സങ്കീർത്തനങ്ങൾ 109:1-13

സങ്കീർത്തനങ്ങൾ 109:1-13 MCV

ഞാൻ സ്തുതിക്കുന്ന എന്റെ ദൈവമേ, മൗനമായിരിക്കരുതേ, ദുഷ്ടതയും വഞ്ചനയും ഉള്ള മനുഷ്യർ, അവരുടെ വായ് എനിക്കെതിരേ തുറന്നിരിക്കുന്നു; വ്യാജംപറയുന്ന നാവുകൊണ്ട് അവർ എനിക്കെതിരേ സംസാരിച്ചിരിക്കുന്നു. വിദ്വേഷത്തിന്റെ വാക്കുകളാൽ അവർ എന്നെ വളഞ്ഞിരിക്കുന്നു; അകാരണമായി അവർ എന്നെ ആക്രമിക്കുന്നു. എന്റെ സൗഹൃദത്തിനു പകരം അവർ എന്റെമേൽ ആരോപണം ഉന്നയിക്കുന്നു, ഞാനോ പ്രാർഥനാനിരതനായിരിക്കുന്നു. അവർ എനിക്കു നന്മയ്ക്കുപകരം തിന്മചെയ്യുന്നു, എന്റെ സ്നേഹത്തിനു പകരം എന്നെ വെറുക്കുന്നു. എന്റെ ശത്രുവിനോട് പ്രതിരോധിക്കാൻ ഒരു അധർമിയെ നിയോഗിക്കണമേ; അയാളുടെ വലതുഭാഗത്ത് വിരോധി നിൽക്കട്ടെ. വിചാരണയിൽ അയാൾ കുറ്റക്കാരനെന്നു തെളിയട്ടെ, അയാളുടെ അഭ്യർഥനകൾ കുറ്റമായി കണക്കിടപ്പെടട്ടെ. അയാളുടെ നാളുകൾ ചുരുക്കമായിപ്പോകട്ടെ; അയാളുടെ നേതൃസ്ഥാനം മറ്റൊരാൾ സ്വീകരിക്കട്ടെ. അയാളുടെ മക്കൾ അനാഥരും ഭാര്യ വിധവയും ആയിത്തീരട്ടെ. അയാളുടെ മക്കൾ ഭിക്ഷാടകരായി അലയട്ടെ; നശിച്ചുപോയ അവരുടെ ഭവനങ്ങളിൽനിന്നും അവർ ആട്ടിയോടിക്കപ്പെടട്ടെ. അയാൾക്കുള്ളതെല്ലാം കടക്കാർ പിടിച്ചെടുക്കട്ടെ; അയാളുടെ അധ്വാനഫലം അപരിചിതർ അപഹരിക്കട്ടെ. ആരും അയാളോട് ദയകാണിക്കാതിരിക്കട്ടെ അനാഥരായ അയാളുടെ മക്കളോട് ആരും സഹതാപം കാണിക്കാതെയുമിരിക്കട്ടെ. അയാളുടെ പിൻതലമുറകൾ ഛേദിക്കപ്പെടട്ടെ, അടുത്ത തലമുറയിൽനിന്ന് അയാളുടെ പേരു മായിക്കപ്പെടട്ടെ.