റോമർ 2:1-16

റോമർ 2:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതുകൊണ്ട് വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാൻ ഇല്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതുതന്നെ പ്രവർത്തിക്കുന്നുവല്ലോ. എന്നാൽ ആ വക പ്രവർത്തിക്കുന്നവരുടെ നേരേ ദൈവത്തിന്റെ വിധി സത്യാനുസരണയായിരിക്കുന്നു എന്നു നാം അറിയുന്നു. ആ വക പ്രവർത്തിക്കുന്നവരെ വിധിക്കയും അതുതന്നെ പ്രവർത്തിക്കയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്റെ വിധിയിൽനിന്നു തെറ്റി ഒഴിയും എന്നു നിനയ്ക്കുന്നുവോ? അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്ന് അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ? എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കുതന്നെ കോപം ചരതിച്ചുവയ്ക്കുന്നു. അവൻ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും. നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതപൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു നിത്യജീവനും ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും. തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിനും കഷ്ടവും സങ്കടവും ആദ്യം യെഹൂദനും പിന്നെ യവനനും വരും. നന്മ പ്രവർത്തിക്കുന്ന ഏവനും മഹത്ത്വവും മാനവും സമാധാനവും ആദ്യം യെഹൂദനും പിന്നെ യവനനും ലഭിക്കും. ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ. ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവരൊക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവരൊക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും. ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതീകരിക്കപ്പെടുന്നത്. ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ട് അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽതന്നെ.

പങ്ക് വെക്കു
റോമർ 2 വായിക്കുക

റോമർ 2:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഹേ മനുഷ്യാ, അപരനെ കുറ്റം വിധിക്കുന്ന നീ ആരുതന്നെ ആയാലും നിന്നെക്കുറിച്ചുള്ള വിധിയിൽനിന്ന് നീ എങ്ങനെ ഒഴിഞ്ഞുമാറും? അന്യനെ വിധിക്കുന്ന നീ അതേ പ്രവൃത്തിതന്നെ ചെയ്യുമ്പോൾ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു. ഇതുപോലെയുള്ള പ്രവൃത്തികൾ ചെയ്യുന്നവരുടെ മേലുള്ള ദൈവത്തിന്റെ വിധി ന്യായാനുസൃതമായിരിക്കുമെന്നു നമുക്കറിയാമല്ലോ. മറ്റുള്ളവരെ കുറ്റം വിധിക്കുകയും അതേ കുറ്റങ്ങൾതന്നെ ചെയ്യുകയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്റെ ന്യായവിധിയിൽനിന്ന് ഒഴിഞ്ഞുമാറാമെന്നു വിചാരിക്കുന്നുവോ? അതോ, ദൈവത്തിന്റെ ദയ അനുതാപത്തിലേക്കു നയിക്കുന്നു എന്നുള്ളതു മനസ്സിലാക്കാതെ, അവിടുത്തെ മഹാദയയും സഹിഷ്ണുതയും നിരന്തരക്ഷമയും നീ തിരസ്കരിക്കുന്നുവോ? എന്നാൽ അനുതാപത്തിനു വഴങ്ങാൻ കൂട്ടാക്കാത്ത നീ നിന്റെ ഹൃദയകാഠിന്യം മൂലം, ദൈവകോപം ജ്വലിക്കുകയും നീതിപൂർവകമായ വിധിയുണ്ടാകുകയും ചെയ്യുന്ന ദിവസത്തേക്കു നിനക്കുവേണ്ടിത്തന്നെ നീ ശിക്ഷ കൂട്ടിവയ്‍ക്കുകയാണു ചെയ്യുന്നത്. ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തിക്കൊത്തവണ്ണമുള്ള പ്രതിഫലമാണല്ലോ ദൈവം നല്‌കുന്നത്. ഇടവിടാതെ സൽക്കർമങ്ങൾ നിഷ്ഠയോടുകൂടി ചെയ്ത്, ശ്രേയസ്സും ബഹുമാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക്, ദൈവം അനശ്വരജീവൻ നല്‌കും; സത്യത്തെ ആദരിക്കാതെ, അധർമത്തെ പിന്തുടരുന്ന സ്വാർഥപ്രിയരുടെമേൽ കോപവും ഉഗ്രരോഷവും ചൊരിയും. ദുഷ്ടത പ്രവർത്തിക്കുന്ന ഏതൊരു മനുഷ്യനും- ആദ്യം യെഹൂദനും പിന്നീടു വിജാതീയനും- കൊടിയ ദുരിതവും ക്ലേശവും ഉണ്ടാകും. എന്നാൽ നന്മ പ്രവർത്തിക്കുന്ന ഏതൊരുവനും-ആദ്യം യെഹൂദനും പിന്നീടു വിജാതീയനും -കീർത്തിയും ബഹുമാനവും സമാധാനവും ഉണ്ടാകും. ദൈവത്തിനു പക്ഷപാതമില്ലല്ലോ. യെഹൂദമതനിയമം അറിയാതെ പാപം ചെയ്തവർ, നിയമം കൂടാതെ നശിക്കും. നിയമത്തിനു വിധേയരായിരിക്കെ പാപം ചെയ്തവർ നിയമപ്രകാരം വിധിക്കപ്പെടും. നിയമസംഹിത ശ്രവിക്കുന്നതുകൊണ്ടു മാത്രം ഒരുവൻ ദൈവസമക്ഷം കുറ്റമില്ലാത്തവനായി അംഗീകരിക്കപ്പെടുകയില്ല; പ്രത്യുത, അത് അനുസരിക്കുന്നവരെ മാത്രമേ കുറ്റമില്ലാത്തവരായി ദൈവം അംഗീകരിക്കുകയുള്ളൂ. നിയമസംഹിത ലഭിച്ചിട്ടില്ലാത്ത വിജാതീയർ അത് അനുശാസിക്കുന്ന കാര്യങ്ങൾ സഹജമായ പ്രേരണമൂലം ചെയ്യുമ്പോൾ അവർ തങ്ങൾക്കുതന്നെ ഒരു ധാർമികനിയമമായി പരിണമിക്കുന്നു. നിയമം അനുശാസിക്കുന്ന കാര്യങ്ങൾ തങ്ങളുടെ ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെന്നു, പ്രവൃത്തികൾമൂലം അവർ തെളിയിക്കുന്നു. ഇത് വാസ്തവമാണെന്ന് അവരുടെ മനസ്സാക്ഷിയും സാക്ഷ്യം വഹിക്കുന്നു. എന്തെന്നാൽ അവരുടെ വിചാരങ്ങളിൽ ചിലത് അവരുടെമേൽ കുറ്റം ആരോപിക്കുകയും മറ്റുചിലത് അവരെ ന്യായീകരിക്കുകയും ചെയ്യുന്നു. ഞാൻ പ്രസംഗിക്കുന്ന സുവിശേഷപ്രകാരം ദൈവം യേശുക്രിസ്തുവിൽകൂടി എല്ലാ മനുഷ്യരുടെയും രഹസ്യവിചാരങ്ങളെ വിധിക്കുന്ന ആ ദിവസം അതും വെളിപ്പെടും.

പങ്ക് വെക്കു
റോമർ 2 വായിക്കുക

റോമർ 2:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതുകൊണ്ട് വിധിക്കുന്ന ഏത് മനുഷ്യനുമായുള്ളോവേ, നിനക്കു ഒഴിവുകഴിവില്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; കാരണം വിധിക്കുന്ന നീ അതുതന്നെ പ്രവർത്തിക്കുന്നു. എന്നാൽ ആ വക പ്രവർത്തിക്കുന്നവരുടെ നേരെ ദൈവത്തിന്‍റെ വിധി സത്യാനുസരണമായിരിക്കുന്നു എന്നു നാം അറിയുന്നു. ആ വക പ്രവർത്തിക്കുന്നവരെ വിധിക്കുകയും എന്നാൽ, അതുതന്നെ പ്രവർത്തിക്കയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്‍റെ വിധിയിൽനിന്നു തെറ്റി ഒഴിയും എന്നുചിന്തിക്കുന്നുവോ? അല്ല, ദൈവത്തിന്‍റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്‍റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവ നിസ്സാരമാക്കി ചിന്തിക്കുന്നുവോ? എന്നാൽ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്ക് നിനക്കുതന്നെ കോപം സംഭരിച്ചുവെക്കുന്നു. അവൻ ഓരോരുത്തന് അവനവന്‍റെ പ്രവൃത്തിക്കു തക്ക അളവിൽ പകരം കൊടുക്കും. നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതയോടെ തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്ക് നിത്യജീവനും, സ്വാർത്ഥരായി സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്ക് കോപവും ക്രോധവും കൊടുക്കും. തിന്മ പ്രവർത്തിക്കുന്ന ഏത് മനുഷ്യാത്മാവിനും ദുരിതവും തീവ്രദുഃഖവും ആദ്യം യെഹൂദനും പിന്നെ യവനനും വരും. എന്നാൽ നല്ലത് പ്രവർത്തിക്കുന്ന ഏവനും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദനും പിന്നെ യവനനും ലഭിക്കും. ദൈവത്തിന്‍റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ. ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും. ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതീകരിക്കപ്പെടുന്നത്. ന്യായപ്രമാണമില്ലാത്ത ജനതകൾ ന്യായപ്രമാണത്തിലുള്ള കാര്യങ്ങൾ സ്വാഭാവികമായി ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നെ ഒരു ന്യായപ്രമാണം ആകുന്നു. ഇതിനാൽ, അവരുടെ മനസ്സാക്ഷി അവരോടുകൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിയ്ക്കുകയോ ചെയ്തുംകൊണ്ട് അവർ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്‍റെ സുവിശേഷപ്രകാരം ന്യായംവിധിക്കുന്ന നാളിൽ തന്നെ.

പങ്ക് വെക്കു
റോമർ 2 വായിക്കുക

റോമർ 2:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാൻ ഇല്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവർത്തിക്കുന്നുവല്ലോ. എന്നാൽ ആവക പ്രവർത്തിക്കുന്നവരുടെ നേരെ ദൈവത്തിന്റെ വിധി സത്യാനുസരണയായിരിക്കുന്നു എന്നു നാം അറിയുന്നു. ആവക പ്രവർത്തിക്കുന്നവരെ വിധിക്കയും അതു തന്നേ പ്രവർത്തിക്കയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്റെ വിധിയിൽനിന്നു തെറ്റി ഒഴിയും എന്നു നിനെക്കുന്നുവോ? അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ? എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു. അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും. നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും. തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും. നന്മ പ്രവർത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും. ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ. ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും. ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു. ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.

പങ്ക് വെക്കു
റോമർ 2 വായിക്കുക

റോമർ 2:1-16 സമകാലിക മലയാളവിവർത്തനം (MCV)

ആകയാൽ ശിക്ഷവിധിക്കുന്ന മനുഷ്യാ, നീ ആരുമായിക്കൊള്ളട്ടെ, നിനക്ക് ഒരു ന്യായീകരണവും പറയാനില്ല. മറ്റുള്ളവരെ ശിക്ഷവിധിക്കുന്നതിലൂടെ നീ നിന്നെത്തന്നെയാണ് ശിക്ഷവിധിക്കുന്നത്. കാരണം, ഏതു കാര്യത്തിനു മറ്റൊരാളെ ശിക്ഷവിധിക്കുന്നോ അതേകാര്യം നീയും പ്രവർത്തിക്കുന്നുണ്ടല്ലോ. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരേ ദൈവം സത്യം ആധാരമാക്കി ശിക്ഷവിധിക്കുമെന്ന് നമുക്കറിയാം. അതുകൊണ്ട് ഹേ മനുഷ്യാ, അത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ ശിക്ഷവിധിച്ചിട്ട് അതേ പ്രവൃത്തിതന്നെ ചെയ്യുന്ന നിനക്കു ദൈവത്തിന്റെ ശിക്ഷാവിധിയിൽനിന്ന് രക്ഷപ്പെടാൻ സാധിക്കും എന്നു നീ വിചാരിക്കുന്നുണ്ടോ? ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നയിക്കുന്നതിനാണെന്ന് തിരിച്ചറിയാതെ നീ അവിടത്തെ സമൃദ്ധമായ ദയയും സഹിഷ്ണുതയും ദീർഘക്ഷമയും നിസ്സാരമായി കരുതുകയാണോ? എന്നാൽ, ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന ക്രോധദിവസത്തേക്കു, നിന്റെ ശാഠ്യവും അനുതാപമില്ലാത്ത ഹൃദയവും നിമിത്തം നിനക്കുതന്നെ ദൈവക്രോധം ശേഖരിച്ചുവെക്കുകയാണ്. ദൈവം “ഓരോ വ്യക്തിക്കും അവനവന്റെ പ്രവൃത്തിക്കനുസരിച്ചു പകരംചെയ്യും.” നിരന്തരം നന്മപ്രവൃത്തികൾ ചെയ്തുകൊണ്ടു മഹത്ത്വവും മാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക് അവിടന്നു നിത്യജീവൻ നൽകും. എന്നാൽ, സത്യം അനുസരിക്കാതെ സ്വാർഥചിന്തയോടുകൂടി ദുഷ്ടതയെ അനുസരിക്കുന്നവരുടെമേൽ കോപവും ക്രോധവും വർഷിക്കും. തിന്മചെയ്യുന്ന ഏതു മനുഷ്യജീവിക്കും ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും പീഡയും സങ്കടവും ഉണ്ടാകും. എന്നാൽ, നന്മ പ്രവർത്തിക്കുന്നവർക്കെല്ലാം, ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും മഹത്ത്വവും ബഹുമാനവും സമാധാനവും ലഭിക്കും; കാരണം, ദൈവം പക്ഷഭേദം ഇല്ലാത്തവനാണ്. ന്യായപ്രമാണം ലഭിക്കാതെ പാപംചെയ്ത യെഹൂദേതരരെല്ലാം ന്യായപ്രമാണംകൂടാതെതന്നെ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ടും പാപംചെയ്ത യെഹൂദരെല്ലാം ന്യായപ്രമാണത്താൽ ശിക്ഷവിധിക്കപ്പെടും. ന്യായപ്രമാണം വെറുതേ കേൾക്കുന്നവരല്ല, ദൈവസന്നിധിയിൽ നീതിനിഷ്ഠർ; ന്യായപ്രമാണം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്. ന്യായപ്രമാണം ഇല്ലാത്ത യെഹൂദേതരർ അവ കേൾക്കാതെ സ്വാഭാവികമായിത്തന്നെ ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നു. ഇങ്ങനെ അവർ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണമായിത്തീരുന്നു. അവരുടെ ചിന്തകൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്തും അവരുടെ മനസ്സാക്ഷികൂടെ അതിനു സാക്ഷ്യംവഹിച്ചും ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അവരുടെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കുന്നതായി കാണിക്കുന്നു. ഞാൻ പ്രസംഗിക്കുന്ന സുവിശേഷം അനുസരിച്ച് ഒരു ദിവസം ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യരുടെ രഹസ്യങ്ങളെ ന്യായംവിധിക്കും.

പങ്ക് വെക്കു
റോമർ 2 വായിക്കുക