അരാംരാജാവിന്റെ സേനാപതിയായ നയമാൻമുഖാന്തരം യഹോവ അരാമിന്നു ജയം നല്കിയതുകൊണ്ടു അവന്റെ യജമാനൻ അവനെ മഹാനും മാന്യനും ആയി എണ്ണി; അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു. അരാമ്യർ കവർച്ചപ്പടയായി വന്നിരുന്നപ്പോൾ യിസ്രായേൽദേശത്തുനിന്നു ഒരു ചെറിയ പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോയിരുന്നു; അവൾ നയമാന്റെ ഭാര്യക്കു ശുശ്രൂഷ ചെയ്തുവന്നു. അവൾ തന്റെ യജമാനത്തിയോടു: യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു. അവൻ ചെന്നു തന്റെ യജമാനനോടു: യിസ്രായേൽദേശക്കാരത്തിയായ പെൺകുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു എന്നു ബോധിപ്പിച്ചു. നീ പോയി വരിക; ഞാൻ യിസ്രായേൽരാജാവിന്നു ഒരു എഴുത്തു തരാം എന്നു അരാംരാജാവു പറഞ്ഞു. അങ്ങനെ അവൻ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെൽ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു പുറപ്പെട്ടു. അവൻ യിസ്രായേൽരാജാവിന്റെ അടുക്കൽ എഴുത്തുംകൊണ്ടു ചെന്നു; അതിൽ: ഈ എഴുത്തു കൊണ്ടുവരുന്ന എന്റെ ഭൃത്യൻ നയമാന്റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിന്നു ഞാൻ അവനെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു എഴുതിയിരുന്നു. യിസ്രായേൽരാജാവു എഴുത്തു വായിച്ചപ്പോൾ വസ്ത്രം കീറി: അവൻ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന്നു ഒരാളെ എന്റെ അടുക്കൽ അയച്ചിരിക്കുന്നു! മരിപ്പിക്കയും ജീവിപ്പിക്കയും ചെയ്‌വാൻ ഞാൻ ദൈവമോ? നോക്കുവിൻ, അവൻ ഇതിനാൽ എന്നോടു ശണ്ഠെക്കു കാരണം അന്വേഷിക്കയല്ലയോ എന്നു പറഞ്ഞു. യിസ്രായേൽരാജാവു വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ രാജാവിന്റെ അടുക്കൽ ആളയച്ചു: നീ വസ്ത്രം കീറിക്കളഞ്ഞതു എന്തു? അവൻ എന്റെ അടുക്കൽ വരട്ടെ; എന്നാൽ യിസ്രായേലിൽ ഒരു പ്രവാചകൻ ഉണ്ടു എന്നു അവൻ അറിയും എന്നു പറയിച്ചു. അങ്ങനെ നയമാൻ രഥത്തോടും കുതിരകളോടുംകൂടെ എലീശയുടെ വീട്ടുവാതില്ക്കൽ വന്നു നിന്നു. എലീശാ ആളയച്ചു: നീ ചെന്നു യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.
2. രാജാക്കന്മാർ 5 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2. രാജാക്കന്മാർ 5:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ