1 കൊരി. 4:7-14

1 കൊരി. 4:7-14 IRVMAL

എന്തെന്നാൽ, നിങ്ങളെ റ്വിശേഷതയുള്ളവരാക്കുന്നതാരാണ്? ലഭിച്ചതല്ലാതെ നിങ്ങൾക്ക് എന്തുള്ളു? ലഭിച്ചിട്ടുണ്ടെങ്കിലോ, ലഭിച്ചിട്ടില്ല എന്നതുപോലെ പ്രശംസിക്കുന്നത് എന്ത്? ഇപ്പോൾ നിങ്ങൾ തൃപ്തരാണ്, ഇപ്പോൾ സമ്പന്നരുമാണ്; ഞങ്ങളെ കൂടാതെ രാജാക്കന്മാരായി. തീർച്ചയായും, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിന് നിങ്ങൾ രാജാക്കന്മാരായിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. എന്തെന്നാൽ ഞങ്ങൾ ലോകത്തിന്, ദൂതന്മാർക്കും മനുഷ്യർക്കും തന്നെ, കാഴ്ചവസ്തുവായി തീർന്നിരിക്കുന്നതിനാൽ, ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ അവസാനം നിൽക്കുന്നവരായി, മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ, പ്രദർശിപ്പിച്ചിരിക്കുന്നു എന്നു എനിക്ക് തോന്നുന്നു. ഞങ്ങൾ ക്രിസ്തുനിമിത്തം ഭോഷന്മാർ; നിങ്ങൾ ക്രിസ്തുവിൽ വിവേകികൾ; ഞങ്ങൾ ബലഹീനർ, നിങ്ങൾ ബലവാന്മാർ; നിങ്ങൾ ബഹുമാനിതർ, ഞങ്ങൾ മാനഹീനർ അത്രേ. ഈ സമയംവരെ ഞങ്ങൾ വിശന്നും, ദാഹിച്ചും, വേണ്ടുംവണ്ണം വസ്ത്രം ധരിക്കുവാൻ ഇല്ലാതെയും, മൃഗീയമായി മർദ്ദിക്കപ്പെട്ടും, ഭവനരഹിതരായും ഇരിക്കുന്നു. സ്വന്തകയ്യാൽ വേലചെയ്ത്, കഠിനമായി അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ടു അനുഗ്രഹിക്കുന്നു; ഉപദ്രവം ഏറ്റിട്ട് സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്ക് പറയുന്നു. ഞങ്ങൾ ലോകത്തിലെ പാഴ്‌വസ്തുക്കളായും ഇന്നുവരെയും സകലത്തിന്‍റെയും അഴുക്കായും തീർന്നിരിക്കുന്നു. ഞാൻ ഇത് എഴുതുന്നത് നിങ്ങളെ നാണിപ്പിക്കുവാനല്ല, എന്‍റെ പ്രിയമക്കൾ എന്ന നിലയിൽ നിങ്ങളെ ബുദ്ധി ഉപദേശിക്കുന്നതിനു വേണ്ടിയാണ്.