സങ്കീ. 106:24-48

സങ്കീ. 106:24-48 IRVMAL

അവർ മനോഹരദേശത്തെ നിരസിച്ചു; അവിടുത്തെ വചനം വിശ്വസിച്ചതുമില്ല. അവർ അവരുടെ കൂടാരങ്ങളിൽവച്ച് പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു. അതുകൊണ്ട് ദൈവം അവരെ മരുഭൂമിയിൽ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജനതകളുടെ ഇടയിൽ നശിപ്പിക്കുമെന്നും അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്ക് വിരോധമായി തന്‍റെ കൈ ഉയർത്തി സത്യംചെയ്തു. അനന്തരം അവർ ബാൽ-പെയോരിനോട് ചേർന്നു; മരിച്ചവർക്കുള്ള ബലികൾ തിന്നു. ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ കർത്താവിനെ കോപിപ്പിച്ചു; പെട്ടെന്ന് അവർക്ക് ഒരു ബാധ തട്ടി. അപ്പോൾ ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി; ബാധ നിന്നുപോകുകയും ചെയ്തു. അത് തലമുറതലമുറയായി എന്നേക്കും അവന് നീതിയായി എണ്ണിയിരിക്കുന്നു. മെരീബാവെള്ളത്തിങ്കലും അവർ ദൈവത്തെ കോപിപ്പിച്ചു; അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു. അവർ അവനെ കോപിപ്പിച്ചതുകൊണ്ട് അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി. യഹോവ അവരോടു കല്പിച്ചതുപോലെ അവർ ജനതകളെ നശിപ്പിച്ചില്ല. അവർ ദൈവമില്ലാത്തവരോട് ഇടകലർന്ന് അവരുടെ പ്രവൃത്തികൾ പഠിച്ചു. അവരുടെ വിഗ്രഹങ്ങളെ സേവിച്ചു; അവ അവർക്കൊരു കെണിയായിത്തീർന്നു. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്ക് ബലികഴിച്ചു. അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നെ, ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്ക് ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീർന്നു. ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ മലിനപ്പെട്ടു, അവരുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു. അതുകൊണ്ട് യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിച്ചു; ദൈവം തന്‍റെ അവകാശത്തെ വെറുത്തു. കർത്താവ് അവരെ ജനതകളുടെ കയ്യിൽ ഏല്പിച്ചു; അവരെ വെറുത്തവർ അവരെ ഭരിച്ചു. അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവർക്ക് കീഴടങ്ങേണ്ടിവന്നു. പലപ്പോഴും കർത്താവ് അവരെ വിടുവിച്ചു; എങ്കിലും അവർ അവരുടെ ആലോചനയാൽ കർത്താവിനെ പ്രകോപിപ്പിച്ചു; അവരുടെ അകൃത്യം നിമിത്തം അധോഗതി പ്രാപിച്ചു. എന്നാൽ അവരുടെ നിലവിളികേട്ടപ്പോൾ കർത്താവ് അവരുടെ കഷ്ടത കടാക്ഷിച്ചു. ദൈവം അവർക്കുവേണ്ടി തന്‍റെ നിയമം ഓർത്തു; തന്‍റെ മഹാദയയാൽ മനസ്സുമാറ്റി. അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം അവരോട് കനിവ് തോന്നുമാറാക്കി. ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവാനും അവിടുത്തെ സ്തുതിയിൽ പ്രശംസിക്കുവാനും ജനതകളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കേണമേ. യിസ്രായേലിന്‍റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേൻ എന്നു പറയട്ടെ.