സദൃശവാക്യങ്ങൾ 20:1-7

സദൃശവാക്യങ്ങൾ 20:1-7 MCV

വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അവമൂലം വഴിതെറ്റുന്നവർ ജ്ഞാനിയല്ല. രാജക്രോധം ഭയപ്പെടുത്തുന്ന സിംഹഗർജനംപോലെയാണ്; അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നവർ സ്വജീവൻ അപകടത്തിൽപ്പെടുത്തുന്നു. കലഹത്തിൽനിന്ന് ഒഴിഞ്ഞിരിക്കുന്നത് ഒരു വ്യക്തിയുടെ ബഹുമതിയാണ്, എന്നാൽ ഭോഷരെല്ലാം കലഹത്തിനു തുനിയുന്നു. അലസർ കാലോചിതമായി നിലം ഉഴുതുമറിക്കുന്നില്ല; തന്മൂലം കൊയ്ത്തുകാലത്ത് വിളവെടുപ്പിനായി പരതും; ഒന്നുംതന്നെ ലഭിക്കുകയില്ല. ഒരു മനുഷ്യന്റെ ഹൃദയത്തിലെ ആലോചനകൾ അഗാധമായ ജലപ്പരപ്പാണ്, എന്നാൽ വിവേകമുള്ള മനുഷ്യർ അവ കോരിയെടുക്കുന്നു. തങ്ങൾ വിശ്വസ്തസുഹൃത്തുക്കളാണെന്നു പലരും അവകാശവാദം ഉന്നയിക്കുന്നു, എന്നാൽ വിശ്വസ്തരായ വ്യക്തികളെ കണ്ടെത്താൻ ആർക്കു കഴിയും? നീതിനിഷ്ഠർ സത്യസന്ധരായി ജീവിതം നയിക്കുന്നു; അവരെ അനുകരിക്കുന്ന അവരുടെ പിൻതലമുറയും അനുഗ്രഹിക്കപ്പെടും.