യെശ. 43:1-13

യെശ. 43:1-13 IRVMAL

ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നെ. നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്‍റെ മീതെ കവിയുകയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തു പോവുകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. നിന്‍റെ ദൈവവും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്‍റെ രക്ഷകൻ; നിന്‍റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു. നീ എനിക്ക് വിലയേറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കുകയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്‍റെ ജീവന് പകരം ജനതകളെയും കൊടുക്കുന്നു. “ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; നിന്‍റെ സന്തതിയെ ഞാൻ കിഴക്കുനിന്ന് വരുത്തുകയും പടിഞ്ഞാറുനിന്ന് നിന്നെ ശേഖരിക്കുകയും ചെയ്യും. ഞാൻ വടക്കിനോട്: ‘തരിക’ എന്നും തെക്കിനോട്: ‘തടുത്തുവയ്ക്കരുത്’ എന്നും കല്പിക്കും; ദൂരത്തുനിന്ന് എന്‍റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്ന് എന്‍റെ പുത്രിമാരെയും എന്‍റെ നാമത്തിൽ വിളിച്ചും എന്‍റെ മഹത്ത്വത്തിനായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരുക എന്നു ഞാൻ കല്പിക്കും.” കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ. സകലജനതകളും ഒന്നിച്ചുകൂടട്ടെ, വംശങ്ങൾ ചേർന്നുവരട്ടെ; അവരിൽ ആര്‍ ഇതു പ്രസ്താവിക്കുകയും, പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചുതരുകയും ചെയ്യുന്നു? അവർ നീതീകരിക്കപ്പെടേണ്ടതിന് സാക്ഷികളെ കൊണ്ടുവരട്ടെ; അവർ കേട്ടിട്ടു “സത്യം തന്നെ” എന്നു പറയട്ടെ. “നിങ്ങൾ അറിഞ്ഞ് എന്നെ വിശ്വസിക്കുകയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കുകയും ചെയ്യേണ്ടതിന് നിങ്ങൾ എന്‍റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ദാസനും ആകുന്നു” എന്നു യഹോവയുടെ അരുളപ്പാടു: “എനിക്കുമുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്‍റെ ശേഷം ഉണ്ടാവുകയുമില്ല. ഞാൻ, ഞാൻ തന്നെ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നെ പ്രസ്താവിക്കുകയും രക്ഷിക്കുകയും കേൾപ്പിക്കുകയും ചെയ്തത്; അതുകൊണ്ട് നിങ്ങൾ എന്‍റെ സാക്ഷികൾ” എന്നു യഹോവയുടെ അരുളപ്പാടു; “ഞാൻ ദൈവം തന്നെ. ഇന്നും ഞാൻ അനന്യൻ തന്നെ; എന്‍റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആര്‍ അത് തടുക്കും?”