1 രാജാക്കന്മാർ 8:37-45
1 രാജാക്കന്മാർ 8:37-45 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ അവരുടെ ശത്രു അവരുടെ പട്ടണങ്ങളുള്ള ദേശത്ത് അവരെ നിരോധിച്ചാൽ വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ മനഃപീഡ അറിഞ്ഞ് ഈ ആലയത്തിങ്കലേക്കു കൈ മലർത്തുകയും ചെയ്താൽ നീ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽ കേട്ടു ക്ഷമിക്കയും ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്ത് അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിനു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരോരുത്തന് അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകല മനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നത്. അത്രയുമല്ല, നിന്റെ ജനമായ യിസ്രായേലിലുള്ളവനല്ലാത്ത ഒരു അന്യജാതിക്കാരൻ ദൂരദേശത്തുനിന്നു നിന്റെ നാമം ഹേതുവായി വരികയും- അവർ നിന്റെ മഹത്ത്വമുള്ള നാമത്തെയും ബലമുള്ള ഭുജത്തെയും നീട്ടിയിരിക്കുന്ന കൈയെയും കുറിച്ചു കേൾക്കുമല്ലോ- ഈ ആലയത്തിങ്കലേക്കു നോക്കി പ്രാർഥിക്കയും ചെയ്താൽ നീ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽ കേട്ട്, ഭൂമിയിലെ സകല ജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്നെ ഭയപ്പെടുവാനും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിനു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഗ്രഹിപ്പാനും നിന്റെ നാമത്തെ അറിവാനും തക്കവണ്ണം അന്യജാതിക്കാരൻ നിന്നോടു പ്രാർഥിക്കുന്നതൊക്കെയും നീ ചെയ്തുകൊടുക്കേണമേ. നീ നിന്റെ ജനത്തെ അയയ്ക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുവിനോടു യുദ്ധം ചെയ്വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും നിന്റെ നാമത്തിനു ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു യഹോവയോടു പ്രാർഥിച്ചാൽ നീ സ്വർഗത്തിൽ അവരുടെ പ്രാർഥനയും യാചനയും കേട്ട് അവർക്കു ന്യായം പാലിച്ചുകൊടുക്കേണമേ.
1 രാജാക്കന്മാർ 8:37-45 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“നാട്ടിൽ ക്ഷാമമോ, പകർച്ചവ്യാധിയോ ഉണ്ടാകുമ്പോഴും പൂപ്പൽരോഗം, വെട്ടുക്കിളി, കീടബാധ മുതലായവമൂലം വിളവു നശിക്കുമ്പോഴും ശത്രുക്കൾ നഗരം വളഞ്ഞ് അങ്ങയുടെ ജനത്തെ ആക്രമിക്കുമ്പോഴും മഹാമാരിയോ മറ്റു രോഗമോ ഉണ്ടാകുമ്പോഴും ജനം വ്യക്തികളായോ സമൂഹമായോ ഈ ദേവാലയത്തിലേക്കു തിരിഞ്ഞു പ്രാർഥിച്ചാൽ അവരുടെ പ്രാർഥന കേൾക്കണമേ. അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു ശ്രദ്ധിച്ച് അവരോടു ക്ഷമിക്കണമേ! മനുഷ്യന്റെ ഹൃദയവിചാരങ്ങൾ അറിയുന്നത് അവിടുന്നു മാത്രമാകുന്നു. അവരർഹിക്കുന്ന പ്രതിഫലം അവർക്കു നല്‌കണമേ. അവരുടെ പിതാക്കന്മാർക്കു നല്‌കിയ ദേശത്ത് അവർ പാർക്കുന്ന കാലം മുഴുവൻ അങ്ങയെ ഭയപ്പെട്ടു ജീവിക്കാനും അവർക്കു ഇടയാക്കണമേ. അവിടുത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു പരദേശി, അവിടുത്തെ പ്രസിദ്ധിയേയും, അങ്ങയുടെ ജനത്തിനുവേണ്ടി അവിടുന്നു പ്രവർത്തിച്ച അദ്ഭുതകാര്യങ്ങളെയും പറ്റി കേൾക്കുമ്പോൾ അങ്ങയെ അന്വേഷിച്ച് ഈ ദേവാലയത്തിൽ വന്ന് അങ്ങയോടു പ്രാർഥിച്ചാൽ അവന്റെ പ്രാർഥന ശ്രദ്ധിക്കണമേ! അവിടുത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു പ്രാർഥന കേട്ട് അവന്റെ അപേക്ഷകൾ സാധിച്ചുകൊടുക്കേണമേ. അങ്ങനെ അവിടുത്തെ ജനമായ ഇസ്രായേലിനെപ്പോലെ സർവജനതകളും അങ്ങയെ അറിയാനും അവിടുത്തെ ഭയപ്പെടാനും ഞാൻ ഈ ഭവനം അങ്ങേക്കായി നിർമ്മിച്ചിരിക്കുന്നു എന്നു ഗ്രഹിക്കാനും ഇടയാകട്ടെ. അങ്ങയുടെ ജനം അവിടുത്തെ കല്പനപ്രകാരം ശത്രുക്കൾക്കെതിരായി യുദ്ധത്തിനു പോകുമ്പോൾ അങ്ങേക്കുവേണ്ടി ഞാൻ നിർമ്മിച്ചിരിക്കുന്ന ഈ ദേവാലയത്തിലേക്കു അവർ തിരിഞ്ഞു പ്രാർഥിച്ചാൽ, സ്വർഗത്തിൽനിന്നു അവരുടെ പ്രാർഥന ശ്രദ്ധിച്ചു അവർക്കു വിജയം നല്‌കണമേ.
1 രാജാക്കന്മാർ 8:37-45 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ദേശത്തു ക്ഷാമം, പകർച്ചവ്യാധി, കീടബാധ, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവ ഏതെങ്കിലും ഉണ്ടായാൽ, അല്ലെങ്കിൽ അവരുടെ ദേശത്തെ പട്ടണങ്ങളെ ശത്രു നിരോധിക്കുകയോ വല്ല വ്യാധിയോ രോഗമോ ഉണ്ടായാൽ അവിടുത്തെ ജനമായ യിസ്രായേൽ മുഴുവനോ, അവരിൽ ഏതെങ്കിലും ഒരുവനോ വല്ല പ്രാർത്ഥനയും യാചനയും കഴിക്കുകയും, ഓരോരുത്തൻ ഹൃദയവേദനയോടെ ഈ ആലയത്തിലേക്കു കൈ മലർത്തുകയും ചെയ്താൽ അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽ നിന്നു കേട്ടു ക്ഷമിക്കയും അങ്ങനെ അവിടുന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ ദേശത്ത് അവർ ജീവിച്ചിരിക്കുന്ന കാലത്തെല്ലാം അങ്ങയെ ഭയപ്പെടേണ്ടതിനു, ഓരോരുത്തന്‍റെ ഹൃദയത്തെ അറിയുന്ന അങ്ങ്, അവനവന്‍റെ നടപ്പിനു തക്കവണ്ണം പ്രതിഫലം നൽകേണമേ; അങ്ങ് മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയങ്ങളെ അറിയുന്നത്. “അത്രയുമല്ല, അവിടുത്തെ ജനമായ യിസ്രായേലിലുൾപ്പെടാത്ത ഒരു അന്യദേശക്കാരൻ ദൂരദേശത്ത് നിന്നു അങ്ങേയുടെ നാമംനിമിത്തം വരികയും, അവർ അങ്ങേയുടെ മഹത്വമുള്ള നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയും കുറിച്ചു കേട്ടു ഈ ആലയത്തിലേക്കു നോക്കി പ്രാർത്ഥിക്കയും ചെയ്താൽ അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു, ഭൂമിയിലെ സകലജാതികളും അങ്ങേയുടെ ജനമായ യിസ്രായേലിനെപ്പോലെ അങ്ങയെ ഭയപ്പെടുവാനും, ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിനു അവിടുത്തെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഗ്രഹിപ്പാനും അവിടുത്തെ നാമത്തെ അറിയുവാനും തക്കവണ്ണം അന്യദേശക്കാരൻ അങ്ങേയോടു പ്രാർത്ഥിക്കുന്നതൊക്കെയും അങ്ങ് ചെയ്തുകൊടുക്കേണമേ. “അവിടുന്നു അയക്കുന്ന വഴിയിൽ അവിടുത്തെ ജനം തങ്ങളുടെ ശത്രുവിനോടു യുദ്ധം ചെയ്വാൻ പുറപ്പെടുമ്പോൾ അങ്ങ് തിരഞ്ഞെടുത്ത നഗരത്തിലേക്കും അവിടുത്തെ നാമത്തിനു ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു യഹോവയോടു പ്രാർത്ഥിച്ചാൽ അങ്ങ് സ്വർഗ്ഗത്തിൽനിന്നു അവരുടെ പ്രാർത്ഥനയും യാചനയും കേട്ടു അവർക്ക് ന്യായം പാലിച്ചുകൊടുക്കേണമേ.
1 രാജാക്കന്മാർ 8:37-45 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ അവരുടെ ശത്രു അവരുടെ പട്ടണങ്ങളുള്ള ദേശത്തു അവരെ നിരോധിച്ചാൽ വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ മനഃപീഡ അറിഞ്ഞു ഈ ആലയത്തിങ്കലേക്കു കൈ മലർത്തുകയും ചെയ്താൽ നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു ക്ഷമിക്കയും ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു. അത്രയുമല്ല, നിന്റെ ജനമായ യിസ്രായേലിലുള്ളവനല്ലാത്ത ഒരു അന്യജാതിക്കാരൻ ദൂരദേശത്തുനിന്നു നിന്റെ നാമം ഹേതുവായി വരികയും - അവർ നിന്റെ മഹത്വമുള്ള നാമത്തെയും ബലമുള്ള ഭുജത്തെയും നീട്ടിയിരിക്കുന്ന കയ്യെയും കുറിച്ചു കേൾക്കുമല്ലോ - ഈ ആലയത്തിങ്കലേക്കു നോക്കി പ്രാർത്ഥിക്കയും ചെയ്താൽ നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു, ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്നെ ഭയപ്പെടുവാനും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഗ്രഹിപ്പാനും നിന്റെ നാമത്തെ അറിവാനും തക്കവണ്ണം അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും നീ ചെയ്തുകൊടുക്കേണമേ. നീ നിന്റെ ജനത്തെ അയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുവിനോടു യുദ്ധം ചെയ്വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും നിന്റെ നാമത്തിന്നു ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു യഹോവയോടു പ്രാർത്ഥിച്ചാൽ നീ സ്വർഗ്ഗത്തിൽ അവരുടെ പ്രാർത്ഥനയും യാചനയും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുക്കേണമേ.
1 രാജാക്കന്മാർ 8:37-45 സമകാലിക മലയാളവിവർത്തനം (MCV)
“ദേശത്ത് ക്ഷാമമോ പകർച്ചവ്യാധിയോ ഉഷ്ണക്കാറ്റോ വിഷമഞ്ഞോ വെട്ടുക്കിളിയോ കീടബാധയോ ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ശത്രു അവരുടെ ഏതെങ്കിലും നഗരത്തെ ഉപരോധിക്കുമ്പോൾ, ഏതെങ്കിലും രോഗമോ വ്യാധിയോ വരുമ്പോൾ, അങ്ങയുടെ ജനമായ ഇസ്രായേലിലെ ഏതെങ്കിലും ഒരാൾ, ഹൃദയവ്യഥയോടെ ഈ ആലയത്തിലേക്കു കരങ്ങളുയർത്തി അവിടത്തെ സമക്ഷത്തിൽ ഒരു പ്രാർഥനയോ അപേക്ഷയോ സമർപ്പിക്കുന്നപക്ഷം, അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ. അവരോടു ക്ഷമിച്ച് അതിൻപ്രകാരം പ്രവർത്തിക്കണമേ, ഓരോരുത്തരോടും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി പെരുമാറണമേ, കാരണം, അയാളുടെ ഹൃദയം അവിടന്ന് അറിയുന്നല്ലോ! സകലമനുഷ്യരുടെയും ഹൃദയം അറിയുന്നത് അവിടന്നുമാത്രമാണല്ലോ! അങ്ങനെ, അവിടന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ ഈ ദേശത്തു വസിക്കുന്ന കാലമെല്ലാം അവർ അങ്ങയെ ഭയപ്പെടാൻ ഇടയാകുമല്ലോ. “അവിടത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു വിദേശി, അവിടത്തെ നാമംനിമിത്തം വിദൂരദേശത്തുനിന്നു വരികയും— കാരണം അവിടത്തെ മഹത്തായ നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയുംകുറിച്ച് ദൂരെയുള്ളവർ കേൾക്കുമല്ലോ—അയാൾ ഈ ആലയത്തിലേക്കുതിരിഞ്ഞ് പ്രാർഥിക്കുമ്പോൾ, അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് ആ പ്രാർഥന കേൾക്കണേ! ആ വിദേശി അങ്ങയോട് അപേക്ഷിക്കുന്നതെന്തായാലും അവിടന്നു ചെയ്തുകൊടുക്കണേ. ആ വിധത്തിൽ അവിടത്തെ സ്വന്തജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയിലെ സകലജനതകളും അവിടത്തെ നാമം അറിയുകയും അങ്ങയെ ബഹുമാനിക്കുകയും ചെയ്യുമല്ലൊ! അടിയൻ നിർമിച്ച ഈ ആലയം അവിടത്തെ നാമത്തിലാണ് വിളിക്കപ്പെടുന്നതെന്ന് അവർ അറിയുമാറാകട്ടെ! “അവിടത്തെ ജനം അവരുടെ ശത്രുക്കൾക്കെതിരേ യുദ്ധത്തിനുപോകുമ്പോൾ—അവിടന്ന് അവരെ എവിടെയൊക്കെ അയച്ചാലും—അവിടെനിന്നും അവർ അങ്ങു തെരഞ്ഞെടുത്തിരിക്കുന്ന നഗരത്തിലേക്കും അടിയൻ അവിടത്തെ നാമത്തിനുവേണ്ടി നിർമിച്ചിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് യഹോവയോടു പ്രാർഥിക്കുമ്പോൾ, അങ്ങ് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അവരുടെ കാര്യം സാധിച്ചുകൊടുക്കണേ!