1 രാജാക്കന്മാർ 22:1-5

1 രാജാക്കന്മാർ 22:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അരാമും യിസ്രായേലും മൂന്നു സംവത്സരം തമ്മിൽ യുദ്ധം കൂടാതെ പാർത്തു. മൂന്നാം ആണ്ടിലോ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു. യിസ്രായേൽരാജാവ് തന്റെ ഭൃത്യന്മാരോട്: ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങൾ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കൈയിൽനിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവൻ യെഹോശാഫാത്തിനോട്: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിൽ യുദ്ധത്തിനു പോരുമോ? എന്നു ചോദിച്ചു. അതിനു യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: ഇന്നു യഹോവയുടെ അരുളപ്പാട് ചോദിച്ചാലും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സിറിയായും ഇസ്രായേലും യുദ്ധം കൂടാതെ മൂന്നു വർഷക്കാലം കഴിച്ചുകൂട്ടി. മൂന്നാം വർഷം യെഹൂദാരാജാവായ യെഹോശാഫാത്ത് ഇസ്രായേൽരാജാവിനെ സന്ദർശിച്ചു. ഇസ്രായേൽരാജാവ് തന്റെ സേവകരോടു പറഞ്ഞു: “സിറിയാരാജാവിൽനിന്നും ഗിലെയാദിലെ രാമോത്ത് പിടിച്ചടക്കാൻ നാം എന്തിനു മടിക്കണം? അതു നമ്മുടേതല്ലേ.” ആഹാബ് യെഹോശാഫാത്തിനോടു ചോദിച്ചു: “ഗിലെയാദിലെ രാമോത്ത് പിടിച്ചടക്കുന്നതിന് എന്റെ കൂടെ നിങ്ങൾ വരുമോ?” അതിനു യെഹോശാഫാത്ത് പറഞ്ഞു: “ഞാനും എന്റെ സൈന്യവും എന്റെ കുതിരകളും സ്വന്തം എന്നപോലെ അങ്ങയോടു ചേർന്നു യുദ്ധം ചെയ്യാൻ ഒരുക്കമാണ്; എന്നാൽ ആദ്യമായി നമുക്ക് സർവേശ്വരന്റെ ഹിതം അന്വേഷിക്കാം.”

1 രാജാക്കന്മാർ 22:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

മൂന്നു വര്‍ഷത്തോളം അരാമും യിസ്രായേലും തമ്മിൽ യുദ്ധം ഉണ്ടായില്ല. മൂന്നാം ആണ്ടിൽ യെഹൂദാ രാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിനെ കാണുവാൻ ചെന്നു. യിസ്രായേൽ രാജാവ് തന്‍റെ ഭൃത്യന്മാരോട്: “ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങൾ അറിയുന്നില്ലയോ? നാം അതിനെ അരാം രാജാവിന്‍റെ കയ്യിൽനിന്നു പിടിക്കുവാൻ മടിക്കുന്നതെന്ത്?” എന്നു പറഞ്ഞു. അവൻ യെഹോശാഫാത്തിനോട്: “നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിന് പോരുമോ?” എന്നു ചോദിച്ചു. അതിന് യെഹോശാഫാത്ത് യിസ്രായേൽ രാജാവിനോട്: “ഞാനും നീയും എന്‍റെ ജനവും നിന്‍റെ ജനവും എന്‍റെ കുതിരകളും നിന്‍റെ കുതിരകളും ഒരുപോലെയല്ലോ” എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്ത് യിസ്രായേൽ രാജാവിനോട്: “ഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും” എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അരാമും യിസ്രായേലും മൂന്നു സംവത്സരം തമ്മിൽ യുദ്ധം കൂടാതെ പാർത്തു. മൂന്നാം ആണ്ടിലോ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു. യിസ്രായേൽരാജാവു തന്റെ ഭൃത്യന്മാരോടു: ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങൾ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കയ്യിൽ നിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവൻ യെഹോശാഫാത്തിനോടു: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിൽ യുദ്ധത്തിന്നു പോരുമോ? എന്നു ചോദിച്ചു. അതിന്നു യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 22:1-5 സമകാലിക മലയാളവിവർത്തനം (MCV)

മൂന്നുവർഷത്തോളം അരാമും ഇസ്രായേലുംതമ്മിൽ യുദ്ധം ഉണ്ടായില്ല. എന്നാൽ, മൂന്നാംവർഷം യെഹൂദാരാജാവായ യെഹോശാഫാത്ത് ഇസ്രായേൽരാജാവായ ആഹാബിനെ സന്ദർശിച്ചു. ഇസ്രായേൽരാജാവ് തന്റെ ഉദ്യോഗസ്ഥന്മാരോട്: “ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതാണെന്ന് നിങ്ങൾക്കറിഞ്ഞുകൂടേ? എങ്കിലും, നാം അതിനെ അരാംരാജാവിന്റെ നിയന്ത്രണത്തിൽനിന്നു തിരിച്ചുപിടിക്കാൻ യാതൊന്നും ചെയ്യുന്നില്ലല്ലോ” എന്നു പറഞ്ഞു. അപ്പോൾ ആഹാബ് യെഹോശാഫാത്തിനോട്: “ഗിലെയാദിലെ രാമോത്തിനെതിരേ യുദ്ധത്തിനായി അങ്ങയും എന്റെകൂടെ വരാമോ?” എന്നു ചോദിച്ചു. യെഹോശാഫാത്ത് ഇസ്രായേൽരാജാവിനോട്: “ഞാൻ അങ്ങയെപ്പോലെ; എന്റെ ജനം അങ്ങയുടെ ജനത്തെപ്പോലെ; എന്റെ കുതിരകൾ അങ്ങയുടെ കുതിരകളെപ്പോലെയുംതന്നെ” എന്നു മറുപടി പറഞ്ഞു. യെഹോശാഫാത്ത് തുടർന്നു: “എന്നാൽ, ഒന്നാമതായി നമുക്ക് യഹോവയോട് അരുളപ്പാട് ചോദിക്കാം.”