1 ശമൂവേൽ 14:1-6

1 ശമൂവേൽ 14:1-6 MALOVBSI

ഒരു ദിവസം ശൗലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോട്: വരിക, നാം അങ്ങോട്ട് ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുക എന്നു പറഞ്ഞു; അവൻ അപ്പനോടു പറഞ്ഞില്ലതാനും. ശൗൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിൻകീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേർ. ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്റെ മകനായ ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകൻ അഹീയാവ് ആയിരുന്നു അന്ന് ഏഫോദ് ധരിച്ചിരുന്നത്. യോനാഥാൻ പോയതു ജനം അറിഞ്ഞില്ല. യോനാഥാൻ ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുവാൻ നോക്കിയ വഴിയിൽ ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിനു ബോസേസ് എന്നും മറ്റേതിന് സേനെ എന്നും പേർ. ഒന്നു വടക്കുവശം മിക്മാസിനു മുഖമായും മറ്റേത് തെക്കുവശം ഗിബെയയ്ക്ക് മുഖമായും തൂക്കെ നിന്നിരുന്നു. യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോട്: വരിക, നമുക്ക് ഈ അഗ്രചർമികളുടെ പട്ടാളത്തിന്റെ നേരേ ചെല്ലാം; പക്ഷേ യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവയ്ക്കു പ്രയാസമില്ലല്ലോ എന്നു പറഞ്ഞു.