ഫിലി. 2:2-11

ഫിലി. 2:2-11 IRVMAL

നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ട് ആത്മാവിൽ ഐകമത്യപ്പെട്ട് ഏക ഉദ്ദേശ്യമുള്ളവരായി എന്‍റെ സന്തോഷം പൂർണ്ണമാക്കുവിൻ. സ്വാർത്ഥതയാലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ, താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊള്ളുവിൻ. ഓരോരുത്തൻ സ്വന്ത താല്പര്യങ്ങളല്ല, എന്നാൽ മറ്റുള്ളവൻ്റെ താല്പര്യം കൂടെ നോക്കേണം. ക്രിസ്തുയേശുവിലുള്ള മനോഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ, ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ, തന്നെത്താൻ ശൂന്യമാക്കി, ദാസരൂപം എടുത്ത്, മനുഷ്യസാദൃശ്യത്തിലായി, വേഷത്തിൽ മനുഷ്യനായി കാണപ്പെട്ടു, തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീർന്നു. അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തുകയും സകലനാമത്തിനും മേലായ നാമം നൽകുകയും ചെയ്തു; അങ്ങനെ യേശുവിന്‍റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു ആകുന്നു കർത്താവ്” എന്നു പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനായി ഏറ്റുപറയുകയും ചെയ്യും.