1 രാജാക്കന്മാർ 8:37-45

1 രാജാക്കന്മാർ 8:37-45 MCV

“ദേശത്ത് ക്ഷാമമോ പകർച്ചവ്യാധിയോ ഉഷ്ണക്കാറ്റോ വിഷമഞ്ഞോ വെട്ടുക്കിളിയോ കീടബാധയോ ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ശത്രു അവരുടെ ഏതെങ്കിലും നഗരത്തെ ഉപരോധിക്കുമ്പോൾ, ഏതെങ്കിലും രോഗമോ വ്യാധിയോ വരുമ്പോൾ, അങ്ങയുടെ ജനമായ ഇസ്രായേലിലെ ഏതെങ്കിലും ഒരാൾ, ഹൃദയവ്യഥയോടെ ഈ ആലയത്തിലേക്കു കരങ്ങളുയർത്തി അവിടത്തെ സമക്ഷത്തിൽ ഒരു പ്രാർഥനയോ അപേക്ഷയോ സമർപ്പിക്കുന്നപക്ഷം, അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ. അവരോടു ക്ഷമിച്ച് അതിൻപ്രകാരം പ്രവർത്തിക്കണമേ, ഓരോരുത്തരോടും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി പെരുമാറണമേ, കാരണം, അയാളുടെ ഹൃദയം അവിടന്ന് അറിയുന്നല്ലോ! സകലമനുഷ്യരുടെയും ഹൃദയം അറിയുന്നത് അവിടന്നുമാത്രമാണല്ലോ! അങ്ങനെ, അവിടന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ ഈ ദേശത്തു വസിക്കുന്ന കാലമെല്ലാം അവർ അങ്ങയെ ഭയപ്പെടാൻ ഇടയാകുമല്ലോ. “അവിടത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു വിദേശി, അവിടത്തെ നാമംനിമിത്തം വിദൂരദേശത്തുനിന്നു വരികയും— കാരണം അവിടത്തെ മഹത്തായ നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയുംകുറിച്ച് ദൂരെയുള്ളവർ കേൾക്കുമല്ലോ—അയാൾ ഈ ആലയത്തിലേക്കുതിരിഞ്ഞ് പ്രാർഥിക്കുമ്പോൾ, അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് ആ പ്രാർഥന കേൾക്കണേ! ആ വിദേശി അങ്ങയോട് അപേക്ഷിക്കുന്നതെന്തായാലും അവിടന്നു ചെയ്തുകൊടുക്കണേ. ആ വിധത്തിൽ അവിടത്തെ സ്വന്തജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയിലെ സകലജനതകളും അവിടത്തെ നാമം അറിയുകയും അങ്ങയെ ബഹുമാനിക്കുകയും ചെയ്യുമല്ലൊ! അടിയൻ നിർമിച്ച ഈ ആലയം അവിടത്തെ നാമത്തിലാണ് വിളിക്കപ്പെടുന്നതെന്ന് അവർ അറിയുമാറാകട്ടെ! “അവിടത്തെ ജനം അവരുടെ ശത്രുക്കൾക്കെതിരേ യുദ്ധത്തിനുപോകുമ്പോൾ—അവിടന്ന് അവരെ എവിടെയൊക്കെ അയച്ചാലും—അവിടെനിന്നും അവർ അങ്ങു തെരഞ്ഞെടുത്തിരിക്കുന്ന നഗരത്തിലേക്കും അടിയൻ അവിടത്തെ നാമത്തിനുവേണ്ടി നിർമിച്ചിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് യഹോവയോടു പ്രാർഥിക്കുമ്പോൾ, അങ്ങ് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അവരുടെ കാര്യം സാധിച്ചുകൊടുക്കണേ!