ഇയ്യോബ് 3:1-11

ഇയ്യോബ് 3:1-11 MCV

ഇതിനുശേഷം ഇയ്യോബ് വായ് തുറന്നു തന്റെ ജന്മദിനത്തെ ശപിച്ചു. ഇയ്യോബ് ഇപ്രകാരം പ്രതികരിച്ചു: “ഞാൻ ജനിച്ച ദിവസം നശിച്ചുപോകട്ടെ, ‘ഒരു ആൺകുട്ടി പിറന്നു!’ എന്നു പറഞ്ഞ രാത്രിയും. ആ ദിവസം അന്ധകാരപൂരിതമാകട്ടെ; ഉയരത്തിൽനിന്ന് ദൈവം അതിനെ കടാക്ഷിക്കാതിരിക്കട്ടെ; അതിന്മേൽ വെളിച്ചം പ്രകാശിക്കാതിരിക്കട്ടെ. ഇരുട്ടും അന്ധതമസ്സും അതിനെ അധീനമാക്കട്ടെ; ഒരു മേഘം അതിനെ ആവരണംചെയ്യട്ടെ. കൂരിരുട്ട് അതിനെ ഭയപ്പെടുത്തട്ടെ. ആ രാത്രിയെ ഇരുട്ടു പിടികൂടട്ടെ; സംവത്സരത്തിലെ ദിനങ്ങളുടെ കൂട്ടത്തിൽ അതുൾപ്പെടാതെയും ഏതെങ്കിലും മാസങ്ങളിൽ അത് രേഖപ്പെടുത്താതെയും പോകട്ടെ. ആ രാത്രി വന്ധ്യയായിത്തീരട്ടെ; ആനന്ദഘോഷം അന്ന് കേൾക്കാതിരിക്കട്ടെ. ശപിക്കാൻ വിദഗ്ദ്ധരായവർ, തങ്ങളുടെ ശാപംകൊണ്ട് ലിവ്യാഥാനെപ്പോലും ഉണർത്താൻ കഴിവുള്ളവർ, അവർ ആ ദിവസത്തെ ശപിക്കട്ടെ. ആ ദിവസത്തെ ഉദയനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ. പകൽവെളിച്ചത്തിനായുള്ള കാത്തിരുപ്പ് വ്യർഥമാകട്ടെ; ആ ദിവസം അരുണോദയകിരണങ്ങൾ കാണാതിരിക്കട്ടെ. കാരണം അത് എന്റെ അമ്മയുടെ ഗർഭദ്വാരം അടച്ചുകളഞ്ഞില്ലല്ലോ എന്റെ കണ്ണിൽനിന്നു ദുരിതം മറയ്ക്കുകയും ചെയ്തില്ലല്ലോ. “ജനനത്തിങ്കൽത്തന്നെ ഞാൻ മരിച്ചുപോകാഞ്ഞതെന്തുകൊണ്ട്? ഗർഭപാത്രത്തിൽനിന്നു പുറപ്പെട്ടപ്പോൾത്തന്നെ അന്ത്യശ്വാസം വലിക്കാഞ്ഞതെന്തുകൊണ്ട്?