സങ്കീർത്തനങ്ങൾ 79:1-9

സങ്കീർത്തനങ്ങൾ 79:1-9 MALOVBSI

ദൈവമേ, ജാതികൾ നിന്റെ അവകാശത്തിലേക്ക് കടന്നിരിക്കുന്നു; അവർ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കൽക്കുന്നുകളാക്കുകയും ചെയ്തിരിക്കുന്നു. അവർ നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഇരയായി കൊടുത്തിരിക്കുന്നു. അവരുടെ രക്തത്തെ വെള്ളംപോലെ അവർ യെരൂശലേമിനു ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നതുമില്ല. ഞങ്ങൾ ഞങ്ങളുടെ അയൽക്കാർക്ക് അപമാനവും ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആയിത്തീർന്നിരിക്കുന്നു. യഹോവേ, നീ നിത്യം കോപിക്കുന്നതും നിന്റെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? നിന്നെ അറിയാത്ത ജാതികളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും നിന്റെ ക്രോധത്തെ പകരേണമേ. അവർ യാക്കോബിനെ വിഴുങ്ങിക്കളകയും അവന്റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ. ഞങ്ങളുടെ പൂർവന്മാരുടെ അകൃത്യങ്ങളെ ഞങ്ങൾക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ച്, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.