നെഹെമ്യാവു 5:9-16

നെഹെമ്യാവു 5:9-16 വേദപുസ്തകം

പിന്നെയും ഞാൻ പറഞ്ഞതു: നിങ്ങൾ ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഓർത്തിട്ടെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ? ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവർക്കു ദ്രവ്യവും ധാന്യവും കടം കൊടുത്തിരിക്കുന്നു; നാം ഈ പലിശ ഉപേക്ഷിച്ചുകളക. നിങ്ങൾ ഇന്നു തന്നേ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുപ്പിൻ; ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയിൽ നൂറ്റിന്നു ഒന്നു വീതം നിങ്ങൾ അവരോടു വാങ്ങിവരുന്നതും അവർക്കു ഇളെച്ചുകൊടുപ്പിൻ. അതിന്നു അവർ: ഞങ്ങൾ അവ മടക്കിക്കൊടുക്കാം; ഇനി അവരോടു ഒന്നും ചോദിക്കയുമില്ല; നീ പറയുമ്പോലെ തന്നേ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു. അപ്പോൾ ഞാൻ പുരോഹിതന്മാരെ വിളിച്ചു ഈ വാഗ്ദാനപ്രകാരം ചെയ്തുകൊള്ളാമെന്നു അവരുടെ മുമ്പിൽ വെച്ചു അവരെക്കൊണ്ടു സത്യം ചെയ്യിച്ചു. ഞാൻ എന്റെ മടി കുടഞ്ഞു; ഈ വാഗ്ദാനം നിവർത്തിക്കാത്ത ഏവനെയും അവന്റെ വീട്ടിൽനിന്നും അവന്റെ സമ്പാദ്യത്തിൽനിന്നും ദൈവം ഇതുപോലെ കുടഞ്ഞുകളയട്ടെ; ഇങ്ങനെ അവൻ കുടഞ്ഞും ഒഴിഞ്ഞും പോകട്ടെ എന്നു പറഞ്ഞു. സർവ്വസഭയും: ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവർത്തിച്ചു. ഞാൻ യെഹൂദാദേശത്തു അവരുടെദേശാധിപതിയായി നിയമിക്കപ്പെട്ട നാൾമുതൽ അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടുമുതൽ തന്നേ, അവന്റെ മുപ്പത്തിരണ്ടാം ആണ്ടുവരെ പന്ത്രണ്ടു സംവത്സരം ഞാനും എന്റെ സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങിയില്ല. എനിക്കു മുമ്പെ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികൾ ജനത്തിന്നു ഭാരമായിരുന്നു നാല്പതു ശേക്കെൽ വെള്ളിവീതം വാങ്ങിയതു കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോടു വാങ്ങി; അവരുടെ ഭൃത്യന്മാരും ജനത്തിന്മേൽ കർത്തൃത്വം നടത്തിവന്നു; ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല. ഞാൻ ഈ മതിലിന്റെ വേലയിൽ തന്നേ ഉറ്റിരുന്നു; ഞങ്ങൾ ഒരു നിലവും വിലെക്കു വാങ്ങിയില്ല; എന്റെ ഭൃത്യന്മാർ ഒക്കെയും ഈ വേലയിൽ ചേർന്നു പ്രവർത്തിച്ചുപോന്നു.