1 യോഹന്നാൻ 2:12-17
1 യോഹന്നാൻ 2:12-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കുഞ്ഞുങ്ങളേ, നിങ്ങൾക്ക് അവന്റെ നാമംനിമിത്തം പാപങ്ങൾ മോചിച്ചിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്ക് എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്ക് എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. ബാല്യക്കാരേ, നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത്. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നു എങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.
1 യോഹന്നാൻ 2:12-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ കുഞ്ഞുമക്കളേ, ക്രിസ്തുവിന്റെ നാമത്തിൽ നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു ഞാൻ നിങ്ങൾക്ക് എഴുതുന്നു. പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിയുന്നതുകൊണ്ട് ഞാൻ നിങ്ങൾക്ക് എഴുതുന്നു. യുവജനങ്ങളേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. കൊച്ചുകുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിയുന്നതുകൊണ്ട് ഞാൻ നിങ്ങൾക്ക് എഴുതുന്നു. പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിയുന്നതുകൊണ്ട് ഞാൻ നിങ്ങൾക്ക് എഴുതുന്നു. യുവാക്കളേ, നിങ്ങൾ ശക്തരായിരിക്കുന്നതുകൊണ്ടും, ദൈവവചനം നിങ്ങളിൽ നിവസിക്കുന്നതുകൊണ്ടും, ദുഷ്ടനെ നിങ്ങൾ കീഴടക്കിയിരിക്കുന്നതുകൊണ്ടും ഞാൻ നിങ്ങൾക്ക് എഴുതുന്നു. ലോകത്തെയോ, ലോകത്തിലുള്ളതിനെയോ നിങ്ങൾ സ്നേഹിക്കരുത്. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹമില്ല. മാംസദാഹം, കാമാസക്തമായ കണ്ണുകൾ, ജീവിതത്തിന്റെ അഹന്ത, ഇവയെല്ലാം ലോകത്തിനുള്ളവയത്രേ. ലോകത്തിനുള്ളത് പിതാവിൽനിന്നുള്ളതല്ല. ലോകവും അതിന്റെ മോഹവും മാറിപ്പോകുന്നു. ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുന്നവനോ എന്നേക്കും നിലനില്‌ക്കുന്നു.
1 യോഹന്നാൻ 2:12-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പ്രിയ കുഞ്ഞുങ്ങളേ, അവന്‍റെ നാമംനിമിത്തം നിങ്ങളുടെ പാപങ്ങൾ മോചിച്ചിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. യൗവനക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. യൗവ്വനക്കാരേ, നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കുകയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കുകയാലും ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. ലോകത്തെയോ ലോകത്തിലുള്ളതിനെയോ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവിതത്തെക്കുറിച്ചുള്ള നിഗളഭാവം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവിൻ്റെതല്ല, എന്നാൽ ലോകത്തിൻ്റെതത്രെ ആകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; എന്നാൽ ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു.
1 യോഹന്നാൻ 2:12-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കുഞ്ഞുങ്ങളേ, നിങ്ങൾക്കു അവന്റെ നാമംനിമിത്തം പാപങ്ങൾ മോചിച്ചിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതുന്നു. പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു. പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു. ബാല്യക്കാരേ, നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു. ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.
1 യോഹന്നാൻ 2:12-17 സമകാലിക മലയാളവിവർത്തനം (MCV)
കുഞ്ഞുമക്കളേ, ക്രിസ്തുനാമംമൂലം നിങ്ങൾ പാപവിമോചിതർ ആയതിനാലാണ് ഞാൻ ഈ തൂലിക ചലിപ്പിക്കുന്നത്. പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. യുവജനങ്ങളേ, നിങ്ങൾ പിശാചിനെ കീഴടക്കിയിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. ശിശുക്കളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. യുവജനങ്ങളേ, നിങ്ങൾ ശക്തരാകുകയാലും ദൈവവചനം നിങ്ങളിൽ വസിക്കയാലും നിങ്ങൾ പിശാചിനെ കീഴടക്കിയിരിക്കുകയാലും ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നു. ലോകത്തെയോ ലോകത്തിലുള്ള ഏതിനെയെങ്കിലുമോ സ്നേഹിക്കരുത്. ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ പിതാവിന്റെ സ്നേഹം അയാളിൽ ഇല്ല. കാരണം ലോകത്തിലുള്ള സകലതും—ജഡികാസക്തി, കൺമോഹം, ജീവനത്തിന്റെ അഹന്ത എന്നിവയെല്ലാംതന്നെ—പിതാവിൽനിന്നല്ല, ലോകത്തിൽനിന്നാണ്. ലോകവും അതിനോടുകൂടെയുള്ള മോഹങ്ങളും നീങ്ങിപ്പോകുന്നു; എന്നാൽ ദൈവഹിതം ചെയ്യുന്നവർ സദാകാലം നിലനിൽക്കുന്നു.