സങ്കീർത്തനങ്ങൾ 109:1-13

സങ്കീർത്തനങ്ങൾ 109:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ. ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരേ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ട് അവർ എന്നോടു സംസാരിച്ചിരിക്കുന്നു. അവർ ദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു. എന്റെ സ്നേഹത്തിനു പകരം അവർ വൈരം കാണിക്കുന്നു; ഞാനോ പ്രാർഥന ചെയ്തുകൊണ്ടിരിക്കുന്നു. നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിനു പകരം ദ്വേഷവും അവർ എന്നോടു കാണിച്ചിരിക്കുന്നു. നീ അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കേണമേ; എതിരാളി അവന്റെ വലത്തുഭാഗത്തു നില്ക്കട്ടെ. അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്റെ പ്രാർഥന പാപമായിത്തീരട്ടെ. അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ. അവന്റെ മക്കൾ അനാഥരും അവന്റെ ഭാര്യ വിധവയും ആയിത്തീരട്ടെ. അവന്റെ മക്കൾ അലഞ്ഞു തെണ്ടിനടക്കട്ടെ; തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ട് ഇരന്നുനടക്കട്ടെ. കടക്കാരൻ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ; അന്യജാതിക്കാർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ. അവന് ദയ കാണിപ്പാൻ ആരും ഉണ്ടാകരുതേ; അവന്റെ അനാഥരോട് ആർക്കും കൃപ തോന്നരുതേ. അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നെ അവരുടെ പേർ മാഞ്ഞുപോകട്ടെ.

സങ്കീർത്തനങ്ങൾ 109:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവമേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു; അവിടുന്നു മൗനമായിരിക്കരുതേ. ദുഷ്ടരും വഞ്ചകരും എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. അവർ എനിക്കെതിരെ നുണ ചൊരിയുന്നു. വിദ്വേഷം നിറഞ്ഞ വാക്കുകൾകൊണ്ട് അവർ എന്നെ വളയുന്നു. കാരണം കൂടാതെ എന്നെ ആക്രമിക്കുന്നു. ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു. ഞാൻ അവരെ സ്നേഹിക്കുന്നു. എന്നിട്ടും അവർ എനിക്കെതിരെ ദോഷം ആരോപിക്കുന്നു. നന്മയ്‍ക്കു പകരം തിന്മയും സ്നേഹത്തിനു പകരം ദ്വേഷവും അവർ എനിക്കു നല്‌കുന്നു. എന്റെ ശത്രുവിനെതിരെ ഒരു ദുഷ്ടനെ നിയോഗിക്കണമേ. അവന്റെ കുറ്റാരോപണം അവനെ വിചാരണയിൽ നിർത്തട്ടെ. വിസ്തരിക്കപ്പെടുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ. അവന്റെ പ്രാർഥന പാപമായി കണക്കാക്കപ്പെടട്ടെ. അവന്റെ ആയുസ്സ് ചുരുങ്ങിപ്പോകട്ടെ. അവന്റെ സമ്പത്ത് ആരെങ്കിലും കൈയടക്കട്ടെ. അവന്റെ മക്കൾ അനാഥരും അവന്റെ ഭാര്യ വിധവയും ആയിത്തീരട്ടെ. അവന്റെ സന്തതികൾ യാചകരായി അലഞ്ഞുതിരിയട്ടെ. അവർ സങ്കേതമാക്കുന്ന ജീർണാവശിഷ്ടങ്ങൾക്കിടയിൽനിന്ന് അവർ തുരത്തപ്പെടട്ടെ. അവനുള്ളതെല്ലാം കടക്കാർ പിടിച്ചെടുക്കട്ടെ. അവന്റെ അധ്വാനഫലം അന്യർ അപഹരിക്കട്ടെ. അവനോടു കരുണ കാട്ടാൻ ആരും ഉണ്ടാകാതിരിക്കട്ടെ. അവന്റെ അനാഥരായ മക്കളോട് ആർക്കും അലിവു തോന്നാതിരിക്കട്ടെ. അവന്റെ വംശം ഇല്ലാതാകട്ടെ. അടുത്ത തലമുറപോലും അവനെ ഓർക്കാതിരിക്കട്ടെ.

സങ്കീർത്തനങ്ങൾ 109:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്‍റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ. ദുഷ്ടന്‍റെ വായും വഞ്ചകന്‍റെ വായും എന്‍റെ നേരെ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ട് അവർ എന്നോട് സംസാരിച്ചിരിക്കുന്നു. അവർ വിദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞ് കാരണംകൂടാതെ എന്നോട് പോരാടിയിരിക്കുന്നു. എന്‍റെ സ്നേഹത്തിന് പകരം അവർ എന്നെ കുറ്റം ചുമത്തുന്നു; എന്നാൽ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിന് പകരം ദ്വേഷവും അവർ എന്നോട് കാണിച്ചിരിക്കുന്നു. അവര്‍ പറയുന്നു: ”അങ്ങ് അവന്‍റെമേൽ ഒരു ദുഷ്ടനെ നിയമിക്കേണമേ; സാത്താൻ അവന്‍റെ വലത്തുഭാഗത്തു നില്‍ക്കട്ടെ. അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്‍റെ പ്രാർത്ഥന പാപമായിത്തീരട്ടെ. അവന്‍റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്‍റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ. അവന്‍റെ മക്കൾ അനാഥരും അവന്‍റെ ഭാര്യ വിധവയും ആയിത്തീരട്ടെ. അവന്‍റെ മക്കൾ അലഞ്ഞ് തെണ്ടിനടക്കട്ടെ; അവരുടെ ശൂന്യഭവനങ്ങൾ വിട്ട് ഇരന്നു നടക്കട്ടെ; കടക്കാരൻ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ; അപരിചിതർ അവന്‍റെ പ്രയത്നഫലം കൊള്ളയിടട്ടെ. അവനോട് ദയ കാണിക്കുവാൻ ആരും ഉണ്ടാകരുതേ; അനാഥരായ അവന്‍റെ മക്കളോട് ആർക്കും കരുണ തോന്നരുതേ. അവന്‍റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നെ അവരുടെ പേര് മാഞ്ഞു പോകട്ടെ

സങ്കീർത്തനങ്ങൾ 109:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ. ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ടു അവർ എന്നോടു സംസാരിച്ചിരിക്കുന്നു. അവർ ദ്വേഷവാക്കുകൾകൊണ്ടു എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു. എന്റെ സ്നേഹത്തിന്നു പകരം അവർ വൈരം കാണിക്കുന്നു; ഞാനോ പ്രാർത്ഥന ചെയ്തുകൊണ്ടിരിക്കുന്നു. നന്മെക്കു പകരം തിന്മയും സ്നേഹത്തിന്നു പകരം ദ്വേഷവും അവർ എന്നോടു കാണിച്ചിരിക്കുന്നു. നീ അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കേണമേ; എതിരാളി അവന്റെ വലത്തുഭാഗത്തു നില്ക്കട്ടെ. അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്റെ പ്രാർത്ഥന പാപമായി തീരട്ടെ. അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ. അവന്റെ മക്കൾ അനാഥരും അവന്റെ ഭാര്യ വിധവയും ആയി തീരട്ടെ. അവന്റെ മക്കൾ അലഞ്ഞു തെണ്ടിനടക്കട്ടെ; തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ടു ഇരന്നു നടക്കട്ടെ; കടക്കാരൻ അവന്നുള്ളതൊക്കെയും കൊണ്ടു പോകട്ടെ; അന്യജാതിക്കാർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ. അവന്നു ദയ കാണിപ്പാൻ ആരും ഉണ്ടാകരുതേ; അവന്റെ അനാഥരോടു ആർക്കും കൃപ തോന്നരുതേ. അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നേ അവരുടെ പേർ മാഞ്ഞു പോകട്ടെ

സങ്കീർത്തനങ്ങൾ 109:1-13 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ സ്തുതിക്കുന്ന എന്റെ ദൈവമേ, മൗനമായിരിക്കരുതേ, ദുഷ്ടതയും വഞ്ചനയും ഉള്ള മനുഷ്യർ, അവരുടെ വായ് എനിക്കെതിരേ തുറന്നിരിക്കുന്നു; വ്യാജംപറയുന്ന നാവുകൊണ്ട് അവർ എനിക്കെതിരേ സംസാരിച്ചിരിക്കുന്നു. വിദ്വേഷത്തിന്റെ വാക്കുകളാൽ അവർ എന്നെ വളഞ്ഞിരിക്കുന്നു; അകാരണമായി അവർ എന്നെ ആക്രമിക്കുന്നു. എന്റെ സൗഹൃദത്തിനു പകരം അവർ എന്റെമേൽ ആരോപണം ഉന്നയിക്കുന്നു, ഞാനോ പ്രാർഥനാനിരതനായിരിക്കുന്നു. അവർ എനിക്കു നന്മയ്ക്കുപകരം തിന്മചെയ്യുന്നു, എന്റെ സ്നേഹത്തിനു പകരം എന്നെ വെറുക്കുന്നു. എന്റെ ശത്രുവിനോട് പ്രതിരോധിക്കാൻ ഒരു അധർമിയെ നിയോഗിക്കണമേ; അയാളുടെ വലതുഭാഗത്ത് വിരോധി നിൽക്കട്ടെ. വിചാരണയിൽ അയാൾ കുറ്റക്കാരനെന്നു തെളിയട്ടെ, അയാളുടെ അഭ്യർഥനകൾ കുറ്റമായി കണക്കിടപ്പെടട്ടെ. അയാളുടെ നാളുകൾ ചുരുക്കമായിപ്പോകട്ടെ; അയാളുടെ നേതൃസ്ഥാനം മറ്റൊരാൾ സ്വീകരിക്കട്ടെ. അയാളുടെ മക്കൾ അനാഥരും ഭാര്യ വിധവയും ആയിത്തീരട്ടെ. അയാളുടെ മക്കൾ ഭിക്ഷാടകരായി അലയട്ടെ; നശിച്ചുപോയ അവരുടെ ഭവനങ്ങളിൽനിന്നും അവർ ആട്ടിയോടിക്കപ്പെടട്ടെ. അയാൾക്കുള്ളതെല്ലാം കടക്കാർ പിടിച്ചെടുക്കട്ടെ; അയാളുടെ അധ്വാനഫലം അപരിചിതർ അപഹരിക്കട്ടെ. ആരും അയാളോട് ദയകാണിക്കാതിരിക്കട്ടെ അനാഥരായ അയാളുടെ മക്കളോട് ആരും സഹതാപം കാണിക്കാതെയുമിരിക്കട്ടെ. അയാളുടെ പിൻതലമുറകൾ ഛേദിക്കപ്പെടട്ടെ, അടുത്ത തലമുറയിൽനിന്ന് അയാളുടെ പേരു മായിക്കപ്പെടട്ടെ.