ന്യായാ. 7:9-15

ന്യായാ. 7:9-15 IRVMAL

അന്ന് രാത്രി യഹോവ അവനോട് കല്പിച്ചത്: “എഴുന്നേറ്റ് പാളയത്തിന്‍റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അത് നിനക്ക് ഏല്പിച്ചിരിക്കുന്നു. ഇറങ്ങിച്ചെല്ലുവാൻ നിനക്ക് പേടിയുണ്ടെങ്കിൽ നീ നിന്‍റെ ബാല്യക്കാരൻ പൂരയുമായി പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക. എന്നാൽ അവർ സംസാരിക്കുന്നത് എന്തെന്ന് നീ കേൾക്കും; അതിന്‍റെശേഷം പാളയത്തിന്‍റെ നേരെ ഇറങ്ങിച്ചെല്ലുവാൻ നിനക്ക് ധൈര്യം ഉണ്ടാകും.” അങ്ങനെ അവനും അവന്‍റെ ബാല്യക്കാരനായ പൂരയും കൂടി സൈനിക താവളത്തിന് സമീപത്തോളം ഇറങ്ങിച്ചെന്നു. എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കെ ദേശക്കാരൊക്കെയും വെട്ടുക്കിളിപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അനേകം ആയിരുന്നു. ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് ഒരു സ്വപ്നം വിവരിക്കയായിരുന്നു: “ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവത്തപ്പം അപ്രതീക്ഷിതമായി മിദ്യാന്യരുടെ പാളയത്തിലേക്ക് ഉരുണ്ടു വന്ന് കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു” എന്നു പറഞ്ഞു. അതിന് മറ്റവൻ: “ഇത് യിസ്രയേല്യൻ യോവാശിന്‍റെ മകനായ ഗിദെയോന്‍റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. ഗിദെയോൻ സ്വപ്നവും അർഥവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു. യിസ്രായേലിന്‍റെ പാളയത്തിൽ മടങ്ങിച്ചെന്നു: “എഴുന്നേല്പിൻ, യഹോവ മിദ്യാന്‍റെ പാളയത്തെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.