ന്യായാധിപന്മാർ 7:9-22

ന്യായാധിപന്മാർ 7:9-22 MCV

അന്നുരാത്രി യഹോവ ഗിദെയോനോടു കൽപ്പിച്ചു: “എഴുന്നേറ്റ് പാളയത്തിനുനേരേ ഇറങ്ങിച്ചെല്ലുക; ഞാൻ അത് നിന്റെ കൈയിൽ ഏൽപ്പിക്കാൻ പോകുന്നു. ആക്രമിക്കാൻ നിനക്കു ഭയമുണ്ടെങ്കിൽ നിന്റെ ഭൃത്യനായ പൂരയെയും കൂടെക്കൂട്ടി പാളയത്തിലേക്കു ചെല്ലുക. അവർ സംസാരിക്കുന്നത് നീ ശ്രദ്ധിക്കുക; അപ്പോൾ പാളയത്തെ ആക്രമിക്കാൻ നിനക്ക് ധൈര്യംവരും.” അങ്ങനെ ഗിദെയോനും ഭൃത്യനായ പൂരയും പാളയത്തിന്റെ കാവൽസ്ഥാനംവരെ ഇറങ്ങിച്ചെന്നു. മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരൊക്കെയും താഴ്വരയിൽ വെട്ടുക്കിളികൾപോലെ കൂട്ടമായി അണിനിരന്നിരുന്നു. അവരുടെ ഒട്ടകങ്ങൾ കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു. ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് തന്റെ സ്വപ്നം വിവരിക്കുകയായിരുന്നു: “ഞാൻ ഒരു സ്വപ്നംകണ്ടു; മിദ്യാന്യപാളയത്തിലേക്കു വട്ടത്തിലുള്ള ഒരു യവയപ്പം ഉരുണ്ടുരുണ്ടുവന്നു. കൂടാരത്തെ അതു ശക്തിയായി തള്ളിമറിച്ചിട്ടു; അങ്ങനെ കൂടാരം വീണു തകർന്നുപോയി എന്നു പറഞ്ഞു.” അതിന് മറ്റേയാൾ പറഞ്ഞു: “ഇത് യോവാശിന്റെ മകനായ ഗിദെയോൻ എന്ന ഇസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാന്യരെയും ഈ പാളയത്തെ ഒക്കെയും അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.” ഗിദെയോൻ സ്വപ്നവും വ്യാഖ്യാനവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു; അദ്ദേഹം ഇസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്ന് അവരോട് ഉറക്കെ വിളിച്ചുപറഞ്ഞു: “എഴുന്നേൽക്കുക! യഹോവ മിദ്യാന്യ പാളയത്തെ നിങ്ങളുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു.” അദ്ദേഹം ആ മുന്നൂറുപേരെ മൂന്നു സംഘമായി വിഭാഗിച്ചു; ഓരോരുത്തന്റെയും കൈയിൽ ഓരോ കാഹളവും ഒഴിഞ്ഞ കുടവും കുടത്തിനകത്ത് ഓരോ പന്തവും കൊടുത്തു. ഗിദെയോൻ അവരോടു പറഞ്ഞു: “എന്നെ നോക്കി, ഞാൻ ചെയ്യുന്നതുപോലെ ചെയ്യുക. പാളയത്തിന്റെ അതിർത്തിയിൽ എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെതന്നെ നിങ്ങളും ചെയ്യണം. ഞാനും എന്നോടുകൂടെയുള്ളവരും കാഹളംമുഴക്കുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റുംനിന്ന് കാഹളംമുഴക്കി, ‘യഹോവയ്ക്കും ഗിദെയോനുംവേണ്ടി’ എന്ന് ആർപ്പിടണം.” മധ്യയാമാരംഭത്തിൽ, കാവൽക്കാർ മാറിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അതിർത്തിയിലെത്തി. അവർ കാഹളം മുഴക്കിക്കൊണ്ട് കൈയിലിരുന്ന കുടങ്ങൾ ഉടച്ചു. മൂന്നുകൂട്ടവും കാഹളംമുഴക്കി, കുടങ്ങൾ ഉടച്ചു; ഇടത്തുകൈയിൽ പന്തവും വലത്തുകൈയിൽ ഊതാൻ കാഹളവും പിടിച്ചു: “യഹോവയ്ക്കും ഗിദെയോനുംവേണ്ടി ഒരു വാൾ!” എന്ന് ആർത്തു, പാളയത്തിന്റെ ചുറ്റും ഓരോരുത്തനും താന്താങ്ങളുടെ നിലയിൽത്തന്നെ നിന്നു; മിദ്യാന്യസൈന്യം ഓട്ടംതുടങ്ങി. അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി. ആ മുന്നൂറുപേരും കാഹളം മുഴക്കിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താങ്ങളുടെ കൂട്ടുകാരന്റെനേരേ തിരിപ്പിച്ചു; സൈന്യം സേരേരാ വഴിയായി ബേത്-ശിത്താഹവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലെയുടെ അതിരുവരെയും ഓടിപ്പോയി.