1 ശമൂവേൽ 14:1-6

1 ശമൂവേൽ 14:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഒരു ദിവസം ശൗലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോട്: വരിക, നാം അങ്ങോട്ട് ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുക എന്നു പറഞ്ഞു; അവൻ അപ്പനോടു പറഞ്ഞില്ലതാനും. ശൗൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിൻകീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേർ. ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്റെ മകനായ ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകൻ അഹീയാവ് ആയിരുന്നു അന്ന് ഏഫോദ് ധരിച്ചിരുന്നത്. യോനാഥാൻ പോയതു ജനം അറിഞ്ഞില്ല. യോനാഥാൻ ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുവാൻ നോക്കിയ വഴിയിൽ ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിനു ബോസേസ് എന്നും മറ്റേതിന് സേനെ എന്നും പേർ. ഒന്നു വടക്കുവശം മിക്മാസിനു മുഖമായും മറ്റേത് തെക്കുവശം ഗിബെയയ്ക്ക് മുഖമായും തൂക്കെ നിന്നിരുന്നു. യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോട്: വരിക, നമുക്ക് ഈ അഗ്രചർമികളുടെ പട്ടാളത്തിന്റെ നേരേ ചെല്ലാം; പക്ഷേ യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവയ്ക്കു പ്രയാസമില്ലല്ലോ എന്നു പറഞ്ഞു.

പങ്ക് വെക്കു
1 ശമൂവേൽ 14 വായിക്കുക

1 ശമൂവേൽ 14:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒരു ദിവസം ശൗലിന്റെ പുത്രനായ യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: “അതാ, അവിടെയുള്ള ഫെലിസ്ത്യപാളയംവരെ നമുക്കു പോകാം.” എന്നാൽ ആ വിവരം പിതാവിനോടു പറഞ്ഞില്ല. ശൗൽ ഗിബെയായുടെ അതിർത്തിയിൽ മിഗ്രോനിലെ മാതളനാരകച്ചുവട്ടിൽ ഇരിക്കുകയായിരുന്നു; അദ്ദേഹത്തിന്റെ കൂടെ ഏകദേശം അറുനൂറു പടയാളികൾ ഉണ്ടായിരുന്നു. അഹീതൂബിന്റെ പുത്രനായ അഹീയാവായിരുന്നു ഏഫോദ് ധരിച്ചിരുന്നത്; ഫീനെഹാസിന്റെ പുത്രനും ശീലോവിൽ സർവേശ്വരന്റെ പുരോഹിതനായിരുന്ന ഏലിയുടെ പൗത്രനുമായ ഈഖാബോദിന്റെ സഹോദരനായിരുന്നു അഹീതൂബ്. യോനാഥാൻ പോയ വിവരം ജനം അറിഞ്ഞില്ല. ഫെലിസ്ത്യസൈന്യത്തെ നേരിടാൻ യോനാഥാനു കടന്നു പോകേണ്ടിയിരുന്ന ചുരത്തിന്റെ ഇരുവശങ്ങളിലും കടുംതൂക്കായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിനു ബോസേസ് എന്നും മറ്റേതിന് സേനെ എന്നുമായിരുന്നു പേര്. ഒന്നു വടക്കുവശത്ത് മിക്മാസിനും മറ്റേത് തെക്കുവശത്ത് ഗിബെയായ്‍ക്കും അഭിമുഖമായി നിന്നിരുന്നു. യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: “വരിക, പരിച്ഛേദനം ഏറ്റിട്ടില്ലാത്ത ഫെലിസ്ത്യരുടെ പാളയത്തിനു നേരെ ചെല്ലാം; സർവേശ്വരൻ നമുക്കുവേണ്ടി പ്രവർത്തിക്കാതിരിക്കുമോ? നമ്മുടെ കൂടെയുള്ളവർ ഏറിയാലും കുറഞ്ഞാലും സർവേശ്വരനു രക്ഷിക്കാൻ തടസ്സമില്ലല്ലോ.”

പങ്ക് വെക്കു
1 ശമൂവേൽ 14 വായിക്കുക

1 ശമൂവേൽ 14:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഒരു ദിവസം ശൗലിന്‍റെ മകൻ യോനാഥാൻ തന്‍റെ ആയുധവാഹകനോട്: “വരിക, നാം ഫെലിസ്ത്യരുടെ പട്ടാളത്തിന്‍റെ നേരേ ചെല്ലുക” എന്നു പറഞ്ഞു. അവൻ അത് അപ്പനോട് പറഞ്ഞില്ല. ശൗല്‍ ഗിബെയയുടെ അതിർത്തിയിൽ മിഗ്രോനിലെ മാതളനാരകത്തിൻ കീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന ഭടന്മാർ ഏകദേശം അറുനൂറ് പേർ ആയിരുന്നു. ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ, ഫീനെഹാസിന്‍റെ മകനായ, ഈഖാബോദിന്‍റെ സഹോദരനായ, അഹീതൂബിന്‍റെ മകൻ അഹീയാവ് ആയിരുന്നു അന്ന് ഏഫോദ് ധരിച്ചിരുന്നത്. യോനാഥാൻ പോയത് ജനം അറിഞ്ഞില്ല. ഫെലിസ്ത്യ സൈന്യത്തെ നേരിടുവാൻ യോനാഥാൻ പോകേണ്ടിയിരുന്ന വഴിയിൽ രണ്ടുവശത്തും മൂർച്ചയേറിയ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിന് ബോസേസ് എന്നും മറ്റേതിന് സേനെ എന്നും ആയിരുന്നു പേർ. ഒന്ന് വടക്കുവശം മിക്മാസിന് അഭിമുഖമായും മറ്റേത് തെക്കുവശം ഗിബെയെക്ക് അഭിമുഖമായും നിന്നിരുന്നു. യോനാഥാൻ തന്‍റെ ആയുധവാഹകനോട്: “വരിക, നമുക്ക് ഈ അഗ്രചർമ്മികളുടെ പട്ടാളത്തിന്‍റെ നേരെ ചെല്ലാം; യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവയ്ക്ക് പ്രായസമില്ലല്ലോ” എന്നു പറഞ്ഞു.

പങ്ക് വെക്കു
1 ശമൂവേൽ 14 വായിക്കുക

1 ശമൂവേൽ 14:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഒരു ദിവസം ശൗലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നാം അങ്ങോട്ടു ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുക എന്നു പറഞ്ഞു; അവൻ അപ്പനോടു പറഞ്ഞില്ല താനും. ശൗൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിൻ കീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേർ. ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്റെ മകനായ ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകൻ അഹീയാവു ആയിരുന്നു അന്നു ഏഫോദ് ധരിച്ചിരുന്നതു. യോനാഥാൻ പോയതു ജനം അറിഞ്ഞില്ല. യോനാഥാൻ ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുവാൻ നോക്കിയ വഴിയിൽ ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിന്നു ബോസേസ് എന്നും മറ്റേതിന്നു സേനെ എന്നും പേർ. ഒന്നു വടക്കുവശം മിക്മാസിന്നു മുഖമായും മറ്റേതു തെക്കുവശം ഗിബെയെക്കു മുഖമായും തൂക്കെ നിന്നിരുന്നു. യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നമുക്കു ഈ അഗ്രചർമ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവെക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.

പങ്ക് വെക്കു
1 ശമൂവേൽ 14 വായിക്കുക

1 ശമൂവേൽ 14:1-6 സമകാലിക മലയാളവിവർത്തനം (MCV)

ഒരു ദിവസം ശൗലിന്റെ മകനായ യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോട്: “വരിക, നമുക്ക് ഫെലിസ്ത്യരുടെ സൈനികകേന്ദ്രത്തിലേക്കൊന്നു പോകാം.” ഇക്കാര്യം അയാൾ തന്റെ പിതാവിനെ അറിയിച്ചിരുന്നില്ല. ശൗൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിന്റെകീഴിൽ ഇരിക്കുകയായിരുന്നു. അദ്ദേഹത്തോടുകൂടി ഏകദേശം അറുനൂറ് ആൾക്കാരുമുണ്ടായിരുന്നു. അവരിൽ ഏഫോദ് ധരിച്ചിരുന്ന അഹീയാവും ഉണ്ടായിരുന്നു. അദ്ദേഹം ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകനായിരുന്നു. അഹീത്തൂബ് ഫീനെഹാസിന്റെ മകൻ; ഫീനെഹാസ് ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകൻ. യോനാഥാൻ അവരെ വിട്ടുപോയ കാര്യം ആരും അറിഞ്ഞിരുന്നില്ല. ഫെലിസ്ത്യരുടെ കാവൽസേനാകേന്ദ്രത്തിൽ എത്തുന്നതിനായി യോനാഥാൻ കടക്കാൻ ഉദ്ദേശിച്ചിരുന്ന മലയിടുക്കിന്റെ ഇരുവശങ്ങളിലും കടുംതൂക്കായ ഓരോ പാറക്കെട്ടുണ്ടായിരുന്നു. അവയിൽ ഒന്നിന് ബോസേസ് എന്നും മറ്റേതിന് സേനെ എന്നും പേരായിരുന്നു. ഒരു പാറക്കെട്ടു വടക്കോട്ടു മിക്-മാസിന് അഭിമുഖമായും മറ്റേത് തെക്കോട്ട് ഗിബെയായ്ക്ക് അഭിമുഖമായും നിന്നിരുന്നു. യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോട്: “വരൂ, പരിച്ഛേദനമേൽക്കാത്ത ഇവരുടെ സൈനികകേന്ദ്രത്തിലേക്കു നമുക്കു കടന്നുചെല്ലാം; ഒരുപക്ഷേ, യഹോവ നമുക്കുവേണ്ടി പ്രവർത്തിച്ചേക്കാം. അധികംകൊണ്ടോ അൽപ്പംകൊണ്ടോ പ്രവർത്തിക്കാൻ യഹോവയ്ക്കു പ്രയാസമില്ലല്ലോ” എന്നു പറഞ്ഞു.

പങ്ക് വെക്കു
1 ശമൂവേൽ 14 വായിക്കുക