സങ്കീർത്തനങ്ങൾ 46:1-10

സങ്കീർത്തനങ്ങൾ 46:1-10 MCV

ദൈവം നമ്മുടെ സങ്കേതവും ശക്തിസ്രോതസ്സും ആകുന്നു, കഷ്ടങ്ങളിൽ അവിടന്ന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ട് ഭൂമി വഴുതിമാറിയാലും പർവതങ്ങൾ ആഴിയുടെ ആഴത്തിൽ അമർന്നാലും അതിലെ വെള്ളം ആർത്തിരമ്പി നുരച്ചുപൊങ്ങിയാലും അതിന്റെ പ്രകമ്പനത്താൽ പർവതങ്ങൾ വിറകൊണ്ടാലും ഞങ്ങൾ ഭയപ്പെടുകയില്ല. സേലാ. ഒരു നദിയുണ്ട്; അതിന്റെ അരുവികൾ ദൈവനഗരത്തെ ആനന്ദഭരിതമാക്കുന്നു, അത്യുന്നതന്റെ നിവാസസ്ഥാനമായ വിശുദ്ധ സ്ഥലത്തെത്തന്നെ. ദൈവം ആ നഗരത്തിലുണ്ട്, അതിന് ഇളക്കംതട്ടുകയില്ല; പുലർകാലംമുതൽതന്നെ ദൈവം അതിനെ സംരക്ഷിക്കും. രാഷ്ട്രങ്ങൾ ഇളകിമറിയുന്നു, രാജ്യങ്ങൾ നിലംപൊത്തുന്നു; അവിടന്നു തന്റെ ശബ്ദമുയർത്തുന്നു, ഭൂമി ഉരുകിയൊലിക്കുന്നു. സൈന്യങ്ങളുടെ യഹോവ നമ്മോടൊപ്പമുണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ കോട്ടയാകുന്നു. സേലാ. വരിക, യഹോവയുടെ പ്രവൃത്തികളെ കാണുക, അവിടന്ന് ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു. അവിടന്ന് ഭൂസീമകളിൽ യുദ്ധത്തിനു വിരാമംകുറിച്ചിരിക്കുന്നു. അവിടന്ന് വില്ല് ഒരുക്കുകയും കുന്തത്തെ ചിതറിക്കുകയും; രഥങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരിക്കുന്നു. “ശാന്തരായിരുന്ന് ഞാൻ ആകുന്നു ദൈവം എന്ന് അറിഞ്ഞുകൊൾക; ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ഉന്നതനാകും ഞാൻ ഭൂമിയിൽ ഉന്നതനാകും.”