1 യോഹന്നാൻ 2:12-17

1 യോഹന്നാൻ 2:12-17 MCV

കുഞ്ഞുമക്കളേ, ക്രിസ്തുനാമംമൂലം നിങ്ങൾ പാപവിമോചിതർ ആയതിനാലാണ് ഞാൻ ഈ തൂലിക ചലിപ്പിക്കുന്നത്. പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. യുവജനങ്ങളേ, നിങ്ങൾ പിശാചിനെ കീഴടക്കിയിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. ശിശുക്കളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. യുവജനങ്ങളേ, നിങ്ങൾ ശക്തരാകുകയാലും ദൈവവചനം നിങ്ങളിൽ വസിക്കയാലും നിങ്ങൾ പിശാചിനെ കീഴടക്കിയിരിക്കുകയാലും ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നു. ലോകത്തെയോ ലോകത്തിലുള്ള ഏതിനെയെങ്കിലുമോ സ്നേഹിക്കരുത്. ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ പിതാവിന്റെ സ്നേഹം അയാളിൽ ഇല്ല. കാരണം ലോകത്തിലുള്ള സകലതും—ജഡികാസക്തി, കൺമോഹം, ജീവനത്തിന്റെ അഹന്ത എന്നിവയെല്ലാംതന്നെ—പിതാവിൽനിന്നല്ല, ലോകത്തിൽനിന്നാണ്. ലോകവും അതിനോടുകൂടെയുള്ള മോഹങ്ങളും നീങ്ങിപ്പോകുന്നു; എന്നാൽ ദൈവഹിതം ചെയ്യുന്നവർ സദാകാലം നിലനിൽക്കുന്നു.