യെശ. 51:1-8

യെശ. 51:1-8 IRVMAL

“നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളവരേ, എന്‍റെ വാക്കു കേൾക്കുവിൻ; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ. നിങ്ങളുടെ പൂര്‍വ്വ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ; ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വർദ്ധിപ്പിച്ചിരിക്കുന്നു.” യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവിടുന്ന് അതിന്‍റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്‍റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്‍റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; ആനന്ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും അതിൽ ഉണ്ടാകും. “എന്‍റെ ജനമേ, എന്‍റെ വാക്കു കേൾക്കുവിൻ; എന്‍റെ ജനതയേ, എനിക്ക് ചെവിതരുവിൻ; ഉപദേശം എങ്കൽനിന്ന് പുറപ്പെടും; ഞാൻ എന്‍റെ ന്യായത്തെ വംശങ്ങൾക്ക് പ്രകാശമായി സ്ഥാപിക്കും. എന്‍റെ നീതി സമീപമായിരിക്കുന്നു; എന്‍റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്‍റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായംവിധിക്കും; ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്‍റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു. നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തുവിൻ; താഴെ ഭൂമിയെ നോക്കുവിൻ; ആകാശം പുകപോലെ പൊയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; എന്നാൽ എന്‍റെ രക്ഷ എന്നേക്കും ഇരിക്കും; എന്‍റെ നീതിക്കു നീക്കം വരുകയുമില്ല. നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്‍റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളവരേ, എന്‍റെ വാക്കു കേൾക്കുവിൻ; നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്; അവരുടെ ദൂഷണങ്ങളെ പേടിക്കുകയും അരുത്. പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; എന്നാൽ എന്‍റെ നീതി ശാശ്വതമായും എന്‍റെ രക്ഷ തലമുറതലമുറയായും ഇരിക്കും.”