2 രാജാക്കന്മാർ 5:1-10

2 രാജാക്കന്മാർ 5:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അരാംരാജാവിന്റെ സേനാപതിയായ നയമാൻ മുഖാന്തരം യഹോവ അരാമിനു ജയം നല്കിയതുകൊണ്ട് അവന്റെ യജമാനൻ അവനെ മഹാനും മാന്യനും ആയി എണ്ണി; അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു. അരാമ്യർ കവർച്ചപ്പടയായി വന്നിരുന്നപ്പോൾ യിസ്രായേൽദേശത്തുനിന്ന് ഒരു ചെറിയ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയിരുന്നു; അവൾ നയമാന്റെ ഭാര്യക്കു ശുശ്രൂഷ ചെയ്തുവന്നു. അവൾ തന്റെ യജമാനത്തിയോട്: യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു. അവൻ ചെന്നു തന്റെ യജമാനനോട്: യിസ്രായേൽദേശക്കാരത്തിയായ പെൺകുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു എന്നു ബോധിപ്പിച്ചു. നീ പോയി വരിക; ഞാൻ യിസ്രായേൽരാജാവിന് ഒരു എഴുത്തുതരാം എന്ന് അരാംരാജാവു പറഞ്ഞു. അങ്ങനെ അവൻ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെൽ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു പുറപ്പെട്ടു. അവൻ യിസ്രായേൽരാജാവിന്റെ അടുക്കൽ എഴുത്തും കൊണ്ടുചെന്നു; അതിൽ: ഈ എഴുത്ത് കൊണ്ടുവരുന്ന എന്റെ ഭൃത്യൻ നയമാന്റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിനു ഞാൻ അവനെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് എഴുതിയിരുന്നു. യിസ്രായേൽരാജാവ് എഴുത്തു വായിച്ചപ്പോൾ വസ്ത്രം കീറി: അവൻ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന് ഒരാളെ എന്റെ അടുക്കൽ അയച്ചിരിക്കുന്നു! മരിപ്പിക്കയും ജീവിപ്പിക്കയും ചെയ്‍വാൻ ഞാൻ ദൈവമോ? നോക്കുവിൻ, അവൻ ഇതിനാൽ എന്നോടു ശണ്ഠയ്ക്കു കാരണം അന്വേഷിക്കയല്ലയോ എന്നു പറഞ്ഞു. യിസ്രായേൽരാജാവ് വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ രാജാവിന്റെ അടുക്കൽ ആളയച്ചു: നീ വസ്ത്രം കീറിക്കളഞ്ഞത് എന്ത്? അവൻ എന്റെ അടുക്കൽ വരട്ടെ; എന്നാൽ യിസ്രായേലിൽ ഒരു പ്രവാചകൻ ഉണ്ട് എന്ന് അവൻ അറിയും എന്നു പറയിച്ചു. അങ്ങനെ നയമാൻ രഥത്തോടും കുതിരകളോടുംകൂടെ എലീശായുടെ വീട്ടുവാതിൽക്കൽ വന്നു നിന്നു. എലീശാ ആളയച്ചു: നീ ചെന്നു യോർദ്ദാനിൽ ഏഴുപ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.

2 രാജാക്കന്മാർ 5:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സിറിയാരാജാവിന്റെ സൈന്യാധിപനായിരുന്നു നയമാൻ. അയാൾ മുഖാന്തരം സർവേശ്വരൻ സിറിയായ്‍ക്കു വിജയം നല്‌കിയിരുന്നതുകൊണ്ട് രാജാവ് അയാളെ മഹാനായി കരുതി ബഹുമാനിച്ചു. നയമാൻ വീരപരാക്രമി ആയിരുന്നെങ്കിലും കുഷ്ഠരോഗിയായിരുന്നു. സിറിയാക്കാർ ഒരിക്കൽ ഇസ്രായേലിൽ കവർച്ച നടത്തിയപ്പോൾ ഒരു പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയിരുന്നു. അവൾ നയമാന്റെ ഭാര്യയെ പരിചരിച്ചുപോന്നു; ഒരു ദിവസം അവൾ തന്റെ യജമാനത്തിയോടു പറഞ്ഞു: “ശമര്യയിൽ പാർക്കുന്ന പ്രവാചകന്റെ അടുക്കലേക്ക് എന്റെ യജമാനൻ പോയിരുന്നെങ്കിൽ അദ്ദേഹം എന്റെ യജമാനന്റെ കുഷ്ഠം മാറ്റുമായിരുന്നു.” അങ്ങനെ നയമാൻ രാജാവിന്റെ അടുക്കൽ ചെന്ന് പെൺകുട്ടി പറഞ്ഞ കാര്യം അറിയിച്ചു. “ഞാൻ തരുന്ന കത്തുമായി ഇസ്രായേൽരാജാവിന്റെ അടുക്കലേക്ക് ഉടൻ പോകുക.” സിറിയാരാജാവ് നയമാനോട് കല്പിച്ചു. അയാൾ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെൽ സ്വർണവും പത്തു വിശിഷ്ട വസ്ത്രങ്ങളുമായി പുറപ്പെട്ടു. അദ്ദേഹം കത്ത് ഇസ്രായേൽരാജാവിനെ ഏല്പിച്ചു. അതിൽ ഇപ്രകാരം എഴുതിയിരുന്നു: “ഈ എഴുത്തുമായി വരുന്ന എന്റെ ദാസനായ നയമാനെ കുഷ്ഠരോഗം മാറ്റി സുഖപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു.” കത്തു വായിച്ചപ്പോൾ ഇസ്രായേൽരാജാവ് വസ്ത്രം കീറി. അദ്ദേഹം പറഞ്ഞു: “കുഷ്ഠരോഗിയെ സുഖപ്പെടുത്താൻ അയാൾ എന്നോട് ആവശ്യപ്പെടുന്നു; ഞാൻ മരണത്തിന്റെയും ജീവന്റെയുംമേൽ അധികാരമുള്ള ദൈവമാണോ? എന്നോടു യുദ്ധം ചെയ്യാൻ അയാൾ കാരണം ഉണ്ടാക്കുന്നതു കണ്ടില്ലേ?” എലീശ ഇതു കേട്ട് ഒരു ദൂതനെ അയച്ച് രാജാവിനോടു പറഞ്ഞു: “അങ്ങ് എന്തിനാണു വസ്ത്രം കീറിയത്? അയാൾ എന്റെ അടുക്കൽ വരട്ടെ; ഇസ്രായേലിൽ ഒരു പ്രവാചകനുണ്ടെന്നു ഞാൻ അയാളെ ബോധ്യപ്പെടുത്തും.” നയമാൻ രഥങ്ങളും കുതിരകളുമായി എലീശയുടെ വീട്ടുപടിക്കൽ എത്തി. എലീശ ഒരു ദൂതനെ അയച്ച് നയമാനെ അറിയിച്ചു: “നീ പോയി ഏഴു പ്രാവശ്യം യോർദ്ദാൻനദിയിൽ കുളിക്കുക; അപ്പോൾ നിന്റെ ശരീരം പൂർവസ്ഥിതിയിലായി നീ ശുദ്ധനാകും.”

2 രാജാക്കന്മാർ 5:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അരാം രാജാവിന്‍റെ സൈന്യാധിപനായ നയമാൻ മുഖാന്തരം യഹോവ അരാമിനു ജയം നല്കിയതുകൊണ്ട് അവന്‍റെ യജമാനൻ അവനെ മഹാനും മാന്യനും ആയി കരുതി; അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു. അരാമ്യ പടയാളികൾ യിസ്രായേൽ ദേശത്തു കവർച്ച നടത്തിയപ്പോൾ ഒരു ചെറിയ പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോയിരുന്നു; അവൾ നയമാന്‍റെ ഭാര്യക്കു ശുശ്രൂഷ ചെയ്തുവന്നു. അവൾ തന്‍റെ യജമാനത്തിയോട്: “യജമാനൻ ശമര്യയിലെ പ്രവാചകന്‍റെ അടുക്കൽ പോയിരുന്നെങ്കിൽ അവൻ അവന്‍റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു” എന്നു പറഞ്ഞു. നയമാൻ തന്‍റെ യജമാനനോട്: “യിസ്രായേൽ ദേശക്കാരിയായ പെൺകുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു” എന്നു ബോധിപ്പിച്ചു. “നീ പോയി വരിക; ഞാൻ യിസ്രായേൽരാജാവിന് ഒരു എഴുത്തു തരാം” എന്നു അരാം രാജാവ് പറഞ്ഞു. അങ്ങനെ അവൻ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കൽ പൊന്നും പത്തു കൂട്ടം വസ്ത്രങ്ങളും എടുത്തു പുറപ്പെട്ടു. അവൻ യിസ്രായേൽ രാജാവിന്‍റെ അടുക്കൽ എഴുത്തും കൊണ്ടു ചെന്നു; അതിൽ: “ഈ എഴുത്ത് കൊണ്ടുവരുന്ന എന്‍റെ ഭൃത്യൻ നയമാന്‍റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിനു ഞാൻ അവനെ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു” എന്നു എഴുതിയിരുന്നു. യിസ്രായേൽ രാജാവ് എഴുത്തു വായിച്ചപ്പോൾ വസ്ത്രം കീറി: “അവൻ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന് ഒരാളെ എന്‍റെ അടുക്കൽ അയച്ചിരിക്കുന്നു! കൊല്ലുവാനും ജീവിപ്പിക്കുവാനും ഞാൻ ദൈവമോ? നോക്കുവിൻ, അവൻ ഇതിനാൽ എന്നോടു ശണ്ഠയ്ക്കു കാരണം അന്വേഷിക്കയല്ലയോ?” എന്നു പറഞ്ഞു. യിസ്രായേൽ രാജാവ് വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ രാജാവിന്‍റെ അടുക്കൽ ആളയച്ചു: “നീ വസ്ത്രം കീറിക്കളഞ്ഞത് എന്തിന്? അവൻ എന്‍റെ അടുക്കൽ വരട്ടെ; എന്നാൽ യിസ്രായേലിൽ ഒരു പ്രവാചകൻ ഉണ്ട് എന്നു അവൻ അറിയും” എന്നു പറയിച്ചു. അങ്ങനെ നയമാൻ രഥത്തോടും കുതിരകളോടുംകൂടി എലീശയുടെ വീട്ടുവാതില്‍ക്കൽ വന്നു നിന്നു. എലീശാ ആളയച്ചു: “നീ ചെന്നു യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്കുക; അപ്പോൾ നിന്‍റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും” എന്നു പറയിച്ചു.

2 രാജാക്കന്മാർ 5:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അരാംരാജാവിന്റെ സേനാപതിയായ നയമാൻമുഖാന്തരം യഹോവ അരാമിന്നു ജയം നല്കിയതുകൊണ്ടു അവന്റെ യജമാനൻ അവനെ മഹാനും മാന്യനും ആയി എണ്ണി; അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു. അരാമ്യർ കവർച്ചപ്പടയായി വന്നിരുന്നപ്പോൾ യിസ്രായേൽദേശത്തുനിന്നു ഒരു ചെറിയ പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോയിരുന്നു; അവൾ നയമാന്റെ ഭാര്യക്കു ശുശ്രൂഷ ചെയ്തുവന്നു. അവൾ തന്റെ യജമാനത്തിയോടു: യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു. അവൻ ചെന്നു തന്റെ യജമാനനോടു: യിസ്രായേൽദേശക്കാരത്തിയായ പെൺകുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു എന്നു ബോധിപ്പിച്ചു. നീ പോയി വരിക; ഞാൻ യിസ്രായേൽരാജാവിന്നു ഒരു എഴുത്തു തരാം എന്നു അരാംരാജാവു പറഞ്ഞു. അങ്ങനെ അവൻ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെൽ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു പുറപ്പെട്ടു. അവൻ യിസ്രായേൽരാജാവിന്റെ അടുക്കൽ എഴുത്തുംകൊണ്ടു ചെന്നു; അതിൽ: ഈ എഴുത്തു കൊണ്ടുവരുന്ന എന്റെ ഭൃത്യൻ നയമാന്റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിന്നു ഞാൻ അവനെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു എഴുതിയിരുന്നു. യിസ്രായേൽരാജാവു എഴുത്തു വായിച്ചപ്പോൾ വസ്ത്രം കീറി: അവൻ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന്നു ഒരാളെ എന്റെ അടുക്കൽ അയച്ചിരിക്കുന്നു! മരിപ്പിക്കയും ജീവിപ്പിക്കയും ചെയ്‌വാൻ ഞാൻ ദൈവമോ? നോക്കുവിൻ, അവൻ ഇതിനാൽ എന്നോടു ശണ്ഠെക്കു കാരണം അന്വേഷിക്കയല്ലയോ എന്നു പറഞ്ഞു. യിസ്രായേൽരാജാവു വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ രാജാവിന്റെ അടുക്കൽ ആളയച്ചു: നീ വസ്ത്രം കീറിക്കളഞ്ഞതു എന്തു? അവൻ എന്റെ അടുക്കൽ വരട്ടെ; എന്നാൽ യിസ്രായേലിൽ ഒരു പ്രവാചകൻ ഉണ്ടു എന്നു അവൻ അറിയും എന്നു പറയിച്ചു. അങ്ങനെ നയമാൻ രഥത്തോടും കുതിരകളോടുംകൂടെ എലീശയുടെ വീട്ടുവാതില്ക്കൽ വന്നു നിന്നു. എലീശാ ആളയച്ചു: നീ ചെന്നു യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.

2 രാജാക്കന്മാർ 5:1-10 സമകാലിക മലയാളവിവർത്തനം (MCV)

നയമാൻ അരാംരാജാവിന്റെ സൈന്യാധിപനായിരുന്നു. അദ്ദേഹം മുഖാന്തരം യഹോവ അരാമിനു വിജയം നൽകിയിരുന്നതിനാൽ തന്റെ യജമാനന്റെ ദൃഷ്ടിയിൽ അദ്ദേഹം മഹാനും ബഹുമാന്യനുമായിത്തീർന്നു. നയമാൻ പരാക്രമശാലിയെങ്കിലും കുഷ്ഠരോഗിയായിരുന്നു. അരാമിൽനിന്നുള്ള കവർച്ചപ്പടകൾ വന്നിരുന്നപ്പോൾ അവർ ഇസ്രായേലിൽനിന്ന് ഒരു ബാലികയെ അടിമയായി പിടിച്ചുകൊണ്ടുപോയിരുന്നു. അവൾ നയമാന്റെ ഭാര്യയുടെ പരിചാരികയായിത്തീർന്നു. “എന്റെ യജമാനൻ ശമര്യയിലെ പ്രവാചകനെ ഒന്നു ചെന്നു കണ്ടിരുന്നെങ്കിൽ! അദ്ദേഹം യജമാനന്റെ കുഷ്ഠരോഗം സൗഖ്യമാക്കുമായിരുന്നു,” എന്ന് അവൾ തന്റെ യജമാനത്തിയോടു പറഞ്ഞു. നയമാൻ തന്റെ യജമാനനെ സമീപിച്ച് ഇസ്രായേൽക്കാരി പെൺകുട്ടി പറഞ്ഞ വിവരം അറിയിച്ചു. “നീ പോയിവരിക,” അരാംരാജാവ് പറഞ്ഞു. “ഞാൻ ഇസ്രായേൽരാജാവിന് ഒരു കത്തു തരാം.” അങ്ങനെ തന്റെ കൈവശം പത്തു താലന്തു വെള്ളിയും ആറായിരം ശേക്കേൽ സ്വർണവും പത്തുകൂട്ടം വസ്ത്രവും എടുത്തുകൊണ്ട് നയമാൻ പുറപ്പെട്ടു. ഇസ്രായേൽരാജാവിനെ ഏൽപ്പിക്കാനായി അരാംരാജാവെഴുതിയ കത്തും അദ്ദേഹം എടുത്തിരുന്നു. “ഈ കത്തുമായി വരുന്ന എന്റെ ഭൃത്യൻ നയമാന്റെ കുഷ്ഠരോഗം അങ്ങു മാറ്റിക്കൊടുക്കാനായി ഞാൻ അയാളെ അയയ്ക്കുന്നു,” എന്ന് അതിൽ എഴുതിയിരിക്കുന്നു. ഇസ്രായേൽരാജാവ് ആ കത്തു വായിച്ച ഉടൻ വസ്ത്രംകീറി, “ഞാൻ ദൈവമോ? ജീവൻ എടുക്കാനും കൊടുക്കാനും എനിക്കു കഴിയുമോ? കുഷ്ഠം മാറ്റിക്കൊടുക്കുന്നതിനായി ഒരുവനെ എന്റെ അടുത്തേക്ക് എന്തിനാണ് ഈ മനുഷ്യൻ അയച്ചിരിക്കുന്നത്? അയാൾ എന്നോട് ഒരു ശണ്ഠയ്ക്കുള്ള കാരണം തേടുന്നത് ഏതുവിധമെന്നു നോക്കുക!” എന്നു പറഞ്ഞു. ഇസ്രായേൽരാജാവ് വസ്ത്രം കീറിയെന്ന് ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ അദ്ദേഹം രാജാവിന് ഒരു സന്ദേശം കൊടുത്തയച്ചു: “എന്തിന് അങ്ങു സ്വന്തവസ്ത്രം കീറി? ആ മനുഷ്യൻ എന്റെ അടുക്കൽ വരട്ടെ, അപ്പോൾ ഇസ്രായേലിൽ ഒരു പ്രവാചകനുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലാകും.” അങ്ങനെ നയമാൻ തന്റെ കുതിരകളും രഥങ്ങളുമായി ചെന്ന് എലീശയുടെ വീടിന്റെ പടിവാതിൽക്കൽ നിന്നു. “താങ്കൾ പോയി യോർദാനിൽ ഏഴുപ്രാവശ്യം മുങ്ങുക; അപ്പോൾ താങ്കളുടെ ശരീരം പഴയതുപോലെയായി, താങ്കൾ ശുദ്ധനായിത്തീരും,” എന്നു പറയാൻ എലീശാ ഒരു സന്ദേശവാഹകനെ അയച്ചു.