പുറ. 16
16
മന്നയും കാടപ്പക്ഷിയും
1അവർ ഏലീമിൽനിന് യാത്ര പുറപ്പെട്ടു; യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തീയതി അവരുടെ സംഘം പൂർണ്ണമായി ഏലീമിനും സീനായിക്കും മദ്ധ്യേ ഉള്ള സീൻ മരുഭൂമിയിൽ വന്നു. 2ആ മരുഭൂമിയിൽവച്ച് യിസ്രായേൽ മക്കളുടെ സമൂഹം മോശെയ്ക്കും അഹരോനും വിരോധമായി പിറുപിറുത്തു. 3യിസ്രായേൽ മക്കൾ അവരോട്: “ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കൽ ഇരിക്കുകയും തൃപ്തിയാകുംവരെ ഭക്ഷണം കഴിക്കുകയും ചെയ്ത മിസ്രയീമിൽ വച്ചു യഹോവയുടെ കയ്യാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ട് കൊല്ലുവാൻ ഈ മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ട് വന്നിരിക്കുന്നു” എന്നു പറഞ്ഞു.
4അപ്പോൾ യഹോവ മോശെയോട്: “ഞാൻ നിങ്ങൾക്ക് ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും; ജനം എന്‍റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന് അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്ക് വേണ്ടത് അന്നന്ന് പെറുക്കിക്കൊള്ളേണം. 5എന്നാൽ ആറാം ദിവസം#16:5 ആറാം ദിവസം വെള്ളിയാഴ്ച അവർ കൊണ്ടുവരുന്നത് പാകം ചെയ്യുമ്പോൾ ദിവസംപ്രതി ശേഖരിക്കുന്നതിൻ്റെ ഇരട്ടി കാണും” എന്നു അരുളിച്ചെയ്തു.
6മോശെയും അഹരോനും യിസ്രായേൽ മക്കളോട്: “നിങ്ങളെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്നത് യഹോവ തന്നെ എന്നു ഇന്ന് വൈകുന്നേരം നിങ്ങൾ അറിയും. 7പ്രഭാതകാലത്ത് നിങ്ങൾ യഹോവയുടെ തേജസ്സ് കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടുന്ന് കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരെ പിറുപിറുക്കുവാൻ ഞങ്ങൾ ആരാണ്?” എന്നു പറഞ്ഞു. 8മോശെ പിന്നെയും: “യഹോവ നിങ്ങൾക്ക് തിന്നുവാൻ വൈകുന്നേരത്ത് മാംസവും പ്രഭാതകാലത്ത് തൃപ്തിയാകുംവരെ അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരെ നിങ്ങൾ പിറുപിറുക്കുന്നത് അവൻ കേൾക്കുന്നു; ഞങ്ങൾ ആരാണ്? നിങ്ങളുടെ പിറുപിറുപ്പ് ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ” എന്നു പറഞ്ഞു.
9അഹരോനോട് മോശെ: “യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; യഹോവ നിങ്ങളുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു എന്നു യിസ്രായേൽ മക്കളുടെ സർവ്വസംഘത്തോടും പറയുക” എന്നു പറഞ്ഞു. 10അഹരോൻ യിസ്രായേൽ മക്കളുടെ സർവ്വസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്ക് നേരെ തിരിഞ്ഞുനോക്കി, യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നത് കണ്ടു.
11യഹോവ മോശെയോട്: “യിസ്രായേൽ മക്കളുടെ പിറുപിറുപ്പ് ഞാൻ കേട്ടിരിക്കുന്നു. 12നീ അവരോട് സംസാരിച്ചു: നിങ്ങൾ വൈകുന്നേരം മാംസം തിന്നും; പ്രഭാതത്തിൽ അപ്പംകൊണ്ട് തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും എന്നു പറയുക” എന്നു കല്പിച്ചു.
13വൈകുന്നേരം കാടകൾ വന്ന് പാളയത്തെ മൂടി; പ്രഭാതത്തിൽ പാളയത്തിന്‍റെ ചുറ്റും മഞ്ഞ് വീണുകിടന്നു. 14വീണുകിടന്ന മഞ്ഞ് മാറിയശേഷം മരുഭൂമിയിൽ എല്ലായിടവും ചെതുമ്പൽപോലെ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്ത് കിടക്കുന്നത് കണ്ടു. 15യിസ്രായേൽ മക്കൾ അത് കണ്ടപ്പോൾ എന്താണ് എന്നു അറിയാഞ്ഞതുകൊണ്ട് “ഇതെന്ത്” എന്നു തമ്മിൽതമ്മിൽ ചോദിച്ചു.
മോശെ അവരോട്: “ഇത് യഹോവ നിങ്ങൾക്ക് ഭക്ഷിക്കുവാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു. 16ഓരോരുത്തർക്കും ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിക്കൊള്ളേണം; അവരവരുടെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിനനുസരിച്ച് ഒരാൾക്ക് #16:16 ഇടങ്ങഴി - ഒരു ലിറ്ററിനേക്കാൾ അല്പം കൂടുതൽഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
17യിസ്രായേൽ മക്കൾ അങ്ങനെ ചെയ്തു. ചിലർ കൂടുതലും ചിലർ കുറവും പെറുക്കി. 18#16:18 ഇടങ്ങഴി - അളവുപാത്രംഇടങ്ങഴികൊണ്ട് അളന്നപ്പോൾ കൂടുതൽ ശേഖരിച്ചവന് കൂടുതലും കുറവ് ശേഖരിച്ചവന് കുറവും കണ്ടില്ല; ഓരോരുത്തരും അവരവർക്ക് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കിയിരുന്നു.
19“പിറ്റേ ദിവസത്തേക്ക് ആരും ഒട്ടും ശേഷിപ്പിക്കരുത്” എന്നു മോശെ പറഞ്ഞു.
20എങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റേ ദിവസത്തേക്ക് കുറെ ശേഷിപ്പിച്ചു; അത് കൃമിച്ച് നാറി; മോശെ അവരോട് കോപിച്ചു.
21അവർ രാവിലെതോറും അവനവന് ഭക്ഷിക്കാവുന്നേടത്തോളം പെറുക്കും; വെയിൽ ഉറയ്ക്കുമ്പോൾ അത് ഉരുകിപ്പോകും. 22എന്നാൽ ആറാം ദിവസം അവർ ഒരാൾക്ക് രണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോൾ സംഘപ്രമാണികൾ എല്ലാവരും വന്ന് മോശെയോട് അറിയിച്ചു. 23അവൻ അവരോട്: “അത് യഹോവ കല്പിച്ചത് തന്നെ; നാളെ സ്വസ്ഥത ആകുന്നു; യഹോവയ്ക്ക് വിശുദ്ധമായ ശബ്ബത്ത്. ചുടുവാനുള്ളത് ചുടുവിൻ; പാകം ചെയ്യുവാനുള്ളത് പാകം ചെയ്യുവിൻ; ശേഷിക്കുന്നത് നാളത്തേക്ക് സൂക്ഷിച്ചുവയ്ക്കുവീൻ.”
24മോശെ കല്പിച്ചതുപോലെ അവർ അത് പിറ്റേ ദിവസത്തേക്ക് സൂക്ഷിച്ചു വച്ചു; അത് നാറിപ്പോയില്ല, കൃമിച്ചതുമില്ല. 25അപ്പോൾ മോശെ പറഞ്ഞത്: “ഇത് ഇന്ന് ഭക്ഷിക്കുവിൻ; ഇന്ന് യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്ന് അത് പാളയത്തിന് പുറത്ത് കാണുകയില്ല. 26ആറു ദിവസം നിങ്ങൾ അത് പെറുക്കണം; ശബ്ബത്തായ ഏഴാം ദിവസത്തിൽ അത് ഉണ്ടാവുകയില്ല.”
27എന്നാൽ ഏഴാം ദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയപ്പോൾ കണ്ടില്ല. 28അപ്പോൾ യഹോവ മോശെയോട്: “എന്‍റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിക്കുവാൻ നിങ്ങൾക്ക് എത്ര നാൾ മനസ്സില്ലാതെയിരിക്കും? 29നോക്കുവിൻ, യഹോവ നിങ്ങൾക്ക് ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ട് ആറാം ദിവസം അവൻ നിങ്ങൾക്ക് രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ അവരവരുടെ സ്ഥലത്ത് ഇരിക്കുവിൻ; ഏഴാം ദിവസം ആരും തന്‍റെ സ്ഥലത്തുനിന്ന് പുറപ്പെടരുത്” എന്നു കല്പിച്ചു. 30അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.
31യിസ്രായേല്യർ ആ സാധനത്തിന് ‘മന്നാ’ എന്നു പേരിട്ടു; അത് കൊത്തമല്ലിയുടെ അരിപോലെയും വെള്ളനിറമുള്ളതും തേൻകൂട്ടിയ ദോശയുടെ രുചിയുള്ളതും ആയിരുന്നു. 32പിന്നെ മോശെ: “യഹോവ ഇപ്രകാരം കല്പിക്കുന്നു: ഞാൻ നിങ്ങളെ മിസ്രയീമിൽ നിന്ന് കൊണ്ടുവരുമ്പോൾ നിങ്ങൾക്ക് മരുഭൂമിയിൽ ഭക്ഷിക്കുവാൻ തന്ന ആഹാരം നിങ്ങളുടെ തലമുറകൾ കാണേണ്ടതിന് സൂക്ഷിച്ചുവയ്ക്കുവാൻ അതിൽനിന്ന് ഒരിടങ്ങഴി നിറച്ചെടുക്കണം” എന്നു പറഞ്ഞു.
33അഹരോനോട് മോശെ: “ഒരു പാത്രം എടുത്ത് അതിൽ ഒരു ഇടങ്ങഴി മന്നാ#16:33 ഒരു ഇടങ്ങഴി മന്നാ 23 ലിറ്റര്‍ ഇട്ടു നിങ്ങളുടെ തലമുറകൾക്കുവേണ്ടി സൂക്ഷിക്കുവാൻ യഹോവയുടെ മുമ്പാകെ വച്ചുകൊള്ളുക” എന്നു പറഞ്ഞു.
34യഹോവ മോശെയോട് കല്പിച്ചതുപോലെ അഹരോൻ അത് സാക്ഷ്യസന്നിധിയിൽ#16:34 സാക്ഷ്യസന്നിധിയിൽ നിയമപെട്ടകം, പുറപ്പാട് 25:10-12 വരെ നോക്കുക സൂക്ഷിച്ചുവച്ചു. 35താമസയോഗ്യമായ ദേശത്ത് എത്തുന്നതുവരെ യിസ്രായേൽ മക്കൾ നാല്പത് വര്‍ഷം മന്നാ ഭക്ഷിച്ചു. കനാൻദേശത്തിന്‍റെ അതിരിൽ എത്തുന്നതുവരെ അവർ മന്നാ ഭക്ഷിച്ചു.
36ഒരു ഇടങ്ങഴി#16:36 ഒരു ഇടങ്ങഴി 23 ലിറ്റര്‍ പറയുടെ പത്തിൽ ഒന്ന് ആകുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പുറ. 16: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.