നെഹെമ്യാവ് 5:9-16
നെഹെമ്യാവ് 5:9-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെയും ഞാൻ പറഞ്ഞത്: നിങ്ങൾ ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഓർത്തിട്ടെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ? ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവർക്കു ദ്രവ്യവും ധാന്യവും കടം കൊടുത്തിരിക്കുന്നു; നാം ഈ പലിശ ഉപേക്ഷിച്ചുകളക. നിങ്ങൾ ഇന്നുതന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുപ്പിൻ; ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ, എന്നിവയിൽ നൂറ്റിന് ഒന്നു വീതം നിങ്ങൾ അവരോടു വാങ്ങിവരുന്നതും അവർക്ക് ഇളച്ചുകൊടുപ്പിൻ. അതിന് അവർ: ഞങ്ങൾ അവ മടക്കിക്കൊടുക്കാം; ഇനി അവരോട് ഒന്നും ചോദിക്കയുമില്ല; നീ പറയുമ്പോലെ തന്നെ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു. അപ്പോൾ ഞാൻ പുരോഹിതന്മാരെ വിളിച്ച് ഈ വാഗ്ദാനപ്രകാരം ചെയ്തുകൊള്ളാമെന്ന് അവരുടെ മുമ്പിൽവച്ച് അവരെക്കൊണ്ടു സത്യം ചെയ്യിച്ചു. ഞാൻ എന്റെ മടി കുടഞ്ഞു: ഈ വാഗ്ദാനം നിവർത്തിക്കാത്ത ഏവനെയും അവന്റെ വീട്ടിൽനിന്നും അവന്റെ സമ്പാദ്യത്തിൽനിന്നും ദൈവം ഇതുപോലെ കുടഞ്ഞുകളയട്ടെ; ഇങ്ങനെ അവൻ കുടഞ്ഞും ഒഴിഞ്ഞും പോകട്ടെ എന്നു പറഞ്ഞു. സർവസഭയും: ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവർത്തിച്ചു. ഞാൻ യെഹൂദാദേശത്ത് അവരുടെ ദേശാധിപതിയായി നിയമിക്കപ്പെട്ട നാൾമുതൽ അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടുമുതൽ തന്നെ, അവന്റെ മുപ്പത്തിരണ്ടാം ആണ്ടുവരെ പന്ത്രണ്ടു സംവത്സരം ഞാനും എന്റെ സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങിയില്ല. എനിക്കു മുമ്പേ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികൾ ജനത്തിനു ഭാരമായിരുന്നു; നാല്പതു ശേക്കെൽ വെള്ളിവീതം വാങ്ങിയതു കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോടു വാങ്ങി; അവരുടെ ഭൃത്യന്മാരും ജനത്തിന്മേൽ കർത്തൃത്വം നടത്തിവന്നു; ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല. ഞാൻ ഈ മതിലിന്റെ വേലയിൽ തന്നെ ഉറ്റിരുന്നു; ഞങ്ങൾ ഒരു നിലവും വിലയ്ക്കു വാങ്ങിയില്ല; എന്റെ ഭൃത്യന്മാരൊക്കെയും ഈ വേലയിൽ ചേർന്നു പ്രവർത്തിച്ചുപോന്നു.
നെഹെമ്യാവ് 5:9-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ വീണ്ടും പറഞ്ഞു: “നിങ്ങൾ ചെയ്യുന്നതു ശരിയല്ല. നമ്മുടെ ശത്രുക്കളുടെ പരിഹാസപാത്രമാകാതിരിക്കാനെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തോടുള്ള ഭക്തിയിൽ ജീവിക്കേണ്ടതല്ലോ? ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവർക്ക് പണവും ധാന്യവും കടം കൊടുത്തിട്ടുണ്ട്; പലിശ നമുക്ക് ഉപേക്ഷിക്കാം. നിങ്ങൾ ഇന്നുതന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുക്കണം; പണം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയിൽ നൂറിന് ഒന്നു വീതം പലിശയായി വാങ്ങി വരുന്നതു നിങ്ങൾ അവർക്ക് ഇളച്ചുകൊടുക്കണം.” അവർ പറഞ്ഞു: “ഞങ്ങൾ അവ മടക്കിക്കൊടുക്കാം; അവരിൽനിന്ന് ഇനി ഒന്നും ആവശ്യപ്പെടുകയില്ല. അങ്ങു പറയുന്നതുപോലെ ഞങ്ങൾ പ്രവർത്തിച്ചുകൊള്ളാം.” പിന്നീട് ഞാൻ പുരോഹിതന്മാരെ വിളിച്ചു വരുത്തി. “വാഗ്ദാനം ചെയ്തതുപോലെ പ്രവർത്തിച്ചുകൊള്ളാം” എന്ന് അവരെക്കൊണ്ട് പുരോഹിതന്മാരുടെ മുമ്പിൽവച്ച് പ്രതിജ്ഞ ചെയ്യിച്ചു. ഞാൻ എന്റെ മടി കുടഞ്ഞുകൊണ്ടു പറഞ്ഞു: “ഈ വാഗ്ദാനം നിറവേറ്റാത്ത എല്ലാവരെയും അവരുടെ ഭവനത്തിൽനിന്നും തൊഴിലിൽനിന്നും ദൈവം കുടഞ്ഞുകളയട്ടെ. അങ്ങനെ അവർ ഒന്നും ഇല്ലാത്തവരായിത്തീരട്ടെ.” സഭ മുഴുവൻ “ആമേൻ” എന്നു പറഞ്ഞു സർവേശ്വരനെ സ്തുതിച്ചു. അവർ പ്രതിജ്ഞ പാലിച്ചു. അർത്ഥക്സേർക്സസ് രാജാവിന്റെ വാഴ്ചയുടെ ഇരുപതാം വർഷം ഞാൻ യെഹൂദ്യയിൽ ദേശാധിപതിയായി നിയമിക്കപ്പെട്ടു. അന്നുമുതൽ അദ്ദേഹത്തിന്റെ മുപ്പത്തിരണ്ടാം ഭരണവർഷംവരെയുള്ള പന്ത്രണ്ടുവർഷം ഞാനോ എന്റെ ചാർച്ചക്കാരോ ദേശാധിപതിക്ക് അവകാശപ്പെട്ടിരുന്ന ഭക്ഷണത്തിനുള്ള പടി വാങ്ങിയിരുന്നില്ല. എന്റെ മുൻഗാമികളായിരുന്ന ഗവർണർമാർ ജനങ്ങളുടെമേൽ വലിയ ഭാരം ചുമത്തിയിരുന്നു; നാല്പതു വെള്ളിക്കാശു ചുമത്തിയിരുന്നതുകൂടാതെ ഭക്ഷണപാനീയങ്ങളും അവരിൽനിന്ന് ഈടാക്കിയിരുന്നു; അവരുടെ ഭൃത്യന്മാരും ജനങ്ങളുടെമേൽ അധികാരം നടത്തിയിരുന്നു; ദൈവത്തെ ഭയന്നു ഞാൻ അങ്ങനെ ചെയ്തില്ല. മതിലിന്റെ പണിയിൽ ഞാൻ മുഴുവൻ സമയവും വ്യാപൃതനായിരുന്നു. ഞങ്ങൾ സ്വന്തമായൊന്നും സമ്പാദിച്ചില്ല; എന്റെ ഭൃത്യന്മാരെല്ലാം മതിൽപ്പണിയിൽ സഹകരിച്ചു.
നെഹെമ്യാവ് 5:9-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെയും ഞാൻ പറഞ്ഞത്: “നിങ്ങൾ ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജനതകളുടെ നിന്ദ ഓർത്തിട്ടെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തെ ഭയപ്പെട്ട് നടക്കേണ്ടതല്ലയോ? ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവർക്ക് ദ്രവ്യവും ധാന്യവും കടം കൊടുത്തിരിക്കുന്നു; നാം ഈ പലിശ ഉപേക്ഷിച്ചുകളക. നിങ്ങൾ ഇന്ന് തന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുപ്പിൻ; ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയിൽ നൂറിന് ഒന്ന് വീതം നിങ്ങൾ അവരോട് വാങ്ങിവരുന്നതും അവർക്ക് ഇളെച്ചുകൊടുപ്പിൻ.” അതിന് അവർ: “ഞങ്ങൾ അവ മടക്കിക്കൊടുക്കാം; ഇനി അവരോട് ഒന്നും ചോദിക്കയുമില്ല. നീ പറയുന്നതുപോലെ തന്നെ ഞങ്ങൾ ചെയ്യും” എന്നു പറഞ്ഞു. അപ്പോൾ ഞാൻ പുരോഹിതന്മാരെ വിളിച്ച് ഈ വാഗ്ദാനപ്രകാരം ചെയ്തുകൊള്ളാമെന്ന് അവരുടെ മുമ്പാകെ അവരെക്കൊണ്ട് സത്യംചെയ്യിച്ചു. ഞാൻ എന്റെ വസ്ത്രത്തിന്റെ മടക്കുകൾ കുടഞ്ഞ്, “ഈ വാഗ്ദാനം നിവർത്തിക്കാത്ത ഏവനെയും അവന്റെ വീട്ടിൽനിന്നും അവന്റെ സമ്പാദ്യത്തിൽനിന്നും ദൈവം ഇതുപോലെ കുടഞ്ഞുകളയട്ടെ; ഇങ്ങനെ അവൻ കുടഞ്ഞും ഒഴിഞ്ഞും പോകട്ടെ” എന്നു പറഞ്ഞു. സർവ്വസഭയും: ‘ആമേൻ’ എന്ന് പറഞ്ഞ് യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവർത്തിച്ചു. ഞാൻ യെഹൂദാദേശത്ത് അവരുടെ ദേശാധിപതിയായി നിയമിക്കപ്പെട്ട നാൾമുതൽ അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടുമുതൽ തന്നെ, അവന്റെ മുപ്പത്തിരണ്ടാം ആണ്ടുവരെ പന്ത്രണ്ട് വര്‍ഷം ഞാനും എന്റെ സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങിയില്ല. എനിക്ക് മുമ്പെ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികൾ ജനത്തിന് ഭാരമായിരുന്നു. നാല്പത് ശേക്കൽ വെള്ളിവീതം വാങ്ങിയത് കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോട് വാങ്ങി. അവരുടെ ഭൃത്യന്മാരും ജനത്തിന്മേൽ കർത്തൃത്വം നടത്തിവന്നു. ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല. ഞാൻ ഈ മതിലിന്റെ വേലയിൽ തന്നെ ഉറ്റിരുന്നു. ഞങ്ങൾ ഒരു നിലവും വിലയ്ക്ക് വാങ്ങിയില്ല. എന്റെ ഭൃത്യന്മാർ ഒക്കെയും ഈ വേലയിൽ ചേർന്ന് പ്രവർത്തിച്ചുപോന്നു.
നെഹെമ്യാവ് 5:9-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെയും ഞാൻ പറഞ്ഞതു: നിങ്ങൾ ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഓർത്തിട്ടെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ? ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവർക്കു ദ്രവ്യവും ധാന്യവും കടം കൊടുത്തിരിക്കുന്നു; നാം ഈ പലിശ ഉപേക്ഷിച്ചുകളക. നിങ്ങൾ ഇന്നു തന്നേ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുപ്പിൻ; ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയിൽ നൂറ്റിന്നു ഒന്നു വീതം നിങ്ങൾ അവരോടു വാങ്ങിവരുന്നതും അവർക്കു ഇളെച്ചുകൊടുപ്പിൻ. അതിന്നു അവർ: ഞങ്ങൾ അവ മടക്കിക്കൊടുക്കാം; ഇനി അവരോടു ഒന്നും ചോദിക്കയുമില്ല; നീ പറയുമ്പോലെ തന്നേ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു. അപ്പോൾ ഞാൻ പുരോഹിതന്മാരെ വിളിച്ചു ഈ വാഗ്ദാനപ്രകാരം ചെയ്തുകൊള്ളാമെന്നു അവരുടെ മുമ്പിൽ വെച്ചു അവരെക്കൊണ്ടു സത്യം ചെയ്യിച്ചു. ഞാൻ എന്റെ മടി കുടഞ്ഞു; ഈ വാഗ്ദാനം നിവർത്തിക്കാത്ത ഏവനെയും അവന്റെ വീട്ടിൽനിന്നും അവന്റെ സമ്പാദ്യത്തിൽനിന്നും ദൈവം ഇതുപോലെ കുടഞ്ഞുകളയട്ടെ; ഇങ്ങനെ അവൻ കുടഞ്ഞും ഒഴിഞ്ഞും പോകട്ടെ എന്നു പറഞ്ഞു. സർവ്വസഭയും: ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവർത്തിച്ചു. ഞാൻ യെഹൂദാദേശത്തു അവരുടെദേശാധിപതിയായി നിയമിക്കപ്പെട്ട നാൾമുതൽ അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടുമുതൽ തന്നേ, അവന്റെ മുപ്പത്തിരണ്ടാം ആണ്ടുവരെ പന്ത്രണ്ടു സംവത്സരം ഞാനും എന്റെ സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങിയില്ല. എനിക്കു മുമ്പെ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികൾ ജനത്തിന്നു ഭാരമായിരുന്നു നാല്പതു ശേക്കെൽ വെള്ളിവീതം വാങ്ങിയതു കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോടു വാങ്ങി; അവരുടെ ഭൃത്യന്മാരും ജനത്തിന്മേൽ കർത്തൃത്വം നടത്തിവന്നു; ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല. ഞാൻ ഈ മതിലിന്റെ വേലയിൽ തന്നേ ഉറ്റിരുന്നു; ഞങ്ങൾ ഒരു നിലവും വിലെക്കു വാങ്ങിയില്ല; എന്റെ ഭൃത്യന്മാർ ഒക്കെയും ഈ വേലയിൽ ചേർന്നു പ്രവർത്തിച്ചുപോന്നു.
നെഹെമ്യാവ് 5:9-16 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ വീണ്ടും പറഞ്ഞു: “നിങ്ങൾ ഈ ചെയ്തതു ശരിയല്ല, യെഹൂദേതരരായ ശത്രുക്കളുടെ നിന്ദ ഏൽക്കാതിരിക്കാൻ നാം നമ്മുടെ ദൈവത്തെ ഭയപ്പെട്ടു ജീവിക്കേണ്ടതല്ലയോ? ഞാനും എന്റെ സഹോദരന്മാരും ഭൃത്യന്മാരും അവർക്കു പണവും ധാന്യവും കൊടുക്കുന്നുണ്ട്. എന്നാൽ, പലിശ വാങ്ങുന്നത് അവസാനിപ്പിക്കുക. ഉടൻതന്നെ അവരുടെ വയലുകളും മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിനൽകുക. പണം, ധാന്യം, പുതിയ വീഞ്ഞ്, ഒലിവെണ്ണ എന്നിവയ്ക്ക് നൂറിൽ ഒന്നുവീതം അവരിൽനിന്നും വാങ്ങിയിരുന്ന പലിശയും മടക്കിക്കൊടുക്കുക.” “ഞങ്ങൾ അതു മടക്കിക്കൊടുക്കാം,” അവർ പറഞ്ഞു, “അവരിൽനിന്ന് ഇനി യാതൊന്നും ഞങ്ങൾ ആവശ്യപ്പെടുകയില്ല. അങ്ങു പറയുന്നതുപോലെതന്നെ ഞങ്ങൾ ചെയ്യാം.” അപ്പോൾ ഞാൻ പുരോഹിതന്മാരെ വിളിച്ച് അവർ വാഗ്ദാനംചെയ്തതുപോലെ പാലിക്കുമെന്നു പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയുംകൊണ്ടു ശപഥംചെയ്യിച്ചു. എന്നിട്ട് ഞാൻ എന്റെ വസ്ത്രത്തിന്റെ മടക്കുകൾ കുടഞ്ഞുകൊണ്ട്, “ഈ വാഗ്ദാനം പാലിക്കാത്ത ഏതു മനുഷ്യനെയും അവന്റെ ഭവനത്തിൽനിന്നും സ്വത്തിൽനിന്നും ദൈവം ഇപ്രകാരം കുടഞ്ഞുകളയട്ടെ. ആ മനുഷ്യൻ ഇപ്രകാരം കുടഞ്ഞും ഒഴിഞ്ഞുംപോകട്ടെ” എന്നു പറഞ്ഞു. ഇതു കേട്ട് ആ സമൂഹം മുഴുവനും “ആമേൻ,” എന്നു പറഞ്ഞു. അവർ യഹോവയെ സ്തുതിച്ചു. ജനം വാഗ്ദാനം ചെയ്തതുപോലെതന്നെ പ്രവർത്തിച്ചു. അർഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാമാണ്ടിൽ ഞാൻ യെഹൂദാദേശത്തിനു ദേശാധിപതിയായി നിയമിക്കപ്പെട്ടതുമുതൽ അദ്ദേഹത്തിന്റെ മുപ്പത്തിരണ്ടാമാണ്ടുവരെയുള്ള പന്ത്രണ്ടുവർഷം ഞാനോ എന്റെ സഹോദരന്മാരോ ദേശാധിപതിക്ക് അനുവദനീയമായിരുന്ന ഭക്ഷണവിഹിതം വാങ്ങിയിരുന്നില്ല. എന്നാൽ എനിക്കു മുമ്പുണ്ടായിരുന്ന പഴയ ദേശാധിപതിമാർ ജനത്തെ വളരെ ഭാരപ്പെടുത്തി. അവരിൽനിന്ന് ആഹാരവും വീഞ്ഞും അതിനുംപുറമേ നാൽപ്പതുശേക്കേൽ വെള്ളിയും വാങ്ങിയിരുന്നു. അവരുടെ സേവകരും ജനത്തിന്റെമേൽ അധികാരം ചെലുത്തിയിരുന്നു. എന്നാൽ ദൈവഭയംനിമിത്തം ഞാൻ അങ്ങനെ ചെയ്തില്ല. അതിനുപകരം, ഞാൻ മതിൽപണിക്കുവേണ്ടി മുഴുവൻ ശ്രദ്ധയും നൽകി. എന്റെ സേവകരെല്ലാം പണിക്കു വന്നുകൂടി; ഞങ്ങൾ നിലങ്ങളൊന്നും കൈവശപ്പെടുത്തിയതുമില്ല.