മത്താ. 7:12-27

മത്താ. 7:12-27 IRVMAL

മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നെ. ഇടുക്കുവാതിലിലൂടെ അകത്ത് കടക്കുവിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്ക് പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ. കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ ആടുകളുടെ വേഷം ധരിച്ചു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപ്പടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും ആരെങ്കിലും പറിക്കാറുണ്ടോ? അതുപോലെ നല്ല വൃക്ഷം ഒക്കെയും നല്ലഫലം കായ്ക്കുന്നു; ചീത്തയായ വൃക്ഷമോ ചീത്തഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലവും ചീത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പാൻ കഴിയില്ല. നല്ലഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു. ആകയാൽ അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും. എന്നോട് കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, പ്രത്യുത സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്. കർത്താവേ, കർത്താവേ, നിന്‍റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്‍റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോട് പറയും. അന്നു ഞാൻ പരസ്യമായി അവരോട് പ്രഖ്യാപിക്കും: “ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിരുന്നില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെവിട്ടു പോകുവിൻ.” ആകയാൽ എന്‍റെ ഈ വചനങ്ങളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ ഒക്കെയും പാറമേൽ വീട് പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു, നദികൾ പൊങ്ങി, കാറ്റ് അടിച്ചു, ആ വീടിന്മേൽ അടിച്ചു; എന്നാൽ അത് പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. എന്‍റെ ഈ വചനങ്ങളെ കേൾക്കുകയും എന്നാൽ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവരൊക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു, നദികൾ പൊങ്ങി, കാറ്റ് അടിച്ചു, ആ വീടിന്മേൽ അടിച്ചു, അത് വീണു; അതിന്‍റെ വീഴ്ച വലിയതായിരുന്നു.