പുറപ്പാട് 35:21-29

പുറപ്പാട് 35:21-29 MCV

സന്മനസ്സുള്ളവരും ഹൃദയത്തിൽ താത്പര്യം തോന്നിയവരും സമാഗമകൂടാരത്തിന്റെ വേലകൾക്കും, അതിന്റെ എല്ലാ ശുശ്രൂഷകൾക്കും വിശുദ്ധവസ്ത്രങ്ങൾക്കുംവേണ്ടി യഹോവയ്ക്കു വഴിപാടുകൊണ്ടുവന്നു. ഔദാര്യമനസ്സുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വർണം വഴിപാടായി കൊണ്ടുവന്നു: വള, കുണുക്ക്, മോതിരം, മാല മുതലായ സ്വർണാഭരണങ്ങൾ ഉയർത്തി ഒരു വിശിഷ്ടയാഗമായി കൊണ്ടുവന്നു. നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ, കോലാട്ടുരോമം, ആട്ടുകൊറ്റന്റെ ചെമപ്പിച്ച തുകൽ, തഹശുതുകൽ എന്നിവ കൈവശമുള്ളവർ അവ കൊണ്ടുവന്നു. വെള്ളിയും വെങ്കലവും യഹോവയ്ക്കു വഴിപാടായി നൽകാൻ മനസ്സുള്ളവർ അതു കൊണ്ടുവന്നു, ഏതെങ്കിലും പണിക്കുതകത്തക്കവണ്ണം ഖദിരമരം കൈവശമുള്ളവർ അതും കൊണ്ടുവന്നു. വിദഗ്ദ്ധകളായ സ്ത്രീകൾ സ്വന്തം കൈകൊണ്ടു നെയ്തെടുത്ത നീലനൂലും ഊതനൂലും ചെമപ്പുനൂലും മൃദുലചണനൂലും കൊണ്ടുവന്നു. വിദഗ്ദ്ധകളും ഉത്സാഹികളുമായ സ്ത്രീകൾ കോലാട്ടുരോമം നെയ്തെടുത്തു. ഏഫോദിനും നിർണയപ്പതക്കത്തിനും പതിക്കേണ്ടുന്ന മറ്റുരത്നങ്ങളും ഗോമേദകക്കല്ലുകളും പ്രമാണികൾ കൊണ്ടുവന്നു. കൂടാതെ, വെളിച്ചത്തിനുള്ള ഒലിവെണ്ണയും അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനുമുള്ള പരിമളവർഗവും അവർ കൊണ്ടുവന്നു. യഹോവ മോശമുഖാന്തരം കൽപ്പിച്ച സകലപ്രവൃത്തികൾക്കും ഇസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വമേധാദാനങ്ങൾ കൊണ്ടുവന്നു.

പുറപ്പാട് 35:21-29 - നുള്ള വീഡിയോ