മത്താ. 13:44-58

മത്താ. 13:44-58 IRVMAL

സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവച്ച നിധിയോട് സദൃശം. അത് ഒരു മനുഷ്യൻ കണ്ടു മറച്ചിട്ട്, തന്‍റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് ആ വയൽ വാങ്ങി. പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്ത് അന്വേഷിക്കുന്ന ഒരു വ്യാപാരിയോട് സദൃശം. അവൻ വിലയേറിയ ഒരു മുത്ത് കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് അത് വാങ്ങി. പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക ജീവികളേയും പിടിക്കുന്നതുമായൊരു വലയോടു സദൃശം. അത് നിറഞ്ഞപ്പോൾ മീൻ പിടുത്തക്കാർ അത് വലിച്ചു കരയ്ക്ക് കയറ്റി, അവർ ഇരുന്നുകൊണ്ട് നല്ലത് പാത്രങ്ങളിൽ കൂട്ടിവച്ചു, ചീത്തയായവ എറിഞ്ഞുകളഞ്ഞു. ഇങ്ങനെ തന്നെ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്ന് ദുഷ്ടന്മാരെ വേർതിരിക്കും. അവർ അവരെ തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന് ശിഷ്യന്മാർ അതെ എന്നു പറഞ്ഞു. പിന്നെ യേശു അവരോട്: അതുകൊണ്ട് സ്വർഗ്ഗരാജ്യത്തിന് ശിഷ്യനായി തീർന്ന ഏത് ശാസ്ത്രിയും തന്‍റെ നിക്ഷേപത്തിൽ നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന ഒരു വീട്ടുടയവനോട് സദൃശനാകുന്നു എന്നു പറഞ്ഞു. യേശു ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം അവിടെനിന്നും പുറപ്പെട്ടു. അതിനുശേഷം തന്‍റെ സ്വന്ത പ്രദേശങ്ങളിൽ പ്രവേശിച്ചു അവിടെയുള്ള ജനങ്ങളെ അവരുടെ പള്ളിയിൽ ഉപദേശിച്ചു. അപ്പോൾ അവർ യേശുവിന്‍റെ ഉപദേശത്തിൽ വിസ്മയിച്ചു: “ഇവന് ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നുലഭിച്ചു? ഇവൻ തച്ചൻ്റെ മകൻ അല്ലയോ? ഇവന്‍റെ അമ്മ മറിയ അല്ലയോ? ഇവന്‍റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്‍റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന് ഇതു ഒക്കെയും എവിടെ നിന്നുലഭിച്ചു?“ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. യേശു അവരോട്: ഒരു പ്രവാചകൻ തന്‍റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു. അവരുടെ അവിശ്വാസം നിമിത്തം അവൻ അവിടെ വളരെ വീര്യപ്രവൃത്തികളെ ചെയ്തില്ല.

മത്താ. 13:44-58 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും