യെശയ്യാവ് 51:1-8

യെശയ്യാവ് 51:1-8 MCV

“നീതിയെ പിൻതുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരുമേ, എന്റെ വാക്കു ശ്രദ്ധിക്കുക. നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും നോക്കുക; നിങ്ങളുടെ പിതാവായ അബ്രാഹാമിലേക്കും നിങ്ങളെ പ്രസവിച്ച സാറയിലേക്കും നോക്കുക. ഏകനായിരുന്ന അവസ്ഥയിൽ ഞാൻ അവനെ വിളിക്കുകയും അവനെ അനുഗ്രഹിച്ചു വർധിപ്പിക്കുകയും ചെയ്തു. യഹോവ സീയോനെ ആശ്വസിപ്പിക്കും, അവിടന്ന് അവളുടെ ശൂന്യപ്രദേശങ്ങളെല്ലാം ആശ്വസിപ്പിക്കും; അവിടന്ന് അവളുടെ മരുഭൂമിയെ ഏദെൻപോലെയും അവളുടെ നിർജനസ്ഥലത്തെ യഹോവയുടെ തോട്ടംപോലെയുമാക്കും. ആനന്ദവും ആഹ്ലാദവും സ്തോത്രവും സംഗീതധ്വനിയും അവളിലുണ്ടാകും. “എന്റെ ജനതയേ, എന്നെ ശ്രദ്ധിക്കുക; എന്റെ രാഷ്ട്രമേ, എനിക്കു ചെവിതരിക: കാരണം നിയമം എന്നിൽനിന്ന് പുറപ്പെടും; എന്റെ നീതി രാഷ്ട്രങ്ങൾക്കു പ്രകാശമാകും. എന്റെ നീതി അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു, എന്റെ രക്ഷ സമീപിച്ചുകൊണ്ടിരിക്കുന്നു, എന്റെ ഭുജം രാഷ്ട്രങ്ങളെ ന്യായംവിധിക്കും. ദ്വീപുകൾ എനിക്കായി കാത്തിരിക്കുകയും എന്റെ ശക്തിയുള്ള ഭുജത്തിൽ ആശ്രയിക്കുകയും ചെയ്യും. നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുക, താഴേ ഭൂമിയെ നോക്കുക. ആകാശം പുകപോലെ അപ്രത്യക്ഷമാകും, ഭൂമി വസ്ത്രംപോലെ പഴകിപ്പോകും, അതിൽ വസിക്കുന്നവർ ഈച്ചകൾപോലെ മരണമടയും, എന്നാൽ എന്റെ രക്ഷ ശാശ്വതമായി നിലനിൽക്കും, എന്റെ നീതി നീങ്ങിപ്പോകുകയുമില്ല. “നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണമുള്ളവരുമേ, എന്റെ വാക്കു കേൾക്കുക: കേവലം മനുഷ്യരുടെ നിന്ദയെ നിങ്ങൾ ഭയപ്പെടുകയോ അവരുടെ ഭർത്സനത്തെ പേടിക്കുകയോ അരുത്. പുഴു അവരെ വസ്ത്രംപോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും. എന്നാൽ എന്റെ നീതി നിത്യകാലത്തേക്കുള്ളത് എന്റെ രക്ഷ തലമുറതലമുറയായും നിലനിൽക്കും.”