സദൃശവാക്യങ്ങൾ 6:1-19

സദൃശവാക്യങ്ങൾ 6:1-19 MALOVBSI

മകനേ, കൂട്ടുകാരനുവേണ്ടി നീ ജാമ്യം നില്ക്കയോ അന്യനുവേണ്ടി കൈയടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ, നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാൽ പിടിപെട്ടിരിക്കുന്നു. ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നെ വിടുവിക്ക; കൂട്ടുകാരന്റെ കൈയിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക. നിന്റെ കണ്ണിന് ഉറക്കവും നിന്റെ കണ്ണിമയ്ക്കു നിദ്രയും കൊടുക്കരുത്. മാൻ നായാട്ടുകാരന്റെ കൈയിൽനിന്നും പക്ഷി വേട്ടക്കാരന്റെ കൈയിൽനിന്നും എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്ക, മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്ക. അതിനു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും വേനൽക്കാലത്ത് തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്ത് തന്റെ തീൻ ശേഖരിക്കുന്നു. മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽനിന്ന് എഴുന്നേല്ക്കും? കുറെക്കൂടെ ഉറക്കം; കുറെക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടി കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും. നിസ്സാരനും ദുഷ്കർമിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു. അവൻ കണ്ണിമയ്ക്കുന്നു; കാൽകൊണ്ടു പരണ്ടുന്നു; വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു. അവന്റെ ഹൃദയത്തിൽ വക്രതയുണ്ട്; അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു. അതുകൊണ്ട് അവന്റെ ആപത്തു പെട്ടെന്നു വരും; ക്ഷണത്തിൽ അവൻ തകർന്നുപോകും; പ്രതിശാന്തി ഉണ്ടാകയുമില്ല. ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന് അറപ്പാകുന്നു: ഗർവമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും ഭോഷ്കു പറയുന്ന കള്ളസ്സാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ.