റോമർ 2:1-16

റോമർ 2:1-16 MALOVBSI

അതുകൊണ്ട് വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാൻ ഇല്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതുതന്നെ പ്രവർത്തിക്കുന്നുവല്ലോ. എന്നാൽ ആ വക പ്രവർത്തിക്കുന്നവരുടെ നേരേ ദൈവത്തിന്റെ വിധി സത്യാനുസരണയായിരിക്കുന്നു എന്നു നാം അറിയുന്നു. ആ വക പ്രവർത്തിക്കുന്നവരെ വിധിക്കയും അതുതന്നെ പ്രവർത്തിക്കയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്റെ വിധിയിൽനിന്നു തെറ്റി ഒഴിയും എന്നു നിനയ്ക്കുന്നുവോ? അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്ന് അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ? എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കുതന്നെ കോപം ചരതിച്ചുവയ്ക്കുന്നു. അവൻ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും. നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതപൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു നിത്യജീവനും ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും. തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിനും കഷ്ടവും സങ്കടവും ആദ്യം യെഹൂദനും പിന്നെ യവനനും വരും. നന്മ പ്രവർത്തിക്കുന്ന ഏവനും മഹത്ത്വവും മാനവും സമാധാനവും ആദ്യം യെഹൂദനും പിന്നെ യവനനും ലഭിക്കും. ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ. ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവരൊക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവരൊക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും. ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതീകരിക്കപ്പെടുന്നത്. ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ട് അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽതന്നെ.

റോമർ 2:1-16 - നുള്ള വീഡിയോ