഗം പിടിച്ചതുകൊണ്ടു എന്‍റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു. ഞങ്ങൾ ക്രേത്യരുടെ തെക്കെനാടും യെഹൂദ്യദേശവും കാലേബിന്‍റെ തെക്കെദിക്കും ആക്രമിച്ചു; സിക്ലാഗ് ഞങ്ങൾ തീവെച്ചു ചുട്ടുകളഞ്ഞു.” ദാവീദ് അവനോട്: “ആ കൂട്ടത്തിന്‍റെ അടുക്കലേക്ക് നീ വഴികാണിച്ചുതരുമോ” എന്നു ചോദിച്ചതിന് അവൻ: “നീ എന്നെ കൊല്ലുകയോ എന്‍റെ യജമാനന്‍റെ കയ്യിൽ ഏല്പിക്കുകയോ ചെയ്കയില്ലെന്നു ദൈവനാമത്തിൽ എന്നോട് സത്യം ചെയ്താൽ അവരുടെ അടുക്കലേക്ക് വഴികാണിച്ചുതരാം” എന്നു പറഞ്ഞു. അങ്ങനെ അവൻ ദാവീദിനെ കൂട്ടിക്കൊണ്ട് ചെന്നപ്പോൾ അവർ ഭൂതലത്തെങ്ങും പരക്കുകയും, തിന്നുകയും കുടിക്കുകയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ച് കൊണ്ടുവന്ന വലിയ കൊള്ളകൊണ്ട് ഉത്സവം ഘോഷിക്കയും ചെയ്യുന്നത് കണ്ടു. ദാവീദ് അവരെ സന്ധ്യമുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്ത് കയറി ഓടിപോയ നാനൂറ് ബാല്യക്കാർ അല്ലാതെ അവരിൽ ഒരുവനും രക്ഷപെട്ടില്ല. അമാലേക്യർ അപഹരിച്ച് കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടെടുത്തു; തന്‍റെ രണ്ടു ഭാര്യമാരെയും ദാവീദ് രക്ഷപെടുത്തി. അവർ അപഹരിച്ച് കൊണ്ടുപോയതിൽ ചെറുതോ, വലുതോ, പുത്രന്മാരോ, പുത്രിമാരോ, കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു. ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവർ തങ്ങളുടെ നാല്‍ക്കാലികൾക്ക് മുമ്പിൽ നടത്തി: “ഇത് ദാവീദിന്‍റെ കൊള്ളമുതൽ” എന്നു പറഞ്ഞു.

പങ്ക് വെക്കു
1 ശമൂവേൽ 30 വായിക്കുക

1 ശമൂവേൽ 30:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദാവീദും അവന്റെ ആളുകളും മൂന്നാം ദിവസം സിക്ലാഗിൽ എത്തിയപ്പോൾ അമാലേക്യർ തെക്കെദേശവും സിക്ലാഗും ആക്രമിച്ചു സിക്ലാഗിനെ ജയിച്ചു അതിനെ തീവെച്ചു ചുട്ടുകളഞ്ഞിരുന്നു. അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു തങ്ങളുടെ വഴിക്കു പോയതല്ലാതെ ആരെയും കൊന്നില്ല. ദാവീദും അവന്റെ ആളുകളും പട്ടണത്തിലേക്കു വന്നപ്പോൾ അതു തീവെച്ചു ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു. അപ്പോൾ ദാവീദും കൂടെയുള്ള ജനവും കരവാൻ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു. യിസ്രെയേല്ക്കാരത്തി അഹീനോവം, കർമ്മേല്ക്കാരൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ ദാവീദിന്റെ രണ്ടു ഭാര്യമാരെയും അവർ പിടിച്ചു കൊണ്ടുപോയിരുന്നു. ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തിൽ ഓരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ടു അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു. ദാവീദ് അഹീമേലെക്കിന്റെ മകനായ അബ്യാഥാർപുരോഹിതനോടു: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. അബ്യാഥാർ ഏഫോദ് ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാറെ ദാവീദ് യഹോവയോടു: ഞാൻ ഇപ്പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു അരുളപ്പാടുണ്ടായി. അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറുപേരും പുറപ്പെട്ടു ബെസോർതോട്ടിങ്കൽ എത്തി; ശേഷമുള്ളവർ അവിടെ താമസിച്ചു. ബെസോർതോടു കടപ്പാൻ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ഇരുനൂറുപേർ പുറകിൽ താമസിച്ചതുകൊണ്ടു ദാവീദും നാനൂറുപേരും പിന്തുടർന്നുചെന്നു. അവർ വയലിൽവെച്ചു ഒരു മിസ്രയീമ്യനെ കണ്ടു ദാവീദിന്റെ അടുക്കൽ കൊണ്ടുചെന്നു; അവന്നു അപ്പം കൊടുത്തു അവൻ തിന്നു; അവന്നു കുടിപ്പാൻ വെള്ളവും കൊടുത്തു. അവർ അവന്നു ഒരു കഷണം അത്തിയടയും രണ്ടു ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോൾ അവന്നു ഉയിർവീണു; മൂന്നു രാവും മൂന്നു പകലും അവൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു. ദാവീദ് അവനോടു: നീ ആരുടെ ആൾ? എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു അവൻ: ഞാൻ ഒരു മിസ്രയീമ്യബാല്യക്കാരൻ; ഒരു അമാലേക്യന്റെ ഭൃത്യൻ. മൂന്നു ദിവസം മുമ്പെ എനിക്കു ദീനം പിടിച്ചതുകൊണ്ടു എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു. ഞങ്ങൾ ക്രേത്യരുടെ തെക്കെനാടും യെഹൂദ്യദേശവും കാലേബിന്റെ തെക്കെദിക്കും ആക്രമിച്ചു; സിക്ലാഗ് ഞങ്ങൾ തീവെച്ചു ചുട്ടുകളഞ്ഞു. ദാവീദ് അവനോടു: അപ്പരിഷയുടെ അടുക്കലേക്കു നീ വഴികാണിച്ചുതരുമോ എന്നു ചോദിച്ചതിന്നു അവൻ: നീ എന്നെ കൊല്ലുകയോ എന്റെ യജമാനന്റെ കയ്യിൽ ഏല്പിക്കയോ ചെയ്കയില്ലെന്നു ദൈവനാമത്തിൽ എന്നോടു സത്യം ചെയ്താൽ അപ്പരിഷയുടെ അടുക്കലേക്കു വഴികാണിച്ചുതരാം എന്നു പറഞ്ഞു. അങ്ങനെ അവൻ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ അവർ ഭൂതലത്തെങ്ങും പരന്നു തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ള നിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു. ദാവീദ് അവരെ സന്ധ്യമുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഓടിച്ചുപോയ നാനൂറു ബാല്യക്കാർ അല്ലാതെ അവരിൽ ഒരുത്തനും ഒഴിഞ്ഞുപോയില്ല. അമാലേക്യർ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു; തന്റെ രണ്ടു ഭാര്യമാരെയും ദാവീദ് ഉദ്ധരിച്ചു. അവർ അപഹരിച്ചു കൊണ്ടുപോയതിൽ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു. ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവർ തങ്ങളുടെ നാല്ക്കാലികൾക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ടു: ഇതു ദാവീദിന്റെ കൊള്ള എന്നു പറഞ്ഞു.

പങ്ക് വെക്കു
1 ശമൂവേൽ 30 വായിക്കുക

1 ശമൂവേൽ 30:1-20 സമകാലിക മലയാളവിവർത്തനം (MCV)

മൂന്നാംദിവസം ദാവീദും അനുയായികളും സിക്ലാഗിലെത്തി. അപ്പോഴേക്കും അമാലേക്യർ തെക്കേദേശവും സിക്ലാഗും കടന്നാക്രമിച്ചുകഴിഞ്ഞിരുന്നു. അവർ സിക്ലാഗിനെ ആക്രമിച്ച് അതിനു തീയിട്ടു. സ്ത്രീകളെയും അവിടെ ഉണ്ടായിരുന്ന എല്ലാവരെയും വൃദ്ധരെയും ചെറുപ്പക്കാരെയും ഭേദമില്ലാതെ സകലരെയും അടിമകളായി പിടിച്ചുകൊണ്ടുപോയി. അവരിൽ ആരെയും അമാലേക്യർ കൊന്നില്ല. അവരെ പിടിച്ചുകൊണ്ട് തങ്ങളുടെ വഴിക്കുപോയി. ദാവീദും അനുയായികളും സിക്ലാഗിൽ എത്തിയപ്പോൾ അതിനെ തീയിട്ടു നശിപ്പിച്ചിരിക്കുന്നതായും തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി പിടിച്ചുകൊണ്ടുപോയിരിക്കുന്നതായും കണ്ടു. ദാവീദും കൂട്ടരും ഉച്ചത്തിൽ വിലപിച്ചു; കരയാൻ ശക്തിയില്ലാതായിത്തീരുന്നതുവരെ അവർ കരഞ്ഞു. യെസ്രീൽക്കാരി അഹീനോവം, കർമേൽക്കാരിയും നാബാലിന്റെ വിധവയുമായ അബീഗയിൽ എന്നീ ദാവീദിന്റെ രണ്ടു ഭാര്യമാരും അടിമകളായി പിടിക്കപ്പെട്ടിരുന്നു. ജനം തങ്ങളുടെ പുത്രീപുത്രന്മാരെ ഓർത്ത് വ്യസനിച്ചിരുന്നതിനാൽ ദാവീദിനെ കല്ലെറിഞ്ഞു കൊല്ലണമെന്നുംകൂടി അവർ പറഞ്ഞു. അങ്ങനെ അദ്ദേഹം അത്യന്തം വിഷമത്തിലായി. എന്നാൽ ദാവീദ് തന്റെ ദൈവമായ യഹോവയിൽ ശരണപ്പെട്ടു ബലംപ്രാപിച്ചു. പിന്നെ ദാവീദ് അഹീമെലെക്കിന്റെ മകനായ അബ്യാഥാർ പുരോഹിതനോട്, “ഏഫോദു കൊണ്ടുവരിക” എന്ന് ആജ്ഞാപിച്ചു. അബ്യാഥാർ അത് അദ്ദേഹത്തിന്റെമുമ്പിൽ കൊണ്ടുചെന്നു. അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഈ സമൂഹത്തെ പിൻതുടരണമോ? എനിക്കവരെ പിടികൂടാൻ സാധിക്കുമോ?” എന്നു ആലോചന ചോദിച്ചു. “പിൻതുടരുക. നീ തീർച്ചയായും അവരെ പിടികൂടും; സകലരെയും വിമോചിപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്യും,” എന്ന് യഹോവ ഉത്തരംനൽകി. ദാവീദും കൂടെയുള്ള ആ അറുനൂറുപേരും ബസോർ മലയിടുക്കിലെത്തി. അവിടെ ചിലർ പിന്നിലായിപ്പോയി. കാരണം ഇരുനൂറുപേർ ആ മലയിടുക്കു താണ്ടാൻ കഴിയാത്തവിധം പരിക്ഷീണരായിത്തീർന്നിരുന്നു. എന്നാൽ ദാവീദും ബാക്കി നാനൂറുപേരും പിൻതുടർന്നു. അവർ വയലിൽ ഒരു ഈജിപ്റ്റുകാരനെ കണ്ടെത്തി. അവർ അയാളെ ദാവീദിന്റെ മുമ്പാകെ കൊണ്ടുവന്നു. അവർ അയാൾക്ക് കുടിക്കാൻ വെള്ളവും ഭക്ഷിക്കാൻ ഭക്ഷണവും, ഒരു കഷണം അത്തിപ്പഴക്കട്ടയും രണ്ട് ഉണക്കമുന്തിരിയടയും കൊടുത്തു. അതു തിന്നപ്പോൾ അയാൾക്ക് ജീവൻ വീണ്ടുകിട്ടി; മൂന്നുരാവും മൂന്നുപകലും അയാൾ യാതൊന്നും തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്തിരുന്നില്ല. ദാവീദ് അയാളോടു ചോദിച്ചു: “നീ ആരുടെ ആളാണ്? എവിടെനിന്നു വരുന്നു?” അയാൾ പറഞ്ഞു: “ഞാനൊരു ഈജിപ്റ്റുകാരനാണ്; ഒരു അമാലേക്യന്റെ അടിമ. മൂന്നുദിവസംമുമ്പ് ഞാൻ രോഗിയായിത്തീർന്നപ്പോൾ എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു. ഞങ്ങൾ കെരീത്യരുടെ തെക്കേദേശവും യെഹൂദ്യയുടെ അധീനതയിലുള്ള പ്രദേശങ്ങളും കാലേബിന്റെ തെക്കേനാടും ആക്രമിച്ചു കൊള്ളചെയ്തു. സിക്ലാഗ് ഞങ്ങൾ ചുട്ടുകരിച്ചു.” ദാവീദ് അയാളോട്: “ഈ കൊള്ളസംഘത്തിന്റെ അടുത്തേക്കു ഞങ്ങൾക്കു നീ വഴികാട്ടിത്തരുമോ?” എന്നു ചോദിച്ചു. “അങ്ങ് എന്നെ കൊല്ലുകയില്ലെന്നും എന്റെ യജമാനന്റെ പക്കൽ എന്നെ ഏൽപ്പിച്ചുകൊടുക്കുകയില്ലെന്നും ദൈവമുമ്പാകെ ശപഥംചെയ്താലും! എങ്കിൽ ഞാൻ നിങ്ങളെ അവരുടെ അടുത്തേക്കു കൂട്ടിക്കൊണ്ടുപോകാം,” എന്ന് അയാൾ പറഞ്ഞു. അയാൾ ദാവീദിനെ അവിടേക്കു നയിച്ചു. അവരോ, ഫെലിസ്ത്യനാടുകളിൽനിന്നും യെഹൂദ്യയിൽനിന്നും അപഹരിച്ചു കൊണ്ടുപോരുന്ന വലിയ കൊള്ളമുതൽകൊണ്ട്, തിന്നും കുടിച്ചും ബഹളംവെച്ച് ആ പ്രദേശമാകെ ചിതറി താമസിച്ചിരുന്നു. ദാവീദ് അന്നുസന്ധ്യമുതൽ പിറ്റേദിവസം വൈകുന്നേരംവരെ അവരോടു പൊരുതി. ഒട്ടകപ്പുറത്തേറി പലായനംചെയ്ത നാനൂറു യുവാക്കളല്ലാതെ, അവരിൽ ആരും ജീവനോടെ ശേഷിച്ചില്ല. തന്റെ രണ്ടു ഭാര്യമാരുൾപ്പെടെ അമാലേക്യർ അപഹരിച്ചുകൊണ്ടുപോയ സകലതും ദാവീദ് വീണ്ടെടുത്തു. ബാലനോ വൃദ്ധനോ ആൺകുട്ടിയോ പെൺകുട്ടിയോ കൊള്ളമുതലോ അവർ കൊണ്ടുപോയിരുന്നതിൽ യാതൊന്നും കിട്ടാതെപോയില്ല. എല്ലാം ദാവീദ് തിരികെ കൊണ്ടുവന്നു. അവരുടെ ആടുമാടുകളെയും അദ്ദേഹം അപഹരിച്ചു. അദ്ദേഹത്തിന്റെ ഭൃത്യന്മാർ മറ്റു കാലിക്കൂട്ടങ്ങളോടൊപ്പം അവയെയും തെളിച്ചുകൊണ്ട് മുമ്പേപോയി. “ഇതു ദാവീദിന്റെ കൊള്ള,” എന്ന് അവർ പറഞ്ഞു.

പങ്ക് വെക്കു
1 ശമൂവേൽ 30 വായിക്കുക