സങ്കീർത്തനങ്ങൾ 79:1-9
സങ്കീർത്തനങ്ങൾ 79:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവമേ, ജാതികൾ നിന്റെ അവകാശത്തിലേക്ക് കടന്നിരിക്കുന്നു; അവർ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കൽക്കുന്നുകളാക്കുകയും ചെയ്തിരിക്കുന്നു. അവർ നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഇരയായി കൊടുത്തിരിക്കുന്നു. അവരുടെ രക്തത്തെ വെള്ളംപോലെ അവർ യെരൂശലേമിനു ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നതുമില്ല. ഞങ്ങൾ ഞങ്ങളുടെ അയൽക്കാർക്ക് അപമാനവും ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആയിത്തീർന്നിരിക്കുന്നു. യഹോവേ, നീ നിത്യം കോപിക്കുന്നതും നിന്റെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? നിന്നെ അറിയാത്ത ജാതികളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും നിന്റെ ക്രോധത്തെ പകരേണമേ. അവർ യാക്കോബിനെ വിഴുങ്ങിക്കളകയും അവന്റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ. ഞങ്ങളുടെ പൂർവന്മാരുടെ അകൃത്യങ്ങളെ ഞങ്ങൾക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ച്, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.
സങ്കീർത്തനങ്ങൾ 79:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, അന്യജനതകൾ അവിടുത്തെ അവകാശഭൂമി കൈക്കലാക്കി; അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ പാഴ്കൂമ്പാരമാക്കുകയും ചെയ്തിരിക്കുന്നു. അവർ അവിടുത്തെ ദാസന്മാരുടെ മൃതശരീരം പക്ഷികൾക്കും, അവിടുത്തെ ഭക്തന്മാരുടെ മാംസം വന്യമൃഗങ്ങൾക്കും ഇരയായി കൊടുത്തു. അവർ അവിടുത്തെ ജനത്തിന്റെ രക്തം യെരൂശലേമിലെങ്ങും വെള്ളംപോലെ ഒഴുക്കി. അവരുടെ മൃതശരീരങ്ങൾ സംസ്കരിക്കാൻ ആരും ഉണ്ടായില്ല. ഞങ്ങൾ അയൽരാജ്യങ്ങളുടെ അധിക്ഷേപത്തിനും ചുറ്റുമുള്ളവരുടെ അവജ്ഞയ്‍ക്കും പരിഹാസത്തിനും പാത്രമായി തീർന്നിരിക്കുന്നു. സർവേശ്വരാ, ഇത് എത്ര കാലത്തേക്ക്? അവിടുന്നു ഞങ്ങളോട് എന്നേക്കും കോപിച്ചിരിക്കുമോ? അവിടുത്തെ കോപം എന്നും അഗ്നിപോലെ ജ്വലിച്ചുകൊണ്ടിരിക്കുമോ? അങ്ങയെ ആരാധിക്കാത്ത അന്യജനതകളുടെമേലും അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതകളുടെമേലും അവിടുത്തെ ക്രോധം ചൊരിയണമേ. അവർ യാക്കോബിന്റെ സന്തതികളെ സംഹരിക്കുകയും അവരുടെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തു. ഞങ്ങളുടെ പൂർവികരുടെ അകൃത്യങ്ങൾക്ക് ഞങ്ങളെ ശിക്ഷിക്കരുതേ. അവിടുത്തെ കാരുണ്യം ഇപ്പോൾ ഞങ്ങളുടെമേൽ ചൊരിയണമേ. ഞങ്ങൾ ആകെ തകർന്നിരിക്കുന്നു. ഞങ്ങളുടെ രക്ഷകനായ ദൈവമേ, സഹായിച്ചാലും; അവിടുത്തെ നാമമഹത്ത്വത്തിനു വേണ്ടി ഞങ്ങളെ വിടുവിക്കണമേ, തിരുനാമത്തെപ്രതി ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
സങ്കീർത്തനങ്ങൾ 79:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവമേ, ജനതകൾ അങ്ങേയുടെ അവകാശത്തിലേക്ക് കടന്നിരിക്കുന്നു; അവർ അങ്ങേയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കൽകുന്നുകളാക്കുകയും ചെയ്തിരിക്കുന്നു. അവർ അങ്ങേയുടെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും അങ്ങേയുടെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഭക്ഷണമായി കൊടുത്തിരിക്കുന്നു. അവരുടെ രക്തം വെള്ളംപോലെ അവർ യെരൂശലേമിന് ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നില്ല. ഞങ്ങൾ ഞങ്ങളുടെ അയല്ക്കാർക്ക് അപമാനവും ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു. യഹോവേ, അവിടുന്ന് സദാ കോപിക്കുന്നതും അങ്ങേയുടെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? അങ്ങയെ അറിയാത്ത ജനതകളുടെമേലും അങ്ങേയുടെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും അവിടുത്തെ ക്രോധം പകരേണമേ. അവർ യാക്കോബിനെ വിഴുങ്ങിക്കളയുകയും അവന്‍റെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തുവല്ലോ. ഞങ്ങളുടെ പൂർവ്വികരുടെ അകൃത്യങ്ങൾ ഞങ്ങളോട് കണക്കിടരുതേ; അങ്ങേയുടെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ രക്ഷയായ ദൈവമേ, അങ്ങേയുടെ നാമമഹത്വത്തിനായി ഞങ്ങളെ സഹായിക്കേണമേ; അങ്ങേയുടെ നാമംനിമിത്തം ഞങ്ങളെ രക്ഷിച്ച്, ഞങ്ങളുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യേണമേ.
സങ്കീർത്തനങ്ങൾ 79:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവമേ, ജാതികൾ നിന്റെ അവകാശത്തിലേക്കു കടന്നിരിക്കുന്നു; അവർ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കൽകുന്നുകളാക്കുകയും ചെയ്തിരിക്കുന്നു. അവർ നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഇരയായി കൊടുത്തിരിക്കുന്നു. അവരുടെ രക്തത്തെ വെള്ളംപോലെ അവർ യെരൂശലേമിന്നു ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നതുമില്ല. ഞങ്ങൾ ഞങ്ങളുടെ അയല്ക്കാർക്കു അപമാനവും ചുറ്റുമുള്ളവർക്കു നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു. യഹോവേ, നീ നിത്യം കോപിക്കുന്നതും നിന്റെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? നിന്നെ അറിയാത്ത ജാതികളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും നിന്റെ ക്രോധത്തെ പകരേണമേ. അവർ യാക്കോബിനെ വിഴുങ്ങിക്കളകയും അവന്റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ. ഞങ്ങളുടെ പൂർവ്വന്മാരുടെ അകൃത്യങ്ങളെ ഞങ്ങൾക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്വത്തിന്നായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ചു, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.
സങ്കീർത്തനങ്ങൾ 79:1-9 സമകാലിക മലയാളവിവർത്തനം (MCV)
ദൈവമേ, ഇതര ജനതകൾ അവിടത്തെ ഓഹരി പിടിച്ചടക്കിയിരിക്കുന്നു; അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കിയിരിക്കുന്നു ജെറുശലേമിനെ അവർ ഒരു കൽക്കൂമ്പാരമായി മാറ്റിയിരിക്കുന്നു. അങ്ങയുടെ സേവകരുടെ ശവശരീരങ്ങൾ ആകാശത്തിലെ പക്ഷികൾക്ക് ഇരയായി നൽകിയിരിക്കുന്നു, അവിടത്തെ വിശുദ്ധജനത്തിന്റെ മാംസം ഭൂമിയിലെ വന്യമൃഗങ്ങൾക്കും. ജെറുശലേമിനുചുറ്റും അവർ വെള്ളംപോലെ രക്തപ്പുഴ ഒഴുക്കി, മരിച്ചവരെ സംസ്കരിക്കാൻ ആരും അവശേഷിക്കുന്നില്ല. ഞങ്ങളുടെ അയൽവാസികൾക്ക് ഞങ്ങൾ അധിക്ഷേപത്തിന്റെ ഇരയായി, ചുറ്റുപാടുമുള്ളവർക്ക് ഞങ്ങൾ അവജ്ഞയും അപഹാസവും ആയിരിക്കുന്നു. ഇനിയും എത്രനാൾ, യഹോവേ? അങ്ങ് എന്നേക്കും ക്രോധാകുലനായിരിക്കുമോ? അങ്ങയുടെ അസഹിഷ്ണുത അഗ്നിപോലെ ഞങ്ങൾക്കെതിരായി എത്രകാലം ജ്വലിക്കും? അവിടത്തെ അംഗീകരിക്കാത്ത ജനതകളുടെമേലും അവിടത്തെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും അവിടത്തെ ക്രോധം ചൊരിയണമേ; കാരണം അവർ യാക്കോബിനെ വിഴുങ്ങുകയും അവന്റെ സ്വദേശത്തെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ പൂർവികരുടെ പാപം ഞങ്ങൾക്കെതിരേ കണക്കാക്കരുതേ; അവിടത്തെ കരുണ അതിവേഗം ഞങ്ങളെ സന്ദർശിക്കണമേ, ഞങ്ങൾ അതിതീക്ഷ്ണമായ ആവശ്യത്തിൽ ആയിരിക്കുന്നു. ഞങ്ങളുടെ രക്ഷയായ ദൈവമേ, അവിടത്തെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കണമേ; അവിടത്തെ നാമംനിമിത്തം ഞങ്ങളെ വിടുവിക്കുകയും ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യണമേ.