മത്തായി 7:12-27

മത്തായി 7:12-27 MCV

അതുകൊണ്ട്, മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക; ഇതുതന്നെയാണ് ന്യായപ്രമാണവും പ്രവാചകന്മാരും പറയുന്നതിന്റെ സാരാംശം. “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. നാശത്തിലേക്കു നയിക്കുന്ന വാതിൽ വീതിയുള്ളതും വഴി വിസ്തൃതവുമാകുന്നു; അതിലൂടെ പ്രവേശിക്കുന്നവർ അനേകരാണ്. എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ എത്രയോ ഇടുങ്ങിയതും പാത ദുഷ്കരവുമാണ്; അതു കണ്ടെത്തുന്നവരോ വിരളം. “ആടുകളുടെ വേഷമണിഞ്ഞ് നിങ്ങളെ സമീപിക്കുന്ന വ്യാജപ്രവാചകരെ സൂക്ഷിക്കുക; അകമേ അവർ അത്യാർത്തിപൂണ്ട ചെന്നായ്ക്കളാണ്. അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്കവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന് മുന്തിരിക്കുലകളോ ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴമോ ശേഖരിക്കാൻ കഴിയുമോ? നല്ലവൃക്ഷം നല്ലഫലവും വിഷവൃക്ഷം വിഷഫലവും നൽകുന്നു. നല്ലവൃക്ഷത്തിൽ വിഷഫലവും വിഷവൃക്ഷത്തിൽ നല്ലഫലവും കായ്ക്കുകയില്ല. നല്ലഫലമേകാത്ത ഏതു വൃക്ഷവും വെട്ടി തീയിലെറിയുന്നു. ഇതുപോലെ, വ്യാജപ്രവാചകരെ അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്ക് തിരിച്ചറിയാം. “ ‘കർത്താവേ, കർത്താവേ’ എന്ന് എന്നെ വിളിക്കുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. എന്റെ സ്വർഗസ്ഥപിതാവിന്റെ ഹിതം നിറവേറ്റുന്നവർക്കാണ് അവിടെ പ്രവേശനം. ന്യായവിധിദിവസത്തിൽ പലരും എന്നോട്, ‘കർത്താവേ, കർത്താവേ, അങ്ങയുടെ നാമത്തിൽ ഞങ്ങൾ പ്രവചിച്ചില്ലയോ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ ഉച്ചാടനംചെയ്തില്ലയോ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങളും ഞങ്ങൾ ചെയ്തില്ലയോ?’ എന്നു പറയും. അപ്പോൾ ഞാൻ അവരോട്, ‘ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുക എന്ന് ആജ്ഞാപിക്കും!’ “അതുകൊണ്ട്, എന്റെ ഈ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി പാറമേൽ വീടുപണിത ബുദ്ധിയുള്ള ഒരു മനുഷ്യനു തുല്യം. പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; എങ്കിലും പാറമേൽ അടിത്തറ ഉറപ്പിച്ചിരുന്നതിനാൽ അത് നിലംപതിച്ചില്ല. എന്നാൽ, എന്റെ ഈ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി മണലിൽ വീടുപണിത ബുദ്ധിശൂന്യനായ മനുഷ്യനോട് സദൃശൻ. പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; അതിഭയങ്കരമായിരുന്നു ആ വീടിന്റെ പതനം.”