അവർ എബ്രായരോ? ഞാനും അതേ. അവർ ഇസ്രായേല്യരോ? ഞാനും അതേ. അവർ അബ്രാഹാമിന്റെ പിൻഗാമികളോ? ഞാനും അതേ. അവർ ക്രിസ്തുവിന്റെ ദാസരോ? (സുബോധമില്ലാത്തവനെപ്പോലെ ഞാൻ സംസാരിക്കുന്നു) ഞാൻ അവരെക്കാൾ മികച്ച ദാസൻതന്നെ. ഞാൻ അവരെക്കാൾ അധികം അധ്വാനിച്ചു. അവരെക്കാൾ ഏറെത്തവണ തടവിലായി. അവരെക്കാൾ ഏറെ ക്രൂരമായി ചമ്മട്ടികൊണ്ട് അടിയേറ്റു, പലപ്രാവശ്യം മരണത്തെ മുഖാമുഖം കണ്ടു. അഞ്ചുപ്രാവശ്യം എന്റെ സ്വന്തം ജനമായ യെഹൂദരാൽ ഒന്നു കുറയെ നാൽപ്പത് അടികൊണ്ടു. മൂന്നുതവണ റോമാക്കാർ കോലുകൊണ്ട് അടിച്ചു. ഒരിക്കൽ കല്ലേറ് ഏറ്റു. മൂന്നുപ്രാവശ്യം കപ്പലപകടത്തിൽപ്പെട്ടു. ഒരു രാത്രിയും ഒരു പകലും കടലിൽ കിടന്നു. വിശ്രമം ഇല്ലാതെ യാത്രചെയ്തു. നദികളിലെ ആപത്ത്, കൊള്ളക്കാരാലുള്ള ആപത്ത്, സ്വജനത്തിൽനിന്നുള്ള ആപത്ത്, യെഹൂദേതരരിൽനിന്നുള്ള ആപത്ത്, നഗരത്തിലെ ആപത്ത്, വിജനസ്ഥലങ്ങളിലെ ആപത്ത്, സമുദ്രത്തിലെ ആപത്ത്, വ്യാജസഹോദരങ്ങളിൽനിന്നുള്ള ആപത്ത് എന്നിവയിലെല്ലാം ഞാൻ അകപ്പെട്ടു. പലപ്പോഴും രാത്രികളിൽ ഉറക്കമിളച്ചും, വിശപ്പും ദാഹവും സഹിച്ചും, പലപ്രാവശ്യം ആഹാരമില്ലാതെ വലഞ്ഞും, ശൈത്യത്തിലും, ആവശ്യത്തിനു വസ്ത്രമില്ലാതെയും ഞാൻ ക്ലേശിച്ച് അധ്വാനിച്ചു. ഇവയ്ക്കെല്ലാം പുറമേ എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ദിനംതോറും ഞാൻ അഭിമുഖീകരിക്കുന്നു. നിങ്ങളിൽ ആര് ബലഹീനനായപ്പോഴാണ് ഞാനും ബലഹീനൻ ആകാതെയിരുന്നിട്ടുള്ളത്? ആര് തെറ്റിലകപ്പെട്ടപ്പോഴാണ് ഞാൻ അതേക്കുറിച്ച് ദുഃഖിക്കാതിരുന്നിട്ടുള്ളത്? അഭിമാനിക്കണമെങ്കിൽ, ഞാൻ എന്റെ ബലഹീനതകളെക്കുറിച്ച് അഭിമാനിക്കും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ, ഞാൻ പറയുന്നതു വ്യാജമല്ല എന്നറിയുന്നു; അവിടന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവൻ. അരേതാരാജാവ് നിയോഗിച്ച ഭരണാധികാരി ദമസ്കോസിൽവെച്ച് എന്നെ ബന്ധിക്കുന്നതിനായി ദമസ്കോസ് നഗരത്തിന് കാവൽ ഏർപ്പെടുത്തി. എന്നാൽ, എന്നെ ഒരു കുട്ടയിലാക്കി മതിലിലുള്ള ഒരു ജനാലയിലൂടെ താഴേക്കിറക്കുകയും അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ കൈകളിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു.
2 കൊരിന്ത്യർ 11 വായിക്കുക
കേൾക്കുക 2 കൊരിന്ത്യർ 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 കൊരിന്ത്യർ 11:22-33
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ