ദാവീദ് ശൗലിനോടു പറഞ്ഞു: “ആ ഫെലിസ്ത്യനെ വിചാരിച്ച് ആരും അധൈര്യപ്പെടേണ്ടാ; അങ്ങയുടെ ഈ ദാസൻ അവനോടു യുദ്ധം ചെയ്യാം.” ശൗൽ ദാവീദിനോടു പറഞ്ഞു: “ആ ഫെലിസ്ത്യനോടു യുദ്ധം ചെയ്യാൻ നിനക്കു ശേഷിയില്ല; നീ ചെറുപ്പമാണ്. അവനാകട്ടെ ചെറുപ്പംമുതൽതന്നെ ഒരു യോദ്ധാവാണ്.” ദാവീദു മറുപടി നല്‌കി: “അങ്ങയുടെ ഈ ദാസൻ പിതാവിന്റെ ആടുകളെ മേയ്‍ക്കുന്നവനാണ്. ഒരു സിംഹമോ കരടിയോ വന്ന് കൂട്ടത്തിൽനിന്ന് ഒരാട്ടിൻകുട്ടിയെ പിടിച്ചുകൊണ്ടുപോയാൽ ഞാൻ അതിനെ പിന്തുടർന്ന് ആട്ടിൻകുട്ടിയെ രക്ഷിക്കും. അതു എന്റെ നേരെ വന്നാൽ ഞാൻ അതിനെ കഴുത്തിനു പിടിച്ച് അടിച്ചുകൊല്ലുമായിരുന്നു. അങ്ങനെ ഈ ദാസൻ സിംഹത്തെയും കരടിയെയും കൊന്നിട്ടുണ്ട്; ജീവിക്കുന്ന ദൈവത്തിന്റെ സൈന്യത്തെ നിന്ദിക്കുന്നവനും പരിച്ഛേദനം നടത്തിയിട്ടില്ലാത്തവനുമായ ഈ ഫെലിസ്ത്യനും അവയുടെ ഗതിതന്നെ വരും. സിംഹത്തിൽനിന്നും കരടിയിൽനിന്നും രക്ഷിച്ച സർവേശ്വരൻ ഈ ഫെലിസ്ത്യനിൽനിന്നും എന്നെ രക്ഷിക്കും.” ശൗൽ ദാവീദിനോടു പറഞ്ഞു: “ശരി, ചെല്ലുക; സർവേശ്വരൻ നിന്റെകൂടെ ഉണ്ടായിരിക്കട്ടെ.” ശൗൽ തന്റെ പടച്ചട്ട ദാവീദിനെ അണിയിച്ചു; അവന്റെ തലയിൽ താമ്രശിരസ്ത്രം വച്ചു; തന്റെ കവചവും അവനെ ധരിപ്പിച്ചു. പടച്ചട്ടയിൽ വാൾ ബന്ധിച്ച് ദാവീദ് നടക്കാൻ ശ്രമിച്ചു; അവന് അതു പരിചയമില്ലാത്തതിനാൽ നടക്കാൻ കഴിഞ്ഞില്ല. “ഇതു ശീലിച്ചിട്ടില്ലാത്തതിനാൽ ഇവ ധരിച്ചു നടക്കാൻ എനിക്കു സാധിക്കുകയില്ല” എന്ന് അവൻ ശൗലിനോടു പറഞ്ഞു; അവൻ അവ ഊരിവച്ചു. പിന്നീട് അവൻ തന്റെ വടി കൈയിലെടുത്തു; തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ല് തിരഞ്ഞെടുത്തു തന്റെ സഞ്ചിയിൽ ഇട്ടു; കൈയിൽ കവിണയും ഉണ്ടായിരുന്നു. അങ്ങനെ അവൻ ഫെലിസ്ത്യനെ സമീപിച്ചു. ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരൻ ഫെലിസ്ത്യന്റെ മുമ്പിൽ നടന്നു. ദാവീദിനെ കണ്ടപ്പോൾ ഫെലിസ്ത്യനു പുച്ഛം തോന്നി; കാരണം അവൻ പവിഴനിറവും കോമളരൂപവുമുള്ള ഒരു യുവാവു മാത്രമായിരുന്നു. ഫെലിസ്ത്യൻ ദാവീദിനോടു ചോദിച്ചു: “നീ വടിയും എടുത്ത് എന്റെ നേരെ വരാൻ ഞാൻ ഒരു നായാണോ?” തന്റെ ദേവന്മാരുടെ നാമം ചൊല്ലി അയാൾ ദാവീദിനെ ശപിച്ചു. ഫെലിസ്ത്യൻ ദാവീദിനോടു പറഞ്ഞു: “ഇങ്ങോട്ടടുത്തു വരിക; ഞാൻ നിന്റെ മാംസം ആകാശത്തിലെ പറവകൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കും.” ദാവീദു ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും കുന്തവും ശൂലവുമായി എന്റെ നേരെ വരുന്നു; ഞാനാകട്ടെ ഇസ്രായേൽസേനകളുടെ ദൈവത്തിന്റെ നാമത്തിൽ, നീ നിന്ദിച്ച സർവശക്തനായ സർവേശ്വരന്റെ നാമത്തിൽ തന്നെ വരുന്നു. ഇന്നു സർവേശ്വരൻ നിന്നെ എന്റെ കൈയിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; ഫെലിസ്ത്യസൈന്യങ്ങളുടെ ശവശരീരങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; ഇസ്രായേലിൽ ഒരു ദൈവമുണ്ടെന്നു ലോകം എങ്ങും അറിയും. സർവേശ്വരൻ വാളും കുന്തവും കൊണ്ടല്ല തന്റെ ജനത്തെ രക്ഷിക്കുന്നത് എന്ന് ഈ ജനസമൂഹം അറിയും. യുദ്ധം സർവേശ്വരൻറേതാണ്; അവിടുന്നു നിങ്ങളെ ഞങ്ങളുടെ കൈയിൽ ഏല്പിക്കും.” ദാവീദിനെ നേരിടാൻ ഫെലിസ്ത്യൻ മുന്നോട്ടു വന്നു; ദാവീദും യുദ്ധമുന്നണിയിലേക്ക് ഓടി അടുത്തു. ദാവീദ് സഞ്ചിയിൽനിന്ന് കല്ലെടുത്തു കവിണയിൽ വച്ചു ചുഴറ്റി ഫെലിസ്ത്യന്റെ നേരേ എറിഞ്ഞു; കല്ല് അയാളുടെ നെറ്റിയിൽതന്നെ തുളച്ചുകയറി; അയാൾ മുഖം കുത്തിവീണു. അങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ എറിഞ്ഞുവീഴ്ത്തി കൊന്നു. ദാവീദിന്റെ കൈയിൽ വാളില്ലായിരുന്നു.
1 SAMUELA 17 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 SAMUELA 17:32-50
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ