ദാവീദും അനുയായികളും മൂന്നാം ദിവസം സിക്ലാഗിലെത്തി; അപ്പോഴേക്കും അമാലേക്യർ നെഗെബും സിക്ലാഗും ആക്രമിച്ചുകഴിഞ്ഞിരുന്നു. അവർ സിക്ലാഗ് പിടിച്ചടക്കി അഗ്നിക്കിരയാക്കി. സ്‍ത്രീകളെയും പ്രായഭേദമെന്യേ എല്ലാവരെയും തടവുകാരാക്കി പിടിച്ചുകൊണ്ടുപോയി. ആരെയും അവർ കൊന്നില്ല. ദാവീദും അനുയായികളും പട്ടണത്തിൽ എത്തിയപ്പോൾ അതു തീവച്ചു നശിപ്പിച്ചിരിക്കുന്നതു കണ്ടു. തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും തടവുകാരാക്കി കൊണ്ടുപോയതായും അറിഞ്ഞു. അപ്പോൾ ദാവീദും അനുയായികളും ശക്തി കെടുന്നതുവരെ കരഞ്ഞു. ദാവീദിന്റെ ഭാര്യമാരായ ജെസ്രീൽക്കാരി അഹീനോവാമും കർമ്മേൽക്കാരൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിലും തടവുകാരായി പിടിക്കപ്പെട്ടിരുന്നു. ദാവീദ് അത്യധികം ദുഃഖിതനായി. തങ്ങളുടെ പുത്രീപുത്രന്മാരെ ഓർത്തു തീവ്രദുഃഖത്തിലായ അനുയായികൾ ദാവീദിനെ കല്ലെറിയണമെന്നു പറഞ്ഞു. എന്നാൽ തന്റെ ദൈവമായ സർവേശ്വരനിൽ ദാവീദ് ധൈര്യം കണ്ടെത്തി. ദാവീദ് അഹീമേലെക്കിന്റെ പുത്രനായ അബ്യാഥാർപുരോഹിതനോട് ഏഫോദു കൊണ്ടുവരാൻ പറഞ്ഞു. അബ്യാഥാർ ഏഫോദ് ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. “ഞാൻ ആ കവർച്ചക്കാരെ പിന്തുടരണമോ? അവരെ പിടികൂടാൻ സാധിക്കുമോ?” ദാവീദു സർവേശ്വരനോടു ചോദിച്ചു. “പിന്തുടരുക, തീർച്ചയായും നീ അവരെ പിടികൂടും; സകലരെയും വീണ്ടെടുക്കും” അവിടുന്ന് ഉത്തരമരുളി. ദാവീദും അറുനൂറ് അനുയായികളും പുറപ്പെട്ട് ബെസോർഅരുവിയുടെ അടുത്തെത്തി; കുറെപ്പേർ അവിടെ തങ്ങി. ക്ഷീണിച്ച് അവശരായിത്തീർന്ന ഇരുനൂറു പേർക്ക് ബെസോർതോടുകടക്കാൻ കഴിഞ്ഞില്ല. ദാവീദും നാനൂറു പേരും അമാലേക്യരെ പിന്തുടർന്നു. വിജനദേശത്തു കണ്ടുമുട്ടിയ ഒരു ഈജിപ്തുകാരനെ അനുയായികൾ ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. അവർ അവനു അപ്പവും വെള്ളവും കൊടുത്തു. അത്തിപ്പഴംകൊണ്ടുള്ള അടയും രണ്ട് ഉണക്കമുന്തിരിക്കുലയും കൂടി അവനു നല്‌കി; അതു തിന്നു കഴിഞ്ഞപ്പോൾ അവന് ഉന്മേഷമുണ്ടായി. മൂന്നു ദിവസമായി അവൻ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്തിരുന്നില്ല. ദാവീദ് അവനോടു ചോദിച്ചു: “ആരാണ് നിന്റെ യജമാനൻ? നീ എവിടെനിന്നു വരുന്നു?” അവൻ പറഞ്ഞു: “ഞാൻ ഈജിപ്തുകാരനാണ്. ഒരു അമാലേക്യന്റെ ഭൃത്യൻ. രോഗബാധിതനായി തീർന്നതിനാൽ മൂന്നു ദിവസം മുമ്പ് എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചു പൊയ്‍ക്കളഞ്ഞു; ഞങ്ങൾ നെഗെബിലുള്ള ക്രേത്യരുടെ ദേശം ആക്രമിക്കുകയും സിക്ലാഗ് അഗ്നിക്കിരയാക്കുകയും ചെയ്തു.” ദാവീദ് അവനോടു ചോദിച്ചു: “ആ കൊള്ളസംഘത്തിന്റെ അടുക്കലേക്കുള്ള വഴി എനിക്കു കാട്ടിത്തരാമോ?” “അങ്ങ് എന്നെ കൊല്ലുകയില്ലെന്നും എന്റെ യജമാനന് ഏല്പിച്ചുകൊടുക്കുകയില്ലെന്നും ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്താൽ ആ സംഘത്തിന്റെ അടുക്കലേക്കു ഞാൻ കൊണ്ടുപോകാം” അവൻ പറഞ്ഞു. അങ്ങനെ ദാവീദ് അവരുടെ അടുക്കലെത്തിയപ്പോൾ അവർ തിന്നും കുടിച്ചും ഉല്ലാസമായി അവിടെയെങ്ങും വിഹരിക്കുന്നതു കണ്ടു. ഫെലിസ്ത്യരുടെ ദേശത്തുനിന്നും യെഹൂദ്യയിൽനിന്നും ധാരാളം കൊള്ളവസ്തുക്കൾ അവർ പിടിച്ചെടുത്തിരുന്നല്ലോ; അന്നു സന്ധ്യമുതൽ പിറ്റേദിവസം വൈകുന്നതുവരെ ദാവീദ് അവരെ സംഹരിച്ചു. ഒട്ടകങ്ങളുടെമേൽ കയറി പാഞ്ഞുപോയ നാനൂറു പേരല്ലാതെ മറ്റാരും രക്ഷപെട്ടില്ല. അമാലേക്യർ അപഹരിച്ചിരുന്നതെല്ലാം ദാവീദ് വീണ്ടെടുത്തു; തന്റെ രണ്ടു ഭാര്യമാരെയും രക്ഷപെടുത്തി. അവർ അപഹരിച്ചവയിലൊന്നും, പുത്രീപുത്രന്മാരാകട്ടെ വലുതും ചെറുതുമായ മറ്റു വസ്തുവകകളാകട്ടെ, ദാവീദിനു നഷ്ടപ്പെട്ടില്ല. അവയെല്ലാം ദാവീദ് തിരിച്ചുകൊണ്ടുവന്നു. അമാലേക്യരുടെ ആടുമാടുകളെയെല്ലാം അദ്ദേഹം മുമ്പിൽ നടത്തി; “ഇവ ദാവീദിന്റെ കൊള്ളവസ്തുക്കൾ” എന്ന് അവയെ തെളിച്ചിരുന്നവർ പറഞ്ഞു.
1 SAMUELA 30 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 SAMUELA 30:1-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ