മത്തായി 6:19-29

മത്തായി 6:19-29 MCV

“കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ അതിക്രമിച്ചുകയറി മോഷ്ടിക്കുകയുംചെയ്യുന്ന ഭൂമിയിൽ നിങ്ങൾ നിക്ഷേപം സംഭരിക്കരുത്; പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കാതെയും കള്ളന്മാർ അതിക്രമിച്ചുകയറി കവർച്ചചെയ്യാതെയും ഇരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സമാഹരിക്കുക. നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും. “കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശിതമായിരിക്കും. കണ്ണ് അശുദ്ധമെങ്കിൽ ശരീരംമുഴുവൻ ഇരുൾമയമായിരിക്കും. നിന്നിലുണ്ട് എന്നുകരുതപ്പെടുന്ന പ്രകാശം ഇരുട്ടാണെങ്കിൽ, ആ ഇരുട്ട് എത്ര ഭയാനകമായിരിക്കും! “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം. “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ? ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? “വസ്ത്രത്തെക്കുറിച്ച് നിങ്ങൾ വ്യാകുലചിത്തരാകുന്നത് എന്തിന്? വയലിലെ ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

മത്തായി 6:19-29 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു മത്തായി 6:19-29 സമകാലിക മലയാളവിവർത്തനം

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

3 ദിവസങ്ങളിൽ

ശ്രദ്ധാശൈഥില്യങ്ങളുടെയും വെല്ലുവിളികളുടെയും ലോകത്ത്, ലക്ഷ്യബോധവും വിശ്വസ്തവുമായ ജീവിതം നയിക്കുന്നതിന് നമ്മുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണ്. പിറുപിറുക്കൽ, സമപ്രായക്കാരുടെ സമ്മർദ്ദം, അലംഭാവം എന്നിവ പോലുള്ള പൊതുവായ പോരാട്ടങ്ങൾ പര്യവേക്ഷണം ചെയ്ത് ചെയ്യാൻ തിരുവെഴുത്തുകളിൽ വേരൂന്നിയ പ്രായോഗിക പാഠങ്ങൾ വാഗ്ദാനം ചെയ്യാൻ നാം ഇതിലൂടെ പരിശ്രമിക്കുന്നു. ജീവിതത്തിൻ്റെ പരീക്ഷണങ്ങളെ നേരിടാനും അവരുടെ വിശ്വാസം ശക്തിപ്പെടുത്താനും അവരുടെ ഹൃദയങ്ങളെ ദൈവേഷ്ടവുമായി യോജിപ്പിക്കാനും വിശ്വാസികളെ സഹായിക്കുന്നതിന് ഓരോ ദിവസവും ഉൾക്കാഴ്ചകളും പ്രവർത്തനക്ഷമമായ നടപടികളും നൽകുന്നു. ദൈവത്തിന്റെ മഹത്വത്തിനായി മനഃപൂർവം ജീവിക്കാൻ നമുക്ക് ഒന്നു ചേർന്ന് യാത്ര ചെയ്യാം.