1 ശമൂവേൽ 17:32-50

1 ശമൂവേൽ 17:32-50 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദാവീദ് ശൗലിനോട്: ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്ന് ഈ ഫെലിസ്ത്യനോട് അങ്കം പൊരുതും എന്നു പറഞ്ഞു. ശൗൽ ദാവീദിനോട്: ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാൻ നിനക്കു പ്രാപ്തിയില്ല; നീ ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു എന്നു പറഞ്ഞു. ദാവീദ് ശൗലിനോടു പറഞ്ഞത്: അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽനിന്ന് ആട്ടിൻകുട്ടിയെ പിടിച്ചു. ഞാൻ പിന്തുടർന്ന് അതിനെ അടിച്ച് അതിന്റെ വായിൽനിന്ന് ആട്ടിൻകുട്ടിയെ വിടുവിച്ചു, അത് എന്റെ നേരേ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ച് അടിച്ചുകൊന്നു. ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും. ദാവീദ് പിന്നെയും: സിംഹത്തിന്റെ കൈയിൽനിന്നും കരടിയുടെ കൈയിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കൈയിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൗൽ ദാവീദിനോട്: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു. ശൗൽ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ച് അവന്റെ തലയിൽ താമ്രശിരസ്ത്രം വച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു. പടയങ്കിമേൽ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാൻ നോക്കി; എന്നാൽ അവനു ശീലമില്ലായിരുന്നു; ദാവീദ് ശൗലിനോട്: ഞാൻ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല എന്നു പറഞ്ഞ്, അവയെ ഊരിവച്ചു. പിന്നെ അവൻ തന്റെ വടി എടുത്തു, തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്ത് ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കൈയിൽ കവിണയുമായി ഫെലിസ്ത്യനോട് അടുത്തു. ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരനും അവന്റെ മുമ്പേ നടന്നു. ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ നിന്ദിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു. ഫെലിസ്ത്യൻ ദാവീദിനോട്: നീ വടികളുമായി എന്റെ നേരേ വരുവാൻ ഞാൻ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു. ഫെലിസ്ത്യൻ പിന്നെയും ദാവീദിനോട്: ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ട് എന്നു പറഞ്ഞു. ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞത്: നീ വാളും കുന്തവും വേലുമായി എന്റെ നേരേ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരേ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കൈയിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യസൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവഭൂമിയും അറിയും. യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്ന് ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവയ്ക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കൈയിൽ ഏല്പിച്ചുതരും. പിന്നെ ഫെലിസ്ത്യൻ ദാവീദിനോട് എതിർപ്പാൻ നേരിട്ടടുത്തപ്പോൾ ദാവീദ് ബദ്ധപ്പെട്ട് ഫെലിസ്ത്യനോട് എതിർപ്പാൻ അണിക്കു നേരേ ഓടി. ദാവീദ് സഞ്ചിയിൽ കൈയിട്ട് ഒരു കല്ല് എടുത്തു കവിണയിൽവച്ച് വീശി ഫെലിസ്ത്യന്റെ നെറ്റിക്ക് എറിഞ്ഞു. കല്ല് അവന്റെ നെറ്റിയിൽ കൊണ്ടു പതിഞ്ഞു; അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നുമുടിച്ചു; എന്നാൽ ദാവീദിന്റെ കൈയിൽ വാൾ ഇല്ലായിരുന്നു.

പങ്ക് വെക്കു
1 ശമൂവേൽ 17 വായിക്കുക

1 ശമൂവേൽ 17:32-50 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദാവീദ് ശൗലിനോടു പറഞ്ഞു: “ആ ഫെലിസ്ത്യനെ വിചാരിച്ച് ആരും അധൈര്യപ്പെടേണ്ടാ; അങ്ങയുടെ ഈ ദാസൻ അവനോടു യുദ്ധം ചെയ്യാം.” ശൗൽ ദാവീദിനോടു പറഞ്ഞു: “ആ ഫെലിസ്ത്യനോടു യുദ്ധം ചെയ്യാൻ നിനക്കു ശേഷിയില്ല; നീ ചെറുപ്പമാണ്. അവനാകട്ടെ ചെറുപ്പംമുതൽതന്നെ ഒരു യോദ്ധാവാണ്.” ദാവീദു മറുപടി നല്‌കി: “അങ്ങയുടെ ഈ ദാസൻ പിതാവിന്റെ ആടുകളെ മേയ്‍ക്കുന്നവനാണ്. ഒരു സിംഹമോ കരടിയോ വന്ന് കൂട്ടത്തിൽനിന്ന് ഒരാട്ടിൻകുട്ടിയെ പിടിച്ചുകൊണ്ടുപോയാൽ ഞാൻ അതിനെ പിന്തുടർന്ന് ആട്ടിൻകുട്ടിയെ രക്ഷിക്കും. അതു എന്റെ നേരെ വന്നാൽ ഞാൻ അതിനെ കഴുത്തിനു പിടിച്ച് അടിച്ചുകൊല്ലുമായിരുന്നു. അങ്ങനെ ഈ ദാസൻ സിംഹത്തെയും കരടിയെയും കൊന്നിട്ടുണ്ട്; ജീവിക്കുന്ന ദൈവത്തിന്റെ സൈന്യത്തെ നിന്ദിക്കുന്നവനും പരിച്ഛേദനം നടത്തിയിട്ടില്ലാത്തവനുമായ ഈ ഫെലിസ്ത്യനും അവയുടെ ഗതിതന്നെ വരും. സിംഹത്തിൽനിന്നും കരടിയിൽനിന്നും രക്ഷിച്ച സർവേശ്വരൻ ഈ ഫെലിസ്ത്യനിൽനിന്നും എന്നെ രക്ഷിക്കും.” ശൗൽ ദാവീദിനോടു പറഞ്ഞു: “ശരി, ചെല്ലുക; സർവേശ്വരൻ നിന്റെകൂടെ ഉണ്ടായിരിക്കട്ടെ.” ശൗൽ തന്റെ പടച്ചട്ട ദാവീദിനെ അണിയിച്ചു; അവന്റെ തലയിൽ താമ്രശിരസ്ത്രം വച്ചു; തന്റെ കവചവും അവനെ ധരിപ്പിച്ചു. പടച്ചട്ടയിൽ വാൾ ബന്ധിച്ച് ദാവീദ് നടക്കാൻ ശ്രമിച്ചു; അവന് അതു പരിചയമില്ലാത്തതിനാൽ നടക്കാൻ കഴിഞ്ഞില്ല. “ഇതു ശീലിച്ചിട്ടില്ലാത്തതിനാൽ ഇവ ധരിച്ചു നടക്കാൻ എനിക്കു സാധിക്കുകയില്ല” എന്ന് അവൻ ശൗലിനോടു പറഞ്ഞു; അവൻ അവ ഊരിവച്ചു. പിന്നീട് അവൻ തന്റെ വടി കൈയിലെടുത്തു; തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ല് തിരഞ്ഞെടുത്തു തന്റെ സഞ്ചിയിൽ ഇട്ടു; കൈയിൽ കവിണയും ഉണ്ടായിരുന്നു. അങ്ങനെ അവൻ ഫെലിസ്ത്യനെ സമീപിച്ചു. ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരൻ ഫെലിസ്ത്യന്റെ മുമ്പിൽ നടന്നു. ദാവീദിനെ കണ്ടപ്പോൾ ഫെലിസ്ത്യനു പുച്ഛം തോന്നി; കാരണം അവൻ പവിഴനിറവും കോമളരൂപവുമുള്ള ഒരു യുവാവു മാത്രമായിരുന്നു. ഫെലിസ്ത്യൻ ദാവീദിനോടു ചോദിച്ചു: “നീ വടിയും എടുത്ത് എന്റെ നേരെ വരാൻ ഞാൻ ഒരു നായാണോ?” തന്റെ ദേവന്മാരുടെ നാമം ചൊല്ലി അയാൾ ദാവീദിനെ ശപിച്ചു. ഫെലിസ്ത്യൻ ദാവീദിനോടു പറഞ്ഞു: “ഇങ്ങോട്ടടുത്തു വരിക; ഞാൻ നിന്റെ മാംസം ആകാശത്തിലെ പറവകൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കും.” ദാവീദു ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും കുന്തവും ശൂലവുമായി എന്റെ നേരെ വരുന്നു; ഞാനാകട്ടെ ഇസ്രായേൽസേനകളുടെ ദൈവത്തിന്റെ നാമത്തിൽ, നീ നിന്ദിച്ച സർവശക്തനായ സർവേശ്വരന്റെ നാമത്തിൽ തന്നെ വരുന്നു. ഇന്നു സർവേശ്വരൻ നിന്നെ എന്റെ കൈയിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; ഫെലിസ്ത്യസൈന്യങ്ങളുടെ ശവശരീരങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; ഇസ്രായേലിൽ ഒരു ദൈവമുണ്ടെന്നു ലോകം എങ്ങും അറിയും. സർവേശ്വരൻ വാളും കുന്തവും കൊണ്ടല്ല തന്റെ ജനത്തെ രക്ഷിക്കുന്നത് എന്ന് ഈ ജനസമൂഹം അറിയും. യുദ്ധം സർവേശ്വരൻറേതാണ്; അവിടുന്നു നിങ്ങളെ ഞങ്ങളുടെ കൈയിൽ ഏല്പിക്കും.” ദാവീദിനെ നേരിടാൻ ഫെലിസ്ത്യൻ മുന്നോട്ടു വന്നു; ദാവീദും യുദ്ധമുന്നണിയിലേക്ക് ഓടി അടുത്തു. ദാവീദ് സഞ്ചിയിൽനിന്ന് കല്ലെടുത്തു കവിണയിൽ വച്ചു ചുഴറ്റി ഫെലിസ്ത്യന്റെ നേരേ എറിഞ്ഞു; കല്ല് അയാളുടെ നെറ്റിയിൽതന്നെ തുളച്ചുകയറി; അയാൾ മുഖം കുത്തിവീണു. അങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ എറിഞ്ഞുവീഴ്ത്തി കൊന്നു. ദാവീദിന്റെ കൈയിൽ വാളില്ലായിരുന്നു.

പങ്ക് വെക്കു
1 ശമൂവേൽ 17 വായിക്കുക

1 ശമൂവേൽ 17:32-50 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദാവീദ് ശൗലിനോട്: “ഗൊല്യാത്തിന്‍റെ നിമിത്തം ആരും ഭയപ്പെടേണ്ട; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോട് യുദ്ധം ചെയ്യും” എന്നു പറഞ്ഞു. ശൗല്‍ ദാവീദിനോട്: “ഈ ഫെലിസ്ത്യനോട് ചെന്നു യുദ്ധം ചെയ്യുവാൻ നിനക്ക് പ്രാപ്തിയില്ല; നീ ഒരു ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു” എന്നു പറഞ്ഞു. ദാവീദ് ശൗലിനോട് പറഞ്ഞത്: “അടിയൻ അപ്പന്‍റെ ആടുകളെ മേയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും, കരടിയും വന്ന് കൂട്ടത്തിൽനിന്ന് ഒരാട്ടിൻകുട്ടിയെ പിടിച്ചു. ഞാൻ പിന്തുടർന്ന് അതിനെ അടിച്ച് അതിന്‍റെ കയ്യിൽനിന്ന് ആട്ടിൻകുട്ടിയെ രക്ഷിച്ചു. അത് എന്‍റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്ക് പിടിച്ച് അടിച്ചുകൊന്നു. ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്‍റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും.” ദാവീദ് പിന്നെയും: “സിംഹത്തിന്‍റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ, ഈ ഫെലിസ്ത്യന്‍റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും” എന്നു പറഞ്ഞു. ശൗല്‍ ദാവീദിനോട്: “ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും” എന്നു പറഞ്ഞു. ശൗല്‍ തന്‍റെ പടയങ്കി ദാവീദിനെ ധരിപ്പിച്ച് അവന്‍റെ തലയിൽ താമ്രതൊപ്പി വച്ചു; തന്‍റെ കവചവും അവനെ ഇടുവിച്ചു. പടയങ്കിയുടെമേൽ അവന്‍റെ വാളും കെട്ടി ദാവീദ് നടക്കുവാൻ നോക്കി; എന്നാൽ അവന് അത് പരിചയമില്ലായിരുന്നു. ദാവീദ് ശൗലിനോടു: “ഞാൻ പരിചയിച്ചിട്ടില്ല. അതുകൊണ്ട് ഇവ ധരിച്ചുകൊണ്ട് നടപ്പാൻ എനിക്ക് കഴിയുകയില്ല” എന്നു പറഞ്ഞു, അവയെ ഊരിവച്ചു. പിന്നെ അവൻ തന്‍റെ വടി എടുത്തു. തോട്ടിൽനിന്ന് മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്ത് തന്‍റെ സഞ്ചിയിൽ ഇട്ടു. കയ്യിൽ കവിണയുമായി ഫെലിസ്ത്യനോട് അടുത്തു. ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരനും അവന്‍റെ മുമ്പിൽ നടന്നു. ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ പരിഹസിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു. ഫെലിസ്ത്യൻ ദാവീദിനോട്: “നീ വടികളുമായി എന്‍റെ നേരെ വരുവാൻ ഞാൻ നായ് ആണോ?” എന്നു ചോദിച്ചു. തന്‍റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു. ഫെലിസ്ത്യൻ പിന്നെയും ദാവീദിനോട്: “നീ എന്‍റെ അടുക്കൽ വന്നാൽ ഞാൻ നിന്‍റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കും” എന്നു പറഞ്ഞു. ദാവീദ് ഫെലിസ്ത്യനോട് പറഞ്ഞത്: “നീ വാളും കുന്തവും ശൂലവുമായി എന്‍റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്‍റെ നേരെ വരുന്നു. യഹോവ ഇന്ന് നിന്നെ എന്‍റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്‍റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവ്വഭൂമിയും അറിയും. യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്നു ഈ ജനമെല്ലാം അറിയുവാൻ ഇടവരും; യുദ്ധം യഹോവക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.” പിന്നെ ഫെലിസ്ത്യൻ ദാവീദിനോട് എതിർപ്പാൻ അടുത്തപ്പോൾ ദാവീദ് വളരെ തിടുക്കത്തിൽ ഫെലിസ്ത്യനോട് എതിർപ്പാൻ സൈന്യത്തിന് നേരെ ഓടി. ദാവീദ് സഞ്ചിയിൽ കയ്യിട്ട് ഒരു കല്ല് എടുത്ത് കവിണയിൽവെച്ച് വീശി ഫെലിസ്ത്യന്‍റെ നെറ്റിക്ക് എറിഞ്ഞു. കല്ല് അവന്‍റെ നെറ്റിയിൽ പതിച്ചു; അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു; എന്നാൽ ദാവീദിന്‍റെ കയ്യിൽ വാൾ ഇല്ലായിരുന്നു.

പങ്ക് വെക്കു
1 ശമൂവേൽ 17 വായിക്കുക

1 ശമൂവേൽ 17:32-50 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദാവീദ് ശൗലിനോടു: ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു. ശൗൽ ദാവീദിനോടു: ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാൻ നിനക്കു പ്രാപ്തിയില്ല; നീ ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു എന്നു പറഞ്ഞു. ദാവീദ് ശൗലിനോടു പറഞ്ഞതു: അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽ നിന്നു ആട്ടിൻകുട്ടിയെ പിടിച്ചു. ഞാൻ പിന്തുടർന്നു അതിനെ അടിച്ചു അതിന്റെ വായിൽനിന്നു ആട്ടിൻകുട്ടിയെ വിടുവിച്ചു, അതു എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ചു അടിച്ചു കൊന്നു. ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ടു അവനും അവയിൽ ഒന്നിനെപ്പോലെ ആകും. ദാവീദ് പിന്നെയും: സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൗൽ ദാവീദിനോടു: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു. ശൗൽ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ചു അവന്റെ തലയിൽ താമ്രശിരസ്ത്രം വെച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു. പടയങ്കിമേൽ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാൻ നോക്കി; എന്നാൽ അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൗലിനോടു: ഞാൻ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു. പിന്നെ അവൻ തന്റെ വടി എടുത്തു, തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്തു ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കയ്യിൽ കവിണയുമായി ഫെലിസ്ത്യനോടു അടുത്തു. ഫെലിസ്ത്യനും ദാവീദിനോടു അടുത്തു; പരിചക്കാരനും അവന്റെ മുമ്പെ നടന്നു. ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ നിന്ദിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു. ഫെലിസ്ത്യൻ ദാവീദിനോടു: നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു. ഫെലിസ്ത്യൻ പിന്നെയും ദാവീദിനോടു: ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു. ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു: നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും. യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവെക്കുള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും. പിന്നെ ഫെലിസ്ത്യൻ ദാവീദിനോടു എതിർപ്പാൻ നേരിട്ടടുത്തപ്പോൾ ദാവീദ് ബദ്ധപ്പെട്ടു ഫെലിസ്ത്യനോടു എതിർപ്പാൻ അണിക്കുനേരെ ഓടി. ദാവീദ് സഞ്ചിയിൽ കയ്യിട്ടു ഒരു കല്ലു എടുത്തു കവിണയിൽവെച്ചു വീശി ഫെലിസ്ത്യന്റെ നെറ്റിക്കു എറിഞ്ഞു. കല്ലു അവന്റെ നെറ്റിയിൽ കൊണ്ടു പതിഞ്ഞു; അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു മുടിച്ചു; എന്നാൽ ദാവീദിന്റെ കയ്യിൽ വാൾ ഇല്ലായിരുന്നു.

പങ്ക് വെക്കു
1 ശമൂവേൽ 17 വായിക്കുക

1 ശമൂവേൽ 17:32-50 സമകാലിക മലയാളവിവർത്തനം (MCV)

ദാവീദ് ശൗലിനോട്, “ഈ ഫെലിസ്ത്യനെപ്രതി ആരും പേടിക്കേണ്ടാ. അടിയൻ പോയി ഇവനോടു പൊരുതാം” എന്നു പറഞ്ഞു. ശൗൽ മറുപടി പറഞ്ഞു: “ഈ ഫെലിസ്ത്യനെതിരേ പൊരുതാൻ നിനക്കു കഴിവില്ല! നീ വെറും ബാലനാണ്. എന്നാൽ അവൻ ചെറുപ്പംമുതലേ യോദ്ധാവാകുന്നു.” എന്നാൽ ദാവീദ് ശൗലിനോട് അറിയിച്ചു: “അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരിക്കൽ ഒരു സിംഹവും മറ്റൊരിക്കൽ ഒരു കരടിയും വന്ന് കൂട്ടത്തിൽനിന്ന് ഓരോ ആടിനെ പിടിച്ചുകൊണ്ടുപോയി. ഞാൻ പിന്നാലെചെന്ന് അതിനെ അടിച്ചുവീഴ്ത്തുകയും അതിന്റെ വായിൽനിന്ന് ആടിനെ രക്ഷിക്കുകയും ചെയ്തു. അത് എന്റെനേരേ തിരിഞ്ഞപ്പോൾ ഞാനതിനെ താടിക്കുപിടിച്ചു നിലത്തടിച്ചു കൊന്നു. അടിയൻ ആ സിംഹത്തെയും ആ കരടിയെയും കൊന്നു. ഈ പരിച്ഛേദനമില്ലാത്ത ഫെലിസ്ത്യനും ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കുകയാൽ അവയിൽ ഒന്നിനെപ്പോലെ ആകും. സിംഹത്തിന്റെയും കരടിയുടെയും കൂർത്ത നഖങ്ങളിൽനിന്ന് എന്നെ രക്ഷിച്ച യഹോവ, എന്നെ ഈ ഫെലിസ്ത്യന്റെ കൈയിൽനിന്ന് വിടുവിക്കും.” അപ്പോൾ ശൗൽ, “പോക, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ” എന്നു പറഞ്ഞു. അപ്പോൾ ശൗൽ തന്റെ സ്വന്തം പടച്ചട്ട ദാവീദിനെ അണിയിച്ചു. അദ്ദേഹത്തെ കവചം ധരിപ്പിച്ച് വെങ്കലംകൊണ്ടുള്ള ശിരോകവചവും വെച്ചുകൊടുത്തു. ദാവീദ് തന്റെ വാൾ പടച്ചട്ടയിൽ കെട്ടിക്കൊണ്ട് നടക്കാൻ ശ്രമിച്ചു; എന്നാൽ അദ്ദേഹത്തിനതു ശീലമില്ലായിരുന്നു. “ശീലമില്ലായ്കയാൽ ഇവ ധരിച്ചുകൊണ്ട് എനിക്കു പോകാൻ സാധ്യമല്ല,” ദാവീദ് ശൗലിനോടു പറഞ്ഞു. അദ്ദേഹം അവയെല്ലാം അഴിച്ചുമാറ്റി. ദാവീദ് തന്റെ വടി കൈയിലെടുത്തു; അരുവിയിൽനിന്ന് മിനുസമുള്ള അഞ്ചു കല്ലും തെരഞ്ഞെടുത്ത് തന്റെ ഇടയസഞ്ചിയുടെ ഉറയിലിട്ടു. കൈയിൽ കവിണയുമായി അദ്ദേഹം ഫെലിസ്ത്യനെ നേരിടാൻ സമീപിച്ചു. ആ ഫെലിസ്ത്യനും തന്റെ പരിചക്കാരനെ മുൻനിർത്തി ദാവീദിനോട് അടുത്തു. അയാൾ ദാവീദിനെ ആകമാനം ഒന്നുനോക്കി; അവൻ ബാലനെന്നും ചെമപ്പുനിറമുള്ളവനും അതിസുന്ദരനും എന്നു കണ്ടിട്ട് അവനെ നിന്ദിച്ചു. അയാൾ ദാവീദിനോടു ചോദിച്ചു: “നീ എന്റെനേരേ വടിയുമായി വരാൻ ഞാൻ ഒരു നായാണോ?” ആ ഫെലിസ്ത്യൻ തന്റെ ദേവന്മാരുടെ നാമത്തിൽ ദാവീദിനെ ശപിച്ചു. എന്നിട്ട് അയാൾ, “ഇങ്ങുവരൂ! ഞാൻ നിന്റെ മാംസം ആകാശത്തിലെ പറവകൾക്കും കാട്ടിലെ മൃഗങ്ങൾക്കും തീറ്റയാക്കും!” എന്നു പറഞ്ഞു. ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും വേലും കുന്തവുമായി എന്റെനേരേ വരുന്നു; എന്നാൽ ഞാൻ, നീ നിന്ദിച്ച ഇസ്രായേൽ നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിനക്കെതിരേ വരുന്നു. ഇന്ന് യഹോവ നിന്നെ എന്റെ കൈയിൽ ഏൽപ്പിക്കും; ഞാൻ നിന്നെ വീഴ്ത്തി നിന്റെ തല ഛേദിച്ചുകളയും. ഇന്നു ഞാൻ ഫെലിസ്ത്യസൈന്യത്തിന്റെ ശവങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂതലത്തിലെ മൃഗങ്ങൾക്കും ഇരയാക്കും. ഇസ്രായേലിൽ ഒരു ദൈവമുണ്ടെന്നു സകലലോകവും ഇന്നറിയും. വാൾകൊണ്ടും കുന്തംകൊണ്ടുമല്ല യഹോവ രക്ഷിക്കുന്നത് എന്ന് ഇവിടെ വന്നുകൂടിയിരിക്കുന്നവരെല്ലാം അറിയും. യുദ്ധം യഹോവയ്ക്കുള്ളത്; അവിടന്ന് നിങ്ങളെയെല്ലാം ഞങ്ങളുടെ കൈകളിൽ ഏൽപ്പിക്കും.” ആ ഫെലിസ്ത്യൻ ദാവീദിനെ ആക്രമിക്കുന്നതിനായി കുറെക്കൂടി അടുത്തു; ദാവീദും അവനെ എതിരിടാൻ തിടുക്കത്തിൽ പോർമുഖത്തേക്ക് ഓടിയടുത്തു. തന്റെ സഞ്ചിയിൽ കൈയിട്ട് ഒരു കല്ലെടുത്ത് കവിണയിൽവെച്ച് ചുഴറ്റിയെറിഞ്ഞു. കല്ല് ഫെലിസ്ത്യന്റെ തിരുനെറ്റിയിൽ തറച്ചുകയറി. അയാൾ നിലത്ത് കമിഴ്ന്നുവീണു. അങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ ജയിച്ചു. കൈവശം ഒരു വാളില്ലാതെതന്നെ ദാവീദ് ഫെലിസ്ത്യനെ വീഴ്ത്തി; അയാളെ വധിച്ചു.

പങ്ക് വെക്കു
1 ശമൂവേൽ 17 വായിക്കുക