1 കൊരിന്ത്യർ 4:7-14
1 കൊരിന്ത്യർ 4:7-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്നെ വിശേഷിപ്പിക്കുന്നത് ആർ? ലഭിച്ചതല്ലാതെ നിനക്ക് എന്തുള്ളൂ? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നത് എന്ത്? ഇത്ര ക്ഷണത്തിൽ നിങ്ങൾ തൃപ്തന്മാരായി; ഇത്ര ക്ഷണത്തിൽ നിങ്ങൾ സമ്പന്നന്മാരായി; ഞങ്ങളെ കൂടാതെ വാഴുന്നവരായി; അയ്യോ, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിനു നിങ്ങൾ വാണു എങ്കിൽ കൊള്ളായിരുന്നു. ഞങ്ങൾ ലോകത്തിന്, ദൂതന്മാർക്കും മനുഷ്യർക്കും തന്നെ, കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്ന് എനിക്കു തോന്നുന്നു. ഞങ്ങൾ ക്രിസ്തുനിമിത്തം ഭോഷന്മാർ; നിങ്ങൾ ക്രിസ്തുവിൽ വിവേകികൾ; ഞങ്ങൾ ബലഹീനർ, നിങ്ങൾ ബലവാന്മാർ; നിങ്ങൾ മഹത്തുക്കൾ, ഞങ്ങൾ മാനഹീനർ അത്രേ. ഈ നാഴികവരെ ഞങ്ങൾ വിശന്നും ദാഹിച്ചും ഉടുപ്പാൻ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു. സ്വന്തകൈയാൽ വേല ചെയ്ത് അധ്വാനിക്കുന്നു; ശകാരം കേട്ടിട്ട് ആശീർവദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ല വാക്കു പറയുന്നു. ഞങ്ങൾ ലോകത്തിന്റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്റെയും അഴുക്കായും തീർന്നിരിക്കുന്നു. നിങ്ങളെ നാണിപ്പിപ്പാനല്ല, എന്റെ പ്രിയമക്കളോട് എന്നപോലെ ബുദ്ധി പറഞ്ഞുകൊണ്ട് ഇത് എഴുതുന്നു.
1 കൊരിന്ത്യർ 4:7-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്നെ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനാക്കിയത് ആരാണ്? നിനക്കുള്ളതെല്ലാം ദൈവം നല്‌കിയതല്ലേ? പിന്നെ നിനക്കുള്ളത് ദൈവത്തിന്റെ ദാനമല്ലെന്ന ഭാവത്തിൽ അഹങ്കരിക്കുന്നത് എന്ത്? നിങ്ങൾക്കു വേണ്ടതെല്ലാം ലഭിച്ചു കഴിഞ്ഞുവോ? നിങ്ങൾ സമ്പന്നരായി കഴിഞ്ഞുവെന്നോ? ഞങ്ങളെ കൂടാതെ നിങ്ങൾ രാജപദവി പ്രാപിച്ചുവോ? നിങ്ങളോടൊപ്പം ഞങ്ങളും വാഴേണ്ടതിനു നിങ്ങൾ രാജാക്കന്മാരായി തീർന്നിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുകയാണ്. എന്നാൽ ദൈവം അപ്പോസ്തോലന്മാരായ ഞങ്ങൾക്ക് വധശിക്ഷയ്‍ക്കു വിധിക്കപ്പെട്ടവരെപ്പോലെ ഏറ്റവും താണ സ്ഥാനമാണു നല്‌കിയിരിക്കുന്നതെന്ന് എനിക്കു തോന്നുന്നു; മനുഷ്യവർഗവും മാലാഖമാരുമുൾപ്പെട്ട സമസ്തലോകത്തിന്റെയും മുമ്പിൽ ഞങ്ങൾ കേവലം പ്രദർശനവസ്തുക്കളായിത്തീർന്നിരിക്കുന്നുവല്ലോ. ക്രിസ്തുവിനെ പ്രതി ഞങ്ങൾ മടയന്മാരാകുന്നു; എന്നാൽ ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നിങ്ങൾ ബുദ്ധിശാലികൾ! ഞങ്ങൾ ദുർബലർ; നിങ്ങൾ ബലവാന്മാർ! ഞങ്ങൾ നിന്ദിതർ, നിങ്ങൾ ബഹുമാനിതർ! ഞങ്ങൾ ഉണ്ണാനും ഉടുക്കാനും വകയില്ലാതെ കഴിയുന്നു; മർദനം ഏല്‌ക്കുന്നു; വീടും കൂടുമില്ലാതെ നാടുനീളെ അലഞ്ഞു തിരിയുന്നു. സ്വന്തം കൈകൊണ്ട് ഞങ്ങൾ അധ്വാനിക്കുന്നു; ഞങ്ങളെ ദുഷിക്കുന്നവർക്ക് ഞങ്ങൾ നന്മ നേരുന്നു. പീഡനമേല്‌ക്കുമ്പോൾ ക്ഷമയോടെ സഹിക്കുന്നു. ഞങ്ങളെപ്പറ്റി അപവാദം പറയുമ്പോൾ ഞങ്ങൾ നല്ലവാക്കു പറയുന്നു. ഇന്നുവരെയും ഞങ്ങൾ ലോകത്തിന്റെ ചവറായും എല്ലാറ്റിന്റെയും കീടമായും തീർന്നിരിക്കുന്നു. നിങ്ങളെ ലജ്ജിപ്പിക്കുവാനല്ല, എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളോടെന്നവണ്ണം ബുദ്ധി ഉപദേശിക്കുന്നതിനാണ് ഇതെഴുതുന്നത്.
1 കൊരിന്ത്യർ 4:7-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്തെന്നാൽ, നിങ്ങളെ റ്വിശേഷതയുള്ളവരാക്കുന്നതാരാണ്? ലഭിച്ചതല്ലാതെ നിങ്ങൾക്ക് എന്തുള്ളു? ലഭിച്ചിട്ടുണ്ടെങ്കിലോ, ലഭിച്ചിട്ടില്ല എന്നതുപോലെ പ്രശംസിക്കുന്നത് എന്ത്? ഇപ്പോൾ നിങ്ങൾ തൃപ്തരാണ്, ഇപ്പോൾ സമ്പന്നരുമാണ്; ഞങ്ങളെ കൂടാതെ രാജാക്കന്മാരായി. തീർച്ചയായും, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിന് നിങ്ങൾ രാജാക്കന്മാരായിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. എന്തെന്നാൽ ഞങ്ങൾ ലോകത്തിന്, ദൂതന്മാർക്കും മനുഷ്യർക്കും തന്നെ, കാഴ്ചവസ്തുവായി തീർന്നിരിക്കുന്നതിനാൽ, ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ അവസാനം നിൽക്കുന്നവരായി, മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ, പ്രദർശിപ്പിച്ചിരിക്കുന്നു എന്നു എനിക്ക് തോന്നുന്നു. ഞങ്ങൾ ക്രിസ്തുനിമിത്തം ഭോഷന്മാർ; നിങ്ങൾ ക്രിസ്തുവിൽ വിവേകികൾ; ഞങ്ങൾ ബലഹീനർ, നിങ്ങൾ ബലവാന്മാർ; നിങ്ങൾ ബഹുമാനിതർ, ഞങ്ങൾ മാനഹീനർ അത്രേ. ഈ സമയംവരെ ഞങ്ങൾ വിശന്നും, ദാഹിച്ചും, വേണ്ടുംവണ്ണം വസ്ത്രം ധരിക്കുവാൻ ഇല്ലാതെയും, മൃഗീയമായി മർദ്ദിക്കപ്പെട്ടും, ഭവനരഹിതരായും ഇരിക്കുന്നു. സ്വന്തകയ്യാൽ വേലചെയ്ത്, കഠിനമായി അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ടു അനുഗ്രഹിക്കുന്നു; ഉപദ്രവം ഏറ്റിട്ട് സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്ക് പറയുന്നു. ഞങ്ങൾ ലോകത്തിലെ പാഴ്‌വസ്തുക്കളായും ഇന്നുവരെയും സകലത്തിന്‍റെയും അഴുക്കായും തീർന്നിരിക്കുന്നു. ഞാൻ ഇത് എഴുതുന്നത് നിങ്ങളെ നാണിപ്പിക്കുവാനല്ല, എന്‍റെ പ്രിയമക്കൾ എന്ന നിലയിൽ നിങ്ങളെ ബുദ്ധി ഉപദേശിക്കുന്നതിനു വേണ്ടിയാണ്.
1 കൊരിന്ത്യർ 4:7-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്നെ വിശേഷിപ്പിക്കുന്നതു ആർ? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു? ഇത്ര ക്ഷണത്തിൽ നിങ്ങൾ തൃപ്തന്മാരായി; ഇത്ര ക്ഷണത്തിൽ നിങ്ങൾ സമ്പന്നന്മാരായി; ഞങ്ങളെ കൂടാതെ വാഴുന്നവരായി; അയ്യോ, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിന്നു നിങ്ങൾ വാണു എങ്കിൽ കൊള്ളായിരുന്നു. ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു. ഞങ്ങൾ ക്രിസ്തുനിമിത്തം ഭോഷന്മാർ; നിങ്ങൾ ക്രിസ്തുവിൽ വിവേകികൾ; ഞങ്ങൾ ബലഹീനർ, നിങ്ങൾ ബലവാന്മാർ; നിങ്ങൾ മഹത്തുക്കൾ, ഞങ്ങൾ മാനഹീനർ അത്രേ. ഈ നാഴികവരെ ഞങ്ങൾ വിശന്നും ദാഹിച്ചും ഉടുപ്പാൻ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു. സ്വന്തകയ്യാൽ വേലചെയ്തു അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ടു ആശീർവ്വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്കു പറയുന്നു. ഞങ്ങൾ ലോകത്തിന്റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്റെയും അഴുക്കായും തീർന്നിരിക്കുന്നു. നിങ്ങളെ നാണിപ്പിപ്പാനല്ല, എന്റെ പ്രിയ മക്കളോടു എന്നപോലെ ബുദ്ധിപറഞ്ഞുകൊണ്ടു ഇതു എഴുതുന്നു.
1 കൊരിന്ത്യർ 4:7-14 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങളെ മറ്റുള്ളവരിൽനിന്ന് വിശിഷ്ടരാക്കുന്നത് ആര്? മറ്റൊരാൾ നൽകിയതല്ലാതെ നിങ്ങൾക്ക് എന്താണുള്ളത്? നൽകപ്പെട്ടവയെങ്കിൽ, അങ്ങനെ അല്ല എന്ന ഭാവത്തിൽ അഹങ്കരിക്കുന്നത് എന്തിന്? ഇപ്പോൾത്തന്നെ നിങ്ങൾ എല്ലാം തികഞ്ഞവരായിരിക്കുന്നു! നിങ്ങൾ സമ്പന്നരായിക്കഴിഞ്ഞിരിക്കുന്നു! നിങ്ങൾ വാഴുന്നവരായി, അതും ഞങ്ങളുടെ സഹായംകൂടാതെ! നിങ്ങൾ യഥാർഥത്തിൽ രാജാക്കന്മാർ ആയിരുന്നെങ്കിൽ ഞങ്ങൾക്കും നിങ്ങളോടുകൂടെ വാഴാൻ കഴിയുമായിരുന്നല്ലോ! അപ്പൊസ്തലന്മാരായ ഞങ്ങളെ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെയെന്നപോലെ ഘോഷയാത്രയുടെ ഒടുവിലത്തെ നിരയിൽ ദൈവം പ്രദർശനത്തിനു നിർത്തിയിരിക്കുകയാണെന്ന് എനിക്കു തോന്നിപ്പോകുന്നു. ലോകത്തിനുമുഴുവൻ; ദൈവദൂതർക്കും മനുഷ്യർക്കും ഒരുപോലെ ഞങ്ങൾ തമാശക്കാഴ്ചയായിത്തീർന്നിരിക്കുന്നു. ഞങ്ങൾ ക്രിസ്തുവിനുവേണ്ടി ഭോഷന്മാർ; നിങ്ങളോ ക്രിസ്തുവിൽ ജ്ഞാനികൾ! ഞങ്ങൾ ബലഹീനർ, നിങ്ങളോ ബലശാലികൾ! നിങ്ങൾക്കു ബഹുമാനം, ഞങ്ങൾക്കോ അപമാനം! ഈ നിമിഷംവരെയും ഞങ്ങൾ വിശന്നും ദാഹിച്ചും വസ്ത്രമില്ലാതെയും മൃഗീയമായ പീഡനമേറ്റും പാർപ്പിടമില്ലാതെയും കഴിയുന്നു. ഞങ്ങൾ സ്വന്തം കൈയാൽ അധ്വാനിക്കുന്നു. ശാപമേൽക്കുമ്പോഴും ആശീർവദിക്കുന്നു; ഉപദ്രവമേറ്റിട്ട് സഹിക്കുന്നു; ദുഷിക്കപ്പെടുമ്പോഴും ദയാപൂർവം മറുപടി പറയുന്നു. ഈ നിമിഷംവരെയും ഞങ്ങൾ ഭൂമിയുടെ ചവറും ലോകത്തിന്റെ മാലിന്യവും ആയിരിക്കുന്നു. നിങ്ങളെ ലജ്ജിപ്പിക്കാനല്ല ഞാൻ ഇതു നിങ്ങൾക്കെഴുതുന്നത്, എന്റെ പ്രിയമക്കളെന്നപോലെ മുന്നറിയിപ്പു നൽകാനാണ്.