കൊലോസ്യർ 3:1-8

കൊലോസ്യർ 3:1-8 MCV

നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ ഉയരത്തിലുള്ളത് അന്വേഷിക്കുക. അവിടെ ദൈവത്തിന്റെ വലതുഭാഗത്ത് ക്രിസ്തു ഉപവിഷ്ടനായിരിക്കുന്നു. ഭൂമിയിലുള്ളവയിലല്ല, ഉയരത്തിലുള്ളവയിൽത്തന്നെ മനസ്സ് കേന്ദ്രീകരിക്കുക. നിങ്ങൾ മരിച്ചിട്ട് നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. നിങ്ങളുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ അവിടത്തോടൊപ്പം നിങ്ങളും തേജസ്സിൽ പ്രത്യക്ഷരാകും. അതിനാൽ അസാന്മാർഗികത, അശുദ്ധി, വിഷയാസക്തി, ദുഷിച്ച അഭിലാഷങ്ങൾ, വിഗ്രഹാരാധനയായ അത്യാഗ്രഹം എന്നിങ്ങനെയുള്ള നിങ്ങളുടെ ജഡികവികാരങ്ങളെ നിർജീവമാക്കുക. ഇവ ദൈവകോപം ജ്വലിപ്പിക്കുന്നവയാണ്. നിങ്ങൾ ഒരുകാലത്ത് ഇവയെല്ലാമനുസരിച്ചു ജീവിച്ചവരായിരുന്നു. എന്നാൽ കോപം, ക്രോധം, വിദ്വേഷം, ദൂഷണം, നിങ്ങളുടെ വായിൽനിന്ന് പുറപ്പെടുന്ന അശ്ലീലഭാഷണം ഇവയൊക്കെയും ഇപ്പോൾ ഉപേക്ഷിക്കുക.