യെശയ്യാവ് 43:2-7

യെശയ്യാവ് 43:2-7 MCV

നീ വെള്ളത്തിൽക്കൂടി കടന്നുപോകുമ്പോൾ, ഞാൻ നിന്നോടൊപ്പമുണ്ടാകും; നദികളിൽക്കൂടി കടക്കുമ്പോൾ, അവ നിന്റെമീതേ കവിഞ്ഞൊഴുകുകയില്ല. തീയിൽക്കൂടി നീ നടന്നാൽ, നിനക്കു പൊള്ളൽ ഏൽക്കുകയില്ല; തീജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. കാരണം ഞാൻ നിന്റെ ദൈവമായ യഹോവ ആകുന്നു, നിന്റെ രക്ഷകനായ ഇസ്രായേലിന്റെ പരിശുദ്ധൻതന്നെ. ഞാൻ ഈജിപ്റ്റിനെ നിന്റെ വീണ്ടെടുപ്പുവിലയായും കൂശിനെയും സേബയെയും നിനക്കു പകരമായും നൽകിയിരിക്കുന്നു. നീ എന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവനും ബഹുമാനിതനും ആകുകയാലും ഞാൻ നിന്നെ സ്നേഹിക്കുകയാലും ഞാൻ നിനക്കുപകരം മനുഷ്യരെയും നിന്റെ ജീവനുപകരം രാഷ്ട്രങ്ങളെയും കൊടുക്കുന്നു. ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്; ഞാൻ നിന്റെ സന്തതിയെ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറുനിന്ന് നിന്നെ ശേഖരിക്കുകയും ചെയ്യും. ഞാൻ വടക്കിനോട്, ‘അവരെ വിട്ടയയ്ക്കുക’ എന്നും തെക്കിനോട്, ‘അവരെ തടഞ്ഞുവെക്കരുത്’ എന്നും കൽപ്പിക്കും. എന്റെ പുത്രന്മാരെ ദൂരത്തുനിന്നും എന്റെ പുത്രിമാരെ ഭൂമിയുടെ അറ്റത്തുനിന്നും കൊണ്ടുവരിക— എന്റെ പേരിൽ വിളിക്കപ്പെട്ടും എന്റെ മഹത്ത്വത്തിനായി ഞാൻ സൃഷ്ടിച്ചും ഞാൻതന്നെ രൂപപ്പെടുത്തിയുമിരിക്കുന്ന എല്ലാവരെയുംതന്നെ.”

യെശയ്യാവ് 43:2-7 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും