ദാനീയേൽ 6:21-28

ദാനീയേൽ 6:21-28 വേദപുസ്തകം

ദാനീയേൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ. സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു. അപ്പോൾ രാജാവു അത്യന്തം സന്തോഷിച്ചു, ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റുവാൻ കല്പിച്ചു; അവർ ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റി; അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ടു അവന്നു യാതൊരു കേടും പറ്റിയതായി കണ്ടില്ല. പിന്നെ രാജാവിന്റെ കല്പനയാൽ, അവർ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുമ്മുമ്പെ സിംഹങ്ങൾ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകർത്തുകളഞ്ഞു. അന്നു ദാര്യാവേശ്‌രാജാവു സർവ്വഭൂമിയിലും വസിക്കുന്ന സകലവംശങ്ങൾക്കും ഭാഷക്കാർക്കും എഴുതിയതെന്തെന്നാൽ: നിങ്ങൾക്കു ശുഭം വർദ്ധിച്ചുവരട്ടെ. എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാൻ ഒരു തീർപ്പു കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു. അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹവായിൽനിന്നു രക്ഷിച്ചിരിക്കുന്നു. എന്നാൽ ദാനീയേൽ ദാര്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.

ദാനീയേൽ 6 വായിക്കുക