ലേവ്യ 17
17
രക്തം കുടിക്കരുത്
1യഹോവ മോശയോട് അരുളിച്ചെയ്തു: 2“അഹരോനോടും അദ്ദേഹത്തിന്റെ പുത്രന്മാരോടും സകല ഇസ്രായേല്യരോടും സംസാരിക്കണം. അവരോടു പറയേണ്ട ‘യഹോവയുടെ കൽപ്പന ഇതാണ്— 3-4യഹോവയുടെ കൂടാരത്തിനുമുമ്പിൽ യഹോവയ്ക്കു വഴിപാടായി അർപ്പിക്കേണ്ടതിനു സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൊണ്ടുവരാതെ, കാളയെയോ#17:3-4 മൂ.ഭാ. ഈ പദം ആണിനെയോ പെണ്ണിനെയോ സൂചിപ്പിക്കാം. ആട്ടിൻകുട്ടിയെയോ കോലാടിനെയോ പാളയത്തിനകത്തോ പുറത്തോ യാഗം കഴിക്കുന്ന ഏതൊരു ഇസ്രായേല്യനെയും രക്തപാതകം ചെയ്ത വ്യക്തിയായി കരുതണം; ആ മനുഷ്യൻ രക്തം ചൊരിഞ്ഞതിനാൽ, അയാളെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം. 5ഇപ്പോൾ ഇസ്രായേല്യർ തുറസ്സായ സ്ഥലത്ത് അർപ്പിക്കുന്ന യാഗങ്ങൾ യഹോവയ്ക്കു സമാധാനയാഗങ്ങളായി യഹോവയുടെ സന്നിധിയിൽ പുരോഹിതന്മാരുടെ അടുക്കൽ സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൊണ്ടുവരേണ്ടത് ആവശ്യമാണ്. 6പുരോഹിതൻ സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള യഹോവയുടെ യാഗപീഠത്തിനുനേരേ രക്തം തളിക്കുകയും മേദസ്സ് യഹോവയ്ക്കു പ്രസാദകരമായ സൗരഭ്യമായി ദഹിപ്പിക്കുകയും വേണം. 7അവർ പരസംഗമായി#17:7 പരസംഗമായി, വിവക്ഷിക്കുന്നത് യഹോവയോടു പാതിവ്രത്യമില്ലാതിരിക്കുക. പിൻതുടരുന്ന കോലാടു വിഗ്രഹങ്ങൾക്ക്#17:7 അഥവാ, ഭൂതങ്ങൾക്ക് ഇനിയൊരിക്കലും യാഗം അർപ്പിക്കരുത്. ഇത് അവർക്കും വരാനുള്ള തലമുറകൾക്കും എന്നേക്കുമുള്ള ചട്ടമായിരിക്കണം.’
8“അവരോടു പറയുക: ‘ഒരു ഹോമയാഗമോ വഴിപാടോ അർപ്പിക്കുന്ന ഇസ്രായേല്യരോ അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസിയോ 9യഹോവയ്ക്കു യാഗം അർപ്പിക്കാൻ അതു സമാഗമകൂടാരവാതിലിൽ കൊണ്ടുവരുന്നില്ലെങ്കിൽ ആ മനുഷ്യനെ ഇസ്രായേൽജനത്തിൽനിന്ന് ഛേദിച്ചുകളയണം.
10“ ‘ഇസ്രായേല്യരോ അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസിയോ രക്തം കുടിച്ചാൽ ആ മനുഷ്യനു വിരോധമായി ഞാൻ എന്റെ മുഖംതിരിക്കുകയും അവരെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളകയും ചെയ്യും. 11കാരണം, ശരീരത്തിന്റെ ജീവൻ രക്തത്തിലാണ്. യാഗപീഠത്തിൽ നിങ്ങൾക്കുവേണ്ടി പാപപരിഹാരം വരുത്താൻ ഞാൻ അതു നിങ്ങൾക്കു നൽകിയിരിക്കുന്നു; രക്തമാണ് ഒരാളുടെ ജീവനുവേണ്ടി പാപപരിഹാരം വരുത്തുന്നത്. 12അതുകൊണ്ട് ഞാൻ ഇസ്രായേല്യരോടു പറയുന്നു, “നിങ്ങളിലാരും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയും രക്തം കുടിക്കരുത്.”
13“ ‘ഇസ്രായേല്യരോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയോ ഭക്ഷിക്കാവുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടിപ്പിടിച്ചാൽ രക്തം ഊറ്റിക്കളഞ്ഞ് മണ്ണിട്ടു മൂടണം. 14കാരണം, സർവജീവജാലങ്ങളുടെയും ജീവൻ അതിന്റെ ജീവാധാരമായ രക്തംതന്നെ. അതുകൊണ്ടാണ് ഞാൻ ഇസ്രായേൽമക്കളോട്: “നിങ്ങൾ യാതൊരു ജീവിയുടെയും രക്തം കുടിക്കരുത്, എന്തെന്നാൽ സർവജീവികളുടെയും ജീവൻ അതിന്റെ രക്തത്തിലാണ്, അത് ഭക്ഷിക്കുന്നവനെ ഛേദിച്ചുകളയണം” എന്നു കൽപ്പിച്ചത്.
15“ ‘ചത്തതിനെയോ വന്യമൃഗങ്ങൾ കടിച്ചുകീറിയതിനെയോ ഭക്ഷിക്കുന്ന സ്വദേശിയോ പ്രവാസിയോ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ ആചാരപരമായി അശുദ്ധരായിരിക്കും; പിന്നെ അയാൾ ശുദ്ധിയുള്ളവനാകും. 16വസ്ത്രം കഴുകാതെയും കുളിക്കാതെയുമിരുന്നാൽ, അയാൾ ആ കുറ്റം വഹിക്കണം.’ ”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ലേവ്യ 17: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.