1 ദിന. 16:23-34

1 ദിന. 16:23-34 IRVMAL

സകലഭൂവാസികളുമേ, യഹോവയ്ക്കു പാടുവിൻ; ദിനംതോറും അവിടുത്തെ രക്ഷയെ പ്രസ്താവിപ്പിൻ. ജനതകളുടെ നടുവിൽ അവിടുത്തെ മഹത്വവും സർവ്വവംശങ്ങളുടെയും മദ്ധ്യേ അവിടുത്തെ അത്ഭുതങ്ങളും പ്രഘോഷിപ്പിൻ. യഹോവ വലിയവനും അത്യന്തം സ്തുത്യനും സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ. ജനതകളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; എന്നാൽ യഹോവ ആകാശത്തെ ചമെച്ചവൻ ആകുന്നു. മഹത്വവും തേജസ്സും അവിടുത്തെ സന്നിധിയിലും ബലവും ആനന്ദവും അവന്‍റെ വാസസ്ഥലത്തിലും ഉണ്ട്. ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ മഹത്വവും ശക്തിയും യഹോവയ്ക്ക് കൊടുക്കുവിൻ; യഹോവയ്ക്ക് അവിടുത്തെ നാമത്തിന്‍റെ മഹത്വം കൊടുക്കുവിൻ; കാഴ്ചയുമായി അവിടുത്തെ സന്നിധിയിൽ ചെല്ലുവിൻ; വിശുദ്ധഅലങ്കാരം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ. സർവ്വഭൂമിയേ, അവിടുത്തെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു. സ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു അവർ ജനതകളുടെ മദ്ധ്യേ ഘോഷിക്കട്ടെ. സമുദ്രവും അതിന്‍റെ പൂർണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ. അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും; അവൻ ഭൂമിയെ വിധിക്കുവാൻ വരുന്നുവല്ലോ. യഹോവക്കു സ്തോത്രം ചെയ്യുവീൻ; അവൻ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളതു.